പരിയാരം: ചന്ദനവേട്ടക്കിടയിൽ നാടൻ തോക്ക് കണ്ടെത്തി. പാണപ്പുഴയിൽ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.രതീശനും സംഘവും റെയ്ഡ് നടത്തിയത്. ഇവിടെ സർക്കാർ ഭൂമിയിൽ നിന്നും സ്വകാര്യ ഭൂമിയിൽ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് അധികൃതർ റെയിഡിനെത്തിയത്.
പരിശോധനയിൽ നാടൻ തോക്കും മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച ചന്ദനമര ഉരുപ്പടികളും പിടികൂടി. പാണപ്പുഴ ആലിന്റെപാറയിലെ ഒരു ഷെഡിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഈ ഭാഗത്ത് അനധികൃതമായി ചന്ദനമരം മുറിച്ചു കടത്തുന്ന സംഘമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മൂന്ന് ചാക്കുകളിൽ പച്ചകറിയുടെ കൂടെയാണ് ചന്ദന മരത്തടി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും തോക്കും, മരം മുറിക്കാൻ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. പിടികൂടിയ തോക്ക് അഴിച്ചു കഷണങ്ങളാക്കിയ നിലയിലായിരുന്നു. ഇത് വനംവകുപ്പ് അധികൃതർ പരിയാരം പൊലീസിന് കൈമാറി. കടന്നപ്പള്ളിപാണപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നായാട്ടുസംഘങ്ങൾ കാട്ടുപന്നിവേട്ട നടത്തുന്നത് സംബന്ധിച്ചും വനംവകുപ്പ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചന്ദനവും തോക്കും പിടിച്ചെടുത്തത്. ഷെഡ് ഉടമയേയും അത് വാടകക്ക് എടുത്തയാളെയും ചോദ്യം ചെയ്യുമെന്ന് റെയിഞ്ച് ഓഫീസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |