കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. ഹംസയുടെ തൃശൂരിലെ ഓഫീസിലും പാലക്കാട്ടെ വീട്ടിലും വിജിലൻസ് നടത്തിയ റെയ്ഡിൽ 9.19 ലക്ഷം രൂപയും 59 രേഖകളും പിടിച്ചെടുത്തു. വിജിലൻസ് എത്തുന്നതിന് മുമ്പ് വീടുവിട്ടിറങ്ങിയ ഡിവൈ.എസ്.പിയെ രാത്രി വൈകിയും കണ്ടെത്തിയില്ല. വിജിലൻസിന്റെ എറണാകുളം സ്പെഷ്യൽ സെല്ലാണ് റെയ്ഡ് നടത്തിയത്. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയാണ് ഹംസ.
വീട്ടിൽ നിന്ന് പണം, സ്ഥലമിടപാട് രേഖകൾ, ബാങ്കിടപാട് വിവരങ്ങൾ തുടങ്ങിയവ ലഭിച്ചെങ്കിലും തൃശൂരിലെ ഓഫീസിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് ഏതാനും ദിവസം മുമ്പ് ഹംസയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പൊലീസ് ഓഫീസറെന്ന നിലയിൽ ലഭിക്കുന്നതിന്റെ 63.47 ശതമാനം അധിക വരുമാനം 2009 -2019 കാലയളവിൽ നേടിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഹംസ നടത്തിയിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചിയിലും തൃശൂരിലും ഇയാൾ ഡിവൈ.എസ്.പിയായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ച ഒമ്പത് മുതൽ വൈകിട്ട് ആറുവരെയായിരുന്നു എസ്.പി. വി.എൻ. ശശിധരന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ടി.യു. സജീവന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് വിജിലൻസ് അറിയിച്ചു.
റെയ്ഡിനിടെ കാണാതായ ഡിവൈ.എസ്.പിക്കായി അന്വേഷണം ഊർജ്ജിതം
പാലക്കാട്: വിജിലൻസ് റെയ്ഡിനിടെ കാണാതായ തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.ഹംസയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് എറണാകുളത്ത് നിന്നുള്ള വിജിലൻസ് സംഘം പാലക്കാട് തിരുനെല്ലായ ഒരുങ്ങോട് വീട്ടിലും തൃശൂരിലെ ഓഫീസിലും റെയ്ഡ് നടത്തുന്നതിനിടെയാണ് ഹംസയെ കാണാതായത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ഡിവൈ.എസ്.പിയെ കണ്ടെത്തുന്നതിന് ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |