കടമ്പഴിപ്പുറം: ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഭാര്യ അറസ്റ്റിൽ. ആലങ്ങാട് വെള്ളംകൊള്ളി വീട്ടിൽ പ്രഭാകരൻ നായ(80)രെയാണ് കഴിഞ്ഞദിവസം വീടിനുള്ളിൽ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭാര്യ ശാന്തകുമാരിയെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കൊലപാതകം നടന്നത്.
ഓർമ്മക്കുറവുള്ള വ്യക്തിയാണ് പ്രഭാകരൻ. സംഭവ ദിവസം പ്രഭാകരൻ രാത്രി രണ്ടുതവണ വീടിന്റെ മതിൽ ചാടി പുറത്തേക്ക് പോകുകയും പ്രദേശവാസികൾ തിരിച്ചു വീട്ടിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. വീണ്ടും ഇത്തരത്തിൽ ശ്രമം നടത്തിയപ്പോൾ ഭാര്യ ശാന്തകുമാരിയുമായി വഴക്കിടുകയും ചെയ്തിരുന്നു.
ശേഷം പ്രഭാകരനെ കട്ടിലിൽ പിടിച്ചുകിടത്തി തുടർന്ന് തോർത്തെടുത്ത് കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതോടെ പ്രഭാകരൻ നായർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രഭാകരൻ മരിച്ചതറിഞ്ഞതോടെ മനോവിഷമത്തിൽ ശാന്തമാരി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും ചേർന്നാണ് ശാന്തകുമാരിയെ പുറത്തെത്തിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചലിൽ പ്രഭാകരൻ മരിച്ചു കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പ്രഭാകരന്റെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ശാന്തകുമാരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശാന്തകുമാരിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവസമയത്ത് ഇവർ രണ്ടു പേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |