കണ്ണൂർ: കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിപ്പറമ്പിൽ ബോംബ് സ്ഫോടനത്തിൽ പശുക്കുട്ടിയുടെ കാലറ്റു. മാനന്തേരി പാലാപറമ്പിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥിരം ബോംബ് സ്ഫോടനം നടത്തി പരീക്ഷണം നടത്തുന്ന സ്ഥലത്താണ് സംഭവം. ആയിഷ ഹോസിയറി ഫാക്ടറിയ്ക്ക് പിന്നിലെ കശുമാവ് തോട്ടത്തിൽ മേയുകയായിരുന്ന പശുക്കിടാവ് സ്റ്രീൽ ബോംബിന്റെ മുകളിൽ ചവിട്ടുകയായിരുന്നു.
തുടർന്നുള്ള സ്ഫോടനത്തിലാണ് അപകടം. ശബ്ദം കേട്ടെത്തിയ വാച്ച്മാൻ കെ.പി ചാത്തുക്കുട്ടിയാണ് സംഭവം കണ്ണവം പൊലീസിനെ അറിയിച്ചത്. എസ്.ഐ ഷറഫുദ്ദീനും സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്. വർഷങ്ങളായി ഇരു വിഭാഗവും ഈ സ്ഥലം കേന്ദ്രീകരിച്ച് ബോംബ് നിർമ്മാണവും ആയുധ പരിശീലനവും നടത്താറുണ്ടെങ്കിലും പൊലീസ് നടപടി സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.