കാസർകോട്: എരുതുംകടവ് ജമാഅത്ത് അങ്കണത്തിൽ ദേശീയപതാക ഉയർത്തുന്നതിനിടെ ഉണ്ടായ ഉന്തുംതള്ളും സംബന്ധിച്ച് വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി. ദേശീയ പതാക ആര് ഉയർത്തുമെന്നതിനെ തുടർന്നായിരുന്നു ഉന്തും തള്ളുമുണ്ടായത്.
അധികാര തർക്കം നിലനിൽക്കെ മുൻ കമ്മിറ്റി അംഗം മുഹമ്മദും ചെങ്കള പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ജലീലും ചേർന്ന് ജമാഅത്തിനു കീഴിലുള്ള സിറാജുൽ ഉലൂം മദ്രാസ അങ്കണത്തിലാണ് ദേശീയപതാക ഉയർത്താൻ ശ്രമിച്ചത്. അതിനിടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. ജലീലിനെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ടായി.
ജനറൽ ബോഡി യോഗം അലസിപ്പിരിഞ്ഞതിനെ തുടർന്ന് രണ്ടുവർഷമായി ഇവിടെ കമ്മിറ്റി നിലവിലില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാസർകോട് ഖാസിയുടെയും എം.എൽ.എയുടെയും നേതൃത്വത്തിൽ നിരവധി തവണ പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടന്നിരുന്നു. ഇരുവിഭാഗം തമ്മിലുള്ള ചേരിപ്പോരിന്റെ ഭാഗമായുള്ള പ്രതികരണമാണ് ദേശീയപതാക ഉയർത്തുമ്പോഴും ഉണ്ടായത്. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുമ്പിൽ വച്ച് കൈയേറ്റം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് വിദ്യാനഗർ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |