SignIn
Kerala Kaumudi Online
Monday, 26 February 2024 3.51 PM IST

ചാണ്ടി ഉമ്മന്റെ ആധികാരിക വിജയം

photo

ജനപ്രിയനേതാവായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ദിവസംതന്നെ കോൺഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അപ്പോൾത്തന്നെ അദ്ദേഹത്തിന്റെ വിജയവും ഉറപ്പായിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തീരുന്നതുവരെ തോൽവി സമ്മതിക്കാൻ എതിർചേരി തയ്യാറാവില്ല. ജാള്യതകൊണ്ടാണത്. പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്‌ക് സി. തോമസ് പതിനയ്യായിരം വോട്ടിന് ജയിക്കുമെന്ന അവകാശവാദത്തിൽ നിന്ന് വോട്ടെടുപ്പ് ദിനമടുത്തപ്പോൾ ഇടതുനേതാക്കൾ കുറെയേറെ താഴേക്ക് വന്നിരുന്നു. എന്നിരുന്നാലും വിജയപ്രതീക്ഷ വച്ചുപുലർത്തിയവർ എൽ.ഡി.എഫിലുണ്ടായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് മുതലേ ചാണ്ടിഉമ്മൻ വ്യക്തമായ ലീഡോടെ മുന്നേറി. ഈ അത്യുജ്ജ്വല വിജയത്തിന് അനുകൂല ഘടകങ്ങൾ നിരവധിയാണ്. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനോട് ജനങ്ങൾക്കുള്ള അത്യഗാധമായ സ്നേഹവായ്‌പുതന്നെയാണ് മുഖ്യം. പുതുപ്പള്ളിയിലെ വോട്ടർമാർ, ഉമ്മൻചാണ്ടിക്ക് ഒരിക്കലും നൽകിയിട്ടില്ലാത്ത ഉയർന്ന ഭൂരിപക്ഷം നല്‌കി പുത്രൻ ചാണ്ടി ഉമ്മനെ വിജയത്തേരിൽ അവരോധിച്ചത് എല്ലാ അർത്ഥത്തിലും ഒരു കടംവീട്ടലാണ്. ജനങ്ങൾ വാരിക്കോരി നല്‌കിയ സ്നേഹാദരങ്ങൾ രാഷ്ട്രീയ വേലിക്കെട്ടുകൾക്ക് അതീതമായ സ്‌മരണാഞ്ജലി കൂടിയായി.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 37719 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയം ഉറപ്പാക്കിയപ്പോൾ നിയമസഭയിലെ കക്ഷി സമവാക്യങ്ങളിൽ മാറ്റമൊന്നും ഉണ്ടാകുന്നില്ല. ഉമ്മൻചാണ്ടിയുടെ സീറ്റിൽ അദ്ദേഹത്തിന്റെ പുത്രൻ എത്തുന്നു എന്നേയുള്ളൂ. എന്നാൽ പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയം ഭരണമുന്നണിയായ എൽ.ഡി.എഫിന് മുന്നിൽ അസ്വാസ്ഥ്യജനകമായ പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. അഞ്ചു ദശകങ്ങളായി കോൺഗ്രസിന്റെ പക്കലിരിക്കുന്ന പുതുപ്പള്ളിയിലെ തോൽവി തങ്ങളെ ബാധിക്കാൻ പോകുന്നില്ലെന്ന് വേണമെങ്കിൽ വാദിച്ചേക്കാം. എന്നാൽ പുതുപ്പള്ളി ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ഇടതുനേതാക്കളിൽ ചിലരെങ്കിലും പറഞ്ഞുവച്ചിരുന്ന സ്ഥിതിക്ക് ഈ തോൽവിയുടെ ആഴമളക്കാൻ അവർ നിർബന്ധിതരാവും. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനു ലഭിച്ച വലിയ ഭൂരിപക്ഷത്തിൽ ഒരു പങ്ക് തീർച്ചയായും ഭരണവിരുദ്ധ വികാരം ഉള്ളിൽ കൊണ്ടുനടക്കുന്നവരുടേതാണ് എന്നതിൽ സംശയമില്ല. രണ്ടാം പിണറായി സർക്കാരിന്റെ പല നടപടികളോടും സാധാരണക്കാർക്കുള്ള എതിർപ്പ് രഹസ്യമൊന്നുമല്ല. സകല സർക്കാർ സേവനങ്ങൾക്കും കൂടുതൽ ഫീസ് നല്‌കാൻ ജനങ്ങൾ നിർബന്ധിതരായിരിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുപോലും സർക്കാർ ഓഫീസുകളിൽ നിന്ന് ജനങ്ങൾക്ക് സേവനം വൈകുന്നു. ഫയലുകൾ എല്ലായിടത്തും കെട്ടിക്കിടക്കുകയാണ്. അഴിമതിക്കും കൈക്കൂലിക്കും കുറവൊന്നുമില്ല. വില നിയന്ത്രിക്കാൻ ഫലപ്രദമായ നടപടിയില്ല. ഗതാഗത, വൈദ്യുതി, വെള്ള ചാർജുകളെല്ലാം ഉയർന്നുയർന്നു പോകുന്നു. എല്ലാറ്റിനും പുറമെ ലഹരി - ഗുണ്ടാസംഘങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വൈരജീവിതത്തിനു ഭീഷണയായി മാറുന്നു. സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ട വിഷയങ്ങളാണിതൊക്കെ.

പുതുപ്പള്ളിയിൽ നാലാഴ്ച നീണ്ട തിരഞ്ഞെടുപ്പു പ്രചാരണം പൊതുവേ നിലവാരം പുലർത്തുന്നതായിരുന്നു എങ്കിലും ഇടയ്ക്ക് വ്യക്തിഹത്യയിലേക്കും തരംതാണ അപവാദപ്രചാരണങ്ങളിലേക്കും വഴിമാറി. വാശിയേറിയ മത്സരം നടക്കുമ്പോൾ രാഷ്ട്രീയം വിട്ട് കുടുംബാംഗങ്ങൾക്കെതിരെ തിരിയുന്നത് നല്ല പ്രവണതയല്ല. അതിനു മുതിരുന്ന പ്രവർത്തകരെ അതിൽനിന്നു പിന്തിരിപ്പിക്കേണ്ടത് പാർട്ടി നേതൃത്വങ്ങളുടെ ചുമതലയാണ്.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായ വികാര വേലിയേറ്റത്തിൽ എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ അക്ഷരാർത്ഥത്തിൽ ഒഴുകിപ്പോവുകയാണുണ്ടായത്. ഇതിൽ ബി.ജെ.പി സ്ഥാനാർത്ഥി ലിജിൻലാലിന് കെട്ടിവച്ച കാശുപോലും കിട്ടിയില്ലെന്നത് ഏറെ പരിതാപകരമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUTHUPPALLY BYELECTION RESULT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.