കൊച്ചി: കുട്ടികൾക്ക് മദ്യം നൽകിയ ബിവറേജ് ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്. അബ്‌കാരി നിയമപ്രകാരം മൂവാറ്റുപുഴ പൊലീസാണ് കേസെടുത്തത്. മദ്യലഹരിയിൽ നാല് കുട്ടികൾ പുഴയോരത്ത് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ 25ാം തീയതി സ്‌കൂളിലെ ഓണാഘോഷത്തിനുശേഷം പുഴയോരത്ത് നാല് കുട്ടികൾ ഇരിക്കുന്നതും മദ്യം കഴിച്ചതിനുശേഷം കുഴഞ്ഞ് കിടക്കുന്നതുമായുള്ള ദൃശ്യങ്ങൾ എതിർ ദിശയിലിരുന്നയാൾ പകർത്തിയിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നു. ഇതേത്തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കുട്ടികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ സഹപാഠികളിൽ ചിലർ മദ്യം നൽകിയതായി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവാറ്റുപുഴയിലെ ബിവറേജിൽ നിന്നാണ് കുട്ടികൾ മദ്യം വാങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയെന്നാണ് കേസ്. മൂവാറ്റുപുഴ ബിവറേജിലെ മുഴുവൻ ജീവനക്കാർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. അതിനാൽ തന്നെ സംഭവത്തിൽ ഇടനിലക്കാർ ഉണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |