തിരുവനന്തപുരം; തലസ്ഥാനത്തിന്റെ സ്വന്തം പത്രമെന്ന വിശേഷണമുള്ള ദിനപത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസം വകുപ്പുമായി സഹകരിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി മെഗാഷോ സംഘടിപ്പിച്ച കേരളകൗമുദിക്ക് സർക്കാരിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകൗമുദി സംഘടിപ്പിച്ച 'ഓണം എക്സ്ട്രീം' പരിപാടിയിൽ സ്പോൺസർമാർക്കുള്ള ഉപഹാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണയുള്ളതുകൊണ്ടാണ് ഇത്തവണത്തെ ടൂറിസം വാരാഘോഷം ഗംഭീരമായി സംഘടിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞത്. കേരളകൗമുദി സംഘടിപ്പിച്ച കലാവിരുന്ന് ഏറെ ആസ്വാദ്യമായിരുന്നു. ഈ പരിപാടി സംഘടിപ്പിക്കാൻ കേരളകൗമുദിയുമായി കൈകോർത്ത സ്പോൺസർമാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ ടൂറിസം വാരാഘോഷത്തിന്റെ സമാപനത്തിൽ ഓണം എക്സ്ട്രീം എന്ന ഗംഭീര കലാവിരുന്ന് സംഘടിപ്പിച്ച കേരളകൗമുദി പ്രത്യേക പ്രശംസ അർഹിക്കുന്നതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
തലസ്ഥാന നിവാസികൾ ഏറെ സന്തോഷത്തോടെയാണ് ഇത്തവണത്തെ ടൂറിസം വാരാഘോഷ പരിപാടികൾ ഏറ്റെടുത്തത്. ഓണാഘോഷം വിജയിപ്പിച്ച എല്ലാവർക്കും മന്ത്രി ജി.ആർ.അനിൽ നന്ദി പറഞ്ഞു.
ഓണം എക്സ്ട്രീമിന്റെ സ്‌പോൺസർമാർക്കുള്ള പുരസ്കാരവും സ്‌പെഷ്യൽ അച്ചീവ്മെന്റ് അവാർഡുകളും മന്ത്രിമാർ സമ്മാനിച്ചു. ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ, കൈരളി ജുവലേഴ്സിനു വേണ്ടി റിലേഷൻ മീഡിയ ഡിജിറ്റൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആഷ്ലി, നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു, ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജർ വിമൽ,
നവജീവനം കളരി വൈദ്യമഠത്തിനു വേണ്ടി സജി കളരിയിൽ എന്നിവർക്ക് മന്ത്രി ജി.ആർ.അനിലും
ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, പൗർണമിക്കാവ് ക്ഷേത്രം പി.ആർ.ഒ പള്ളിക്കൽ സുനിൽ, വെടിവച്ചാൻകോവിൽ സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി മാനേജിംഗ് ഡയറക്ടർ എസ് .ബിനു പൈലറ്റ്, പുനർജനി ആയുർവേദ വെൽനെസ് സെന്ററിനുവേണ്ടി സ്വാമി രാജൻ വൈദ്യൻ മോഹൻലാൽ എന്നിവർക്ക് മന്ത്രി ആന്റണി രാജുവും ഉപഹാരം സമ്മാനിച്ചു.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി, യൂണിറ്റ് ചീഫ് എസ്.വിക്രമൻ, ജനറൽ മാനേജർ (മാർക്കറ്റിംഗ്) എ. സുധീർകുമാർ, ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, സീനിയർ അഡ്വവർടൈസ്‌മെന്റ് മാനേജർ എസ് .വിമൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |