മാലിന്യ പ്ളാന്റിന് സമീപമുള്ളവർക്ക് ക്ഷേമപദ്ധതിയും നികുതി ഇളവും
തിരുവനന്തപുരം: വീട്ടിലെ ഉച്ഛിഷ്ടങ്ങൾ റോഡിലും മതിലിനപ്പുറത്തുള്ള പുരയിടത്തിലും മറ്റും വലിച്ചെറിയുന്നവർ ഇനി പിഴയടച്ച് മുടിയും. ഉറവിട മാലിന്യ സംസ്കരണം ജനങ്ങളുടെ ഉത്തരവാദിത്വമാക്കി കേരള പഞ്ചായത്തി രാജ്, മുനിസിപ്പൽ നിയമങ്ങൾ ഉടൻഭേദഗതി ചെയ്യും. ചട്ടം പാലിക്കത്തവർ 1000 മുതൽ 10,000 രൂപവരെ പിഴ നൽകേണ്ടിവരും. മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം നൽകണമെന്നും വ്യവസ്ഥ.
ഏറ്റവും ശുചിത്വമുള്ള സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ബില്ലിന്റെ കരട് നിയമവകുപ്പിന് ഉടൻ കൈമാറും.
സെപ്തംബർ 14ന് അവസാനിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ പിന്നാലെ ഓർഡിനൻസായി വന്നേക്കും.
സംസ്കരണ പ്ളാന്റുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. പരിസരത്ത് താമസിക്കുന്നവരുടെ എതിർപ്പ് ഒഴിവാക്കാൻ അവർക്കായി പ്രത്യേക ക്ഷേമപദ്ധതിയും നികുതി ഇളവുകളും അനുവദിക്കാൻ വ്യവസ്ഥ ചെയ്യും.
ഒഴിഞ്ഞു കിടക്കുന്ന ഭൂമിയോ അനുയോജ്യമായ സ്വകാര്യഭൂമിയോ കണ്ടെത്തി സംസ്കരണപ്ലാന്റ് സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നടപടിയെടുക്കാം. തൊട്ടടുത്തുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് സംയുക്തമായും പദ്ധതി നടപ്പാക്കാം.
ഉറവിട മാലിന്യസംസ്കരണം പൗരന്മാർ നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ട പൂർണ്ണ ഉത്തരവാദിത്വം പഞ്ചായത്ത് കമ്മിറ്റികൾക്കും മുനിസിപ്പൽ കൗൺസിലുകൾക്കും ആയിരിക്കും. സെക്രട്ടറിമാരാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതും സെക്രട്ടറിമാരാണ്. പരിസര ശുചിത്വം ഉറപ്പാക്കേണ്ട ബാദ്ധ്യതയും ജനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമുണ്ട്.
വലിച്ചെറിഞ്ഞാൽ പിഴ 5000
1. മാലിന്യങ്ങൾ പൊതുസ്ഥലത്തോ ജലാശയങ്ങളിലോ സ്വകാര്യഭൂമിയിലോ വലിച്ചെറിയുന്നവർക്ക് 5000 രൂപയാണ് പിഴ.
മലിനജലം ഒഴുക്കി വിട്ടാലും ഇതേ പിഴ. എല്ലായിടത്തും തദ്ദേശ സ്ഥാപനങ്ങൾ നിരന്തരം നിരീക്ഷണവും പരിശോധനയും നടത്തണം.
2. കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഉടമകൾക്കാണ് . വീഴ്ച വരുത്തിയാൽ 5000 രൂപ വരെ പിഴ. നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കാതെ തദ്ദേശ സ്ഥാപനങ്ങളുമായി നിസഹകരിച്ചാൽ പതിനായിരം രൂപവരെ പിഴ ചുമത്താം.
പ്രധാന വ്യവസ്ഥകൾ
1. വീടുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വ്യവസായസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ച് കൈമാറണം.
2. ഓരോ മാലിന്യവും ഉറവിടത്തിൽത്തന്നെ ജൈവം, അജൈവം, അപകടകരമായ ഗാർഹികം എന്നിങ്ങനെ തരംതിരിച്ച് പ്രത്യേകം ബിന്നുകളിലാക്കണം.
3. ഈ മാലിന്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ നിശ്ചിത യൂസർഫീ ഈടാക്കി ഏറ്റെടുക്കാനോ നിർദ്ദിഷ്ടസ്ഥലത്ത് നിക്ഷേപിക്കാനോ സൗകര്യമൊരുക്കണം.
4. സംസ്ഥാനസർക്കാർ നിശ്ചയിച്ചു നൽകിയ നിരക്കിനേക്കാൾ കൂടിയ യൂസർഫീ തദ്ദേശസ്ഥാപനങ്ങൾ ഈടാക്കരുത്. വാതിൽപ്പടി ശേഖരണം തദ്ദേശസ്ഥാപനം ഉറപ്പാക്കണം.
5. ഒഴിഞ്ഞു കിടക്കുന്ന ഭൂമിയോ അനുയോജ്യമായ സ്വകാര്യഭൂമിയോ കണ്ടെത്തി സംസ്കരണപ്ലാന്റിന് തദ്ദേശസ്ഥാപനം മുൻകൈയെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |