അടയ്ക്കാവില റെക്കാഡിലേക്ക് കുതിക്കുന്നതിന്റെ രഹസ്യം തേടുകയാണ് രാജ്യത്തെ കാർഷിക പഠന സംഘം. വെറ്റില മുറുക്കാനും ദക്ഷിണയ്ക്കും, പാൻമസാലയ്ക്കും ഉപയോഗിക്കുന്ന അടക്കയ്ക്ക് ഇപ്പോൾ നല്ല ഡിമാൻഡാണ്. കഴിഞ്ഞ വർഷം വിളവുകുറഞ്ഞത് ഒരു കാരണമാണെങ്കിലും വില അസാധാരണമായി കൂടുകയാണെന്ന് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
വരുമാനമാർഗമെന്ന നിലയിലാണ് അടയ്ക്കാക്കൃഷി രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നത്. പഴയ ചാലി (തോട് കളഞ്ഞ് ഉണക്കിയ അടയ്ക്ക), പുതിയ ചാലി എന്നിവയ്ക്കാണ് അടുത്തകാലത്ത് വില വർദ്ധിച്ചത്. രാജസ്ഥാൻ, ഗുജറാത്ത്, മുംബയ് എന്നിവയാണ് അടയ്ക്കയുടെ മുഖ്യവിപണികൾ. ഡ്രൈഫ്രൂട്ടെന്ന വ്യാജേന മ്യാന്മർ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് നിയമവിരുദ്ധമായി അടയ്ക്ക ഇറക്കുമതി ചെയ്യുന്നുണ്ട്. പാൻ മസാലകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് നിരോധനമുള്ളതിനാൽ മറ്റ് എന്തെല്ലാം ആവശ്യങ്ങൾക്ക് അടയ്ക്ക ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തണമെന്നും ഗവേഷകർ പറയുന്നു.
കേരളത്തിൽ 20%
രാജ്യത്ത് കൃഷിചെയ്യുന്നതിന്റെ 20 ശതമാനം അടയ്ക്ക മാത്രമാണ് കേരളത്തിൽ. 60 ശതമാനവും കർണാടകത്തിലാണ്. കേരളത്തിൽ കാസർകോടും കണ്ണൂരും തൃശൂരുമാണ് കൂടുതൽ. ചാലിക്ക് വേണ്ടിയാണ് കാസർഗോഡും കണ്ണൂരും അടയ്ക്ക ഉപയോഗിക്കുന്നത്. തൃശൂരിൽ റെഡ് വെറൈറ്റി (കളിപ്പാക്ക്) എന്ന തരത്തിൽ പാൻമസാലക്കും ഹുക്കയ്ക്കുമാണ് ഉപയോഗിക്കുന്നത്. കേരളത്തിൽനിന്ന് അടയ്ക്ക രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, മുംബയ് എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. വിദേശത്തേക്ക് പാക്കിസ്ഥാൻ, യു.എ.ഇ, ഇന്തോനേഷ്യ, ബർമ എന്നീ രാജ്യങ്ങളിലേക്ക് മാത്രമാണ് കയറ്റുമതി. അതേസമയം സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യുന്ന അടയ്ക്കാവില 250 ആയിരുന്നത് 350 രൂപയായി.
അടയ്ക്കാവില
(മുൻവർഷവും ഇപ്പോഴും)
# പഴയ ചാലി - 400- 550
# പുതിയ ചാലി -380- 450
ഇടനിലക്കാർ
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അടയ്ക്കയുടെ 75-85 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഏജൻസികളാണ്. കാംകോ (കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ) ഉൾപ്പെടെയുള്ളവർ നിലവിൽ 15 ശതമാനം ഏറ്റെടുക്കുന്നത് 30 ശതമാനം ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പഠിക്കാൻ രണ്ട് കമ്മിറ്റികൾ
1960 മുതലാണ് രാജ്യത്ത് അടയ്ക്കാക്കൃഷി വ്യാപകമായത്. ലാഭത്തിലായിരുന്ന കൃഷി 1970ൽ ഇടിഞ്ഞു. ഇത് അന്വേഷിക്കാൻ പൗലോസ് കമ്മിറ്റി രൂപീകരിച്ചു. മുറുക്കാനല്ലാതെ അടയ്ക്കകൊണ്ട് മറ്റ് ഉപയോഗമില്ലെന്നും വ്യാപകകൃഷി വേണ്ടെന്നും കമ്മിറ്റി നിർദ്ദേശിച്ചു. 1990കളിൽ വില 100ൽ നിന്ന് 49 രൂപയിലേക്ക് താഴ്ന്നു. അടയ്ക്കായെ മാത്രം ആശ്രയിച്ചാവരുത് കൃഷിയെന്ന് വിലത്തകർച്ചയെക്കുറിച്ച് പഠിച്ച രത്നം കമ്മിറ്റി നിർദ്ദേശിച്ചു. പിന്നീട് കവുങ്ങിൽ നിന്ന് പാള ഉൾപ്പെടെയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |