തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പായതിനാൽ പുതുപ്പള്ളിയിൽ വലിയ രീതിയിൽ സഹതാപ തരംഗമുണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാരിനെതിരെയുള്ള താക്കീതായി ഇതിനെ കാണാൻ കഴിയില്ലെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഉപതിരഞ്ഞെടുപ്പിൽ നല്ല രീതിയിലുള്ള സഹതാപം യുഡിഎഫിന്റെ വിജയത്തിന് അടിസ്ഥാനമായിട്ടുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 36,667 വോട്ടാണ് എൽഡിഎഫിന് ലഭിച്ചിരുന്നത്. 44,505 വോട്ടാണ് കഴിഞ്ഞ തവണ ജെയ്‌ക് സി തോമസ് മത്സരിച്ചപ്പോൾ ലഭിച്ചത്. ഇപ്രാവശ്യം നാൽപ്പത്തിരണ്ടായിരത്തിലധികം വോട്ടുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഇടതുപത്യ ജനാധിപത്യ മുന്നണിയുടെ പുതുപ്പള്ളിയിലെ അടിത്തറയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് ഇത് അർത്ഥമാക്കുന്നത്.'
'മരണാനന്തര ചടങ്ങുകൾ പോലും മത്സരത്തിനിടയിലാണ് നടന്നത്. മരണാനന്തര ചടങ്ങുകൾ കഴിയും മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടായി. ബൂത്തിൽ നിന്ന് മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള യാത്ര പോലും ഇതിന്റെ ഭാഗമായിട്ട് നടത്തി. സർക്കാരിനെതിരായ താക്കീതായി ഇതിനെ കാണാൻ കഴിയില്ല. പുതുപ്പള്ളി ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ സാധിക്കില്ല. എല്ലാത്തിനെക്കാളും മുകളിൽ ഉമ്മൻ ചാണ്ടിയെ പോലൊരു വ്യക്തി മരിച്ചതിന്റെ സഹതാപ തരംഗം തന്നെയാണ്. അത് തന്നെയാണ് ഇപ്പോൾ ചാണ്ടി ഉമ്മനും പറഞ്ഞത്, ഉമ്മൻ ചാണ്ടിയുടെ 13-ാമത്തെ വിജയമാണ് ഇതെന്ന്. ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാഗ്രതയോടെ പ്രവർത്തിക്കും'- എം വി ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |