ആലപ്പുഴ : ജില്ലയിൽ ഓണത്തിന് ന്യായവിലയിൽ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 71.19 ടൺ വിഷരഹിത പച്ചക്കറി. 1900.30 ഹെക്ടറിൽ നിന്നാണ് ഇത്രയും പച്ചക്കറി ലഭ്യമാക്കാനായത്. 34.047 ലക്ഷമായിരുന്നു വിറ്റുവരവ്. കഴിഞ്ഞ ഓണക്കാലത്ത് വിവിധ പദ്ധതികളിലായി 50.35 ലക്ഷത്തിന്റെ വില്പന നടന്നിരുന്നു. ഇത്തവണ മുൻവർഷങ്ങളേക്കാൾ കൂടുതൽ കർഷകർ നേരിട്ടും എറണാകുളം ഉൾപ്പെടെ സമീപജില്ലകളിലെ മാർക്കറ്റുകളിൽ എത്തിച്ചും പച്ചക്കറി വില്പന നടത്തിയിരുന്നു. ഇതിന്റെ അളവും വിറ്റുവരവിന്റെ കണ്ക്കും കൃഷിവകുപ്പ് ശേഖരിച്ചു വരുന്നതേയുള്ളൂ.
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ ആവിഷ്‌കരിച്ച പദ്ധതിയിലൂടെയാണ് ഓണച്ചന്തകളിൽ ന്യായവിലയിൽ പച്ചക്കറികൾ വിപണിയിലെത്തിച്ചത്. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ആഗസ്റ്റ് 25 മുതൽ 28 വരെ 200ൽ അധികം ഓണച്ചന്തകളാണ് ഇത്തവണ പ്രവർത്തിച്ചത്. കൃഷിവകുപ്പിന്റെ 108 ചന്തകളും ഹോർട്ടികോർപ്പിന്റെ 85 ചന്തകളും ഉണ്ടായിരുന്നു. ഇതിന് പുറമേ കുടുംബശ്രീയുടെ നേതൃത്വത്തിലും ഇത്തവണ ഓണച്ചന്തകൾ പ്രവർത്തിച്ചിരുന്നു.
കൂടുതൽ വില നൽകി സംഭരിച്ചു
പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികളാണ് വിൽപ്പനയ്ക്കെത്തിച്ചത്
സംഭരണ വിലയേക്കാൾ 10ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് ഇവ സംഭരിച്ചത്
ഗുണമേന്മയുള്ള ഉത്പന്നങ്ങൾക്ക് 20 ശതമാനം വരെ വില അധികം നൽകി
പ്രതികൂല കാലാവസ്ഥ കാരണം വൈകി വിളവ് ഇറക്കിയതിനാൽ ഇത്തവണ ഉത്പാദനം കുറവായിരുന്നു
34
ഹോർട്ടികോർപ്പിന്റെ 50 വിപണന കേന്ദ്രങ്ങളിലൂടെ 15.02ലക്ഷംരൂപയുടെ 34 ടൺ പഴവർഗങ്ങൾ വിറ്റഴിച്ചു.
10- 30
പൊതു വിപണിയേക്കാൾ 10മുതൽ 30ശതമാനം വരെ വിലക്കുറവിലാണ് പച്ചക്കറി വിറ്റഴിച്ചത്
പച്ചക്കറി വിപണി
സംഭരിച്ചത്: 101.698 ടൺ
വില : 53.38 ലക്ഷം
വിറ്റഴിച്ചത് : 71.189ടൺ
വിറ്റുവരവ്: 34.047ലക്ഷം
കർഷകർ : 1756
നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തിൽ നടത്തിയ വിപണനകേന്ദ്രങ്ങളിൽ പ്രാദേശികതലത്തിൽ പച്ചക്കറി സംഭരിച്ചതിലൂടെ 1500ൽ അധികം കർഷകർക്ക് പ്രയോജനം ലഭിച്ചു
- സുജ ഈപ്പൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |