ശിവഗിരി: തുല്യ സാമൂഹ്യനീതി കേരളത്തിൽ ഇനിയും കൈവന്നിട്ടില്ലെന്നും സെക്രട്ടേറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരിയിൽ ശ്രീനാരായണ ജയന്തി സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് സ്വാമിയുടെ രൂക്ഷവിമർശനം.
കേരള സെക്രട്ടേറിയറ്റിനെ ഗുരു നിത്യചൈതന്യയതി തമ്പുരാൻകോട്ടയാണെന്ന് പറഞ്ഞിട്ടുണ്ട്. ആ കോട്ടയ്ക്ക് ഇന്നും കാര്യമായ വിളളലൊന്നും വന്നിട്ടില്ല. അത് തമ്പുരാൻ കോട്ടയായിത്തന്നെ തുടരുന്നു.
പ്രധാനക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ബ്രാഹ്മണർ മതിയെന്ന് സർക്കുലർ നൽകും. ഗുരുദേവൻ ഇച്ഛിച്ചത്, മോഹിച്ചത്, ദാഹിച്ചത് ക്ഷേത്രത്തിൽ പോകാനും പൂജ നടത്താനും ആ ക്ഷേത്രത്തെ ഭരിക്കാനുമുളള അവകാശം സമസ്ത ജനങ്ങൾക്കും ലഭിക്കണമെന്നാണ്. അങ്ങനെ ലഭിച്ചിട്ടുണ്ടോ? ശബരിമലയും ഗുരുവായൂരും ചോറ്റാനിക്കരയും വൈക്കവും ഉൾപ്പെടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ വൈദികരെ, ശാന്തിക്കാരെ നിയമിക്കുമ്പോൾ അപേക്ഷകർ ബ്രാഹ്മണരായിരിക്കണം എന്നതാണ് ഇപ്പോഴും മാനദണ്ഡം. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞു.
പ്രപഞ്ചത്തിന്റെ പ്രകാശമാണ് മഹാഗുരു. ശ്രീബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും പരമ്പരയിൽ ആധുനികഭാരതം ലോകത്തിന് സംഭാവന ചെയ്ത വിശ്വമഹാഗുരുവാണ് ഗുരുദേവൻ. കേരളത്തിലെ അധസ്ഥിത ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ച് വിപ്ലവകരമായ വലിയൊരു പരിവർത്തനമാണ് ശ്രീനാരായണഗുരുദേവൻ സൃഷ്ടിച്ചത്. ഗുരുദേവൻ സൃഷ്ടിച്ച സാമൂഹിക നവോത്ഥാനത്തെത്തുടർന്ന് കേരളീയർക്ക് എത്രമാത്രം മുന്നേറാൻ സാധിച്ചുവെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും സ്വാമി പറഞ്ഞു.
അവസ്ഥ മാറാൻ പോരാട്ടം
വേണ്ടിവരും: വി. ജോയി
ക്ഷേത്ര കാര്യങ്ങളിൽ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വളരെ ശരിയാണെന്ന് സമ്മേളനത്തിൽ സംസാരിച്ച സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ പറഞ്ഞു. ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ നമുക്ക് ഇതൊന്നും സാധിക്കുന്നില്ല. വരും നാളുകളിൽ വേണ്ടിവന്നാൽ ഒരു പോരാട്ടം തന്നെ നയിക്കേണ്ടി വരും. അതേസമയം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട 45ഓളം പേരെ എന്തെല്ലാം പ്രതിസന്ധിയുണ്ടായിട്ടും വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇക്കാര്യം ഓർമ്മിക്കേണ്ടതുണ്ടെന്നും ജോയി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |