തൃശൂർ : വടക്കേക്കാട് പഞ്ചായത്തിലുള്ള പെരുംതോട്ടിൽ കൈയേറ്റമുണ്ടോയെന്ന് കണ്ടെത്താനായി റവന്യൂ വകുപ്പിന്റെ സഹായത്തോടെ സ്വീകരിച്ച നടപടി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാനായി സ്വീകരിച്ച നടപടികളും എത്രയും വേഗം അറിയിക്കണമെന്ന് കമ്മിഷൻ അംഗം അംഗം വി.കെ ബീനാകുമാരി വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. തോട് കൈയേറി നിർമ്മാണ പ്രവർത്തനം നടക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വടക്കേക്കാട് പഞ്ചായത്ത് സെക്രട്ടറി 2022 നവംബർ 18ന് കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ തോട്ടിലെ കൈയേറ്റം കണ്ടെത്താൻ റവന്യൂ വകുപ്പിന്റെ സഹായത്തോടെ നടപടി സ്വീകരിക്കുമെന്ന് പറയുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് ആവശ്യപ്പെട്ടത്. വടക്കേക്കാട് കൂളിയാട്ടുപാലം നാലാംകല്ല് ഭാഗത്ത് നിന്നും ആരംഭിച്ച് വൈലത്തൂർ കുട്ടാടൻ പാടത്ത് ചെന്നുചേരുന്ന മൂന്ന് കിലോമീറ്റർ നീളമുള്ള തോടാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |