തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ ജർമ്മൻ യുവതി ലിസ വെയ്‌സിനു വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി.
അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ് വിവിധ അപേക്ഷകൾ നൽകി ആഴ്ചകൾ പിന്നിട്ടെങ്കിലും ജർമ്മൻ കോൺസുലേറ്റിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടാകാത്തതിനാലാണ് അന്വേഷണം പാതിവഴിയിൽ നിലച്ചത്. മാർച്ച് 7ന് തലസ്ഥാനത്തെത്തിയ ലിസ കേരളത്തിൽ എവിടെയൊക്കെ സഞ്ചരിച്ചുവെന്നതിന്റെ ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.പരാതിക്കാരിയായ ലിസയുടെ അമ്മയുമായും സഹോദരിയുമായും വീഡിയോ കോൺഫറൻസിംഗ് നടത്തണമെന്ന പൊലീസിന്റെ ആവശ്യത്തോടും ജർമ്മൻ കോൺസുലേറ്റ് പ്രതികരിച്ചിട്ടില്ല.
ജർമ്മൻ വംശജയാണെങ്കിലും ഇസ്ലാം മതം സ്വീകരിച്ച ശേഷം വർഷങ്ങൾക്കു മുമ്പേ ലിസ സ്വീഡനിലേക്ക് താമസം മാറിയിരുന്നു. ലിസയുടെ മുൻ ഭർത്താവുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസുമായി സഹകരിക്കാൻ അദ്ദേഹവും തയ്യാറായില്ല. കോവളത്തും വർക്കലയിലും ലിസയെ കണ്ടതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ മതപഠനശാലകൾ, ആത്മീയ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ലിസയെ കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ലിസക്കൊപ്പമെത്തി തിരികെ പോയ മുഹമ്മദ് അലിയിൽ നിന്നുള്ള വിവരങ്ങളാണ് നിർണായകമായി പൊലീസ് പ്രതീക്ഷിക്കുന്നത്.
മതപരിവർത്തനത്തെ തുടർന്ന്, തീവ്രമതസംഘടനകളുമായി യുവതിക്ക് ബന്ധമുള്ളതായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ യുവതിയുടെ തിരോധാനം സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികളും അന്വേഷിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് വഴി യുവതി പണം ഇടപാടുകളൊന്നും നടത്തുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ, യുവതിക്ക് സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ മറ്റേതോ തരത്തിൽ ലഭിക്കുന്നുണ്ടെന്നും കേരളത്തിനകത്തോ പുറത്തോ ആരുടെയോ സംരക്ഷണയിൽ യുവതി കഴിയുന്നുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |