കോഴിക്കോട്: അഗസ്ത്യൻമൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിന്റെ ഫ്ലക്സിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി.റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനച്ചടങ്ങിൽ രാഹുൽ ഗാന്ധിയുടെ അനുവാദം വാങ്ങാതെ അദ്ദേഹത്തെ മുഖ്യാതിഥി ആക്കിയതിനെ തുടർന്നായിരുന്നു വിവാദം. എന്നാൽ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചതിന് നന്ദിപറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ കത്ത്. ജോർജ് എം.തോമസ് എം.എൽ.എയ്ക്ക് അയച്ച കത്തിലാണ് രാഹുൽ തന്നെ ക്ഷണിച്ചതിൽ നന്ദി പറയുന്നത്.
പദ്ധതി പൂർത്തിയാക്കിയതിൽ സംസ്ഥാന സർക്കാരിനെ രാഹുൽ അഭിനന്ദിക്കുകയും ചെയ്തു. ക്ഷണിക്കാതെ രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുമ്പോഴാണ് രാഹുലിന്റെ കത്ത് പുറത്തുവരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടകൻ ജി. സുധാകരനുമൊപ്പം വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ചിത്രം കൂടി ഉൾപ്പെടുത്തിയതായിരുന്നു വിവാദമായത്. എം.എൽ.എയെക്കൂടാതെ പി.ഡബ്ലി.യു.ഡി എൻജിനീയറും തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചതായി രാഹുൽ പറഞ്ഞു.
ചടങ്ങിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ അപ്രതീക്ഷിതമായ ഒരു ആവശ്യം വന്നതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും രാഹുൽ കത്തിൽ പറയുന്നു. വയനാട്ടിൽ നിന്നുള്ള ലോക്‌സഭാംഗമെന്ന നിലയിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ എല്ലാ പദ്ധതികൾക്കും പിന്തുണയുണ്ടാകും. പദ്ധതി നല്ല രീതിയിൽ പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്. പദ്ധതിക്ക് ചുക്കാൻ പിടിച്ച സർക്കാരിനെയും ഉദ്യോസ്ഥരെയും അഭിനന്ദിക്കുന്നതായും രാഹുൽ കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |