ആധുനികകാലത്ത് ഏറ്റവും വിലപിടിപ്പുള്ളതാണ് വ്യക്തിഗതഡാറ്റകൾ. സർക്കാർ ശേഖരിക്കുന്ന ഡാറ്റകൾ വരെ സ്വകാര്യ കമ്പനികൾക്ക് ചോർത്തി നല്‌കിയതായി ആരോപണങ്ങൾ ഉയർന്ന സ്ഥിതിക്ക് പാർലമെന്റിൽ അവതരിപ്പിച്ച ഡാറ്റ സംരക്ഷണബിൽ ഈ മേഖലയിലെ വലിയ ചുവടുവയ്‌പായി കരുതാം. ഈ ബിൽപ്രകാരം ഇനിമുതൽ വ്യക്തികൾക്ക് സ്വന്തം ഡാറ്റയിൽ മാറ്റം വരുത്തി അപ്ഡേറ്റ് ചെയ്യാനും വേണ്ടെങ്കിൽ നീക്കം ചെയ്യാനും അധികാരമുണ്ടായിരിക്കും. ഒരു പ്രത്യേക ആവശ്യത്തിനായി ശേഖരിക്കുന്ന ഡാറ്റ മറ്റൊരു കാര്യത്തിന് ഉപയോഗിക്കാൻ പാടില്ലെന്നും നിശ്ചിത കാലാവധി കഴിഞ്ഞ് ഡാറ്റകൾ നശിപ്പിക്കേണ്ടതാണെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് ഡിജിറ്റൽ അവകാശങ്ങൾ ശക്തിയാർജ്ജിക്കാൻ ഇടയാക്കും.
പല ആവശ്യങ്ങൾക്കായി നല്‌കുന്ന വിവരങ്ങൾ തന്റെ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് ചോദ്യം ചെയ്യാൻ പൗരന് അവകാശം നല്‌കുന്നതാണ് ഡാറ്റാ സംരക്ഷണബിൽ. ഇതേ ലക്ഷ്യത്തോടെയുള്ള ബില്ലുകൾ മൂന്ന് തവണ റദ്ദാക്കിയതിനാൽ പുതിയത് പാർലമെന്റ് സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം ശബ്ദവോട്ടോടെ തള്ളിയാണ് സഭയിൽ അവതരണാനുമതി നേടിയത്. രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാത്ത മണി ബിൽ ആയാണ് ഡാറ്റ സംരക്ഷണബിൽ കൊണ്ടുവന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായി ഇത് മണി ബിൽ അല്ലെന്ന് ഐ.ടി മന്ത്രി അശ്വനി വൈഷ്‌ണവ് വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അനുവദിക്കുന്നതാണ് ബിൽ എന്ന പ്രതിപക്ഷ ആരോപണം തള്ളിയ മന്ത്രി മറിച്ച് ഇത് പൗരന്റെ ഡാറ്റകൾ സംരക്ഷിക്കുന്നതാണെന്ന് വിശദീകരിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചതിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഡാറ്റ സംരക്ഷണബിൽ വരുന്നത്. ഡാറ്റകളുടെ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ബില്ലിലെ വ്യവസ്ഥകൾ പ്രധാന ഉൗന്നൽ നല്‌കുന്നത്. അനധികൃത ഉപയോഗം, വിവരങ്ങൾ വെളിപ്പെടുത്തൽ, ഉപയോഗം പങ്കിടൽ, ഏറ്റെടുക്കൽ എന്നിവ അടക്കമുള്ള വിവരലംഘനം ഇക്കാര്യങ്ങൾ ഡാറ്റ പ്രൊട്ടക്‌ഷൻ ബോർഡിന് റിപ്പോർട്ട് ചെയ്യുന്നതിൽ വരുത്തുന്ന വീഴ്ച തുടങ്ങിയവയ്ക്ക് 200 കോടി പിഴ ചുമത്താനും ബില്ലിൽ വ്യവസ്ഥചെയ്യുന്നു. സുരക്ഷാ പരിരക്ഷകൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ വിവരങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ള ഏജൻസിയായ ഡാറ്റാ ഫിഡ്യൂഷ്യറിക്ക് 250 കോടി വരെ പിഴ ചുമത്താനുമാകും. ഇത്രയും പിഴ നല്‌കേണ്ടിവരുമെന്ന വ്യവസ്ഥ ഡാറ്റ ദുരുപയോഗം ചെയ്യാൻ തുനിയുന്നവർക്ക് ഒരു വലിയ മുന്നറിയിപ്പാണ്.
സബ്‌സിഡി, സർക്കാർ സേവനങ്ങൾ എന്നിവയ്ക്കായി ശേഖരിച്ച വിവരങ്ങൾ മറ്റ് പദ്ധതികൾക്കായി ഉപയോഗിക്കാൻ സർക്കാരിന് അവകാശം നല്‌കിയിട്ടുണ്ട്. അതേസമയം ദേശീയസുരക്ഷ മുൻനിറുത്തി സംശയത്തിന്റെ നിഴലിലുള്ളവരുടെ ഡാറ്റകൾ ശേഖരിക്കാൻ സർക്കാരിന് അവകാശമുണ്ടായിരിക്കും. ഭീകരപ്രവർത്തനങ്ങളും മറ്റും തടയുന്നതിന് അത് ആവശ്യമാണ്. അതിനെ പൗരന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനാവില്ല. എല്ലാ വികസിത രാജ്യങ്ങളിലും ഇത്തരം നിയമങ്ങൾ നിലവിലുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |