തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമാകും. വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരിക്കും തീരുമാനം. വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുന്നത്. ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും മഴ പെയ്‌തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സംഭരണശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ഡാമുകളിൽ ശേഷിക്കുന്നത്. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും നിരക്ക് വർദ്ധന. അത് റെഗുലേറ്ററി ബോർഡാണ് തീരുമാനിക്കുക. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനനുസരിച്ച് സർചാർജ് കൊണ്ടുവരാനാണ് ആലോചന.
മഴ പെയ്‌താൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട ആവശ്യം വരില്ലെന്നും മഴയില്ലെങ്കിൽ നിരക്ക് കൂട്ടേണ്ടി വരുമെന്നുമാണ് മന്ത്രി പറഞ്ഞത്.'വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തിൽ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയായിരിക്കും സ്വീകരിക്കുക. ഡാമുകളിൽ വെള്ളമില്ലാത്തതിനാൽ അധിക വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും. എത്രരൂപ കൊടുത്ത് വാങ്ങണമെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമാകും. സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വില കൂട്ടണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക'- മന്ത്രി പറഞ്ഞു.
നിരക്ക് വർദ്ധനയ്ക്ക് എതിരെ എച്ച്.ടി ഉപഭോക്താക്കൾ ഹൈക്കോടതിയിൽ നിന്ന് താത്ക്കാലിക സ്റ്റേ നേടിയിരുന്നു. സ്റ്റേ നീങ്ങിയാൽ രണ്ടാഴ്ചക്കകം റെഗുലേറ്ററി കമ്മിഷൻ നിരക്കുയർത്തി ഉത്തരവിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |