ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ഉടലെടുത്തു. തേങ്നൗപൽ, കാക്ചിങ് ജില്ലകളിലാണ് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. മെയ്തി വിഭാഗം നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. വെടിവയ്പ്പിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. 50-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി സംഘർഷ സാഹചര്യം നിലനിൽക്കുന്നുണ്ട്. സംഘർഷത്തിൽ മെയ്തി-കുക്കി വിഭാഗങ്ങൾ പരസ്പരം പഴിചാരുകയാണ്. മെയ്റാങിലെ നരൻസീനയിലും കഴിഞ്ഞ ദിവസവും വെടിവയ്പ്പുണ്ടായിരുന്നു.
സുരക്ഷാ സേനയ്ക്കെതിരെ അടക്കം നടക്കുന്ന പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിലേയ്ക്ക് നയിക്കുന്ന സാഹചര്യത്തിൽ
കഴിഞ്ഞ ദിവസം അഞ്ച് ജില്ലകളിൽ കർഫ്യു ഏർപ്പെടുത്തിയിരുന്നു. സുരക്ഷാ സേനയെ പിൻവലിക്കണമെന്നും ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് മെയ്‌തി വിഭാഗം നേരത്തെയും അക്രമാസക്തമായ പ്രതിഷേധം നടത്തിയിരുന്നു. മെയ്തിസംഘടനയായ കൊകോമിയുടെ സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് അക്രമത്തിലേയ്ക്ക് തിരിഞ്ഞത്.
പ്രതിരോധ നടപടിയെന്ന നിലയിൽ ചൊവ്വാഴ്ച മുതൽ കർഫ്യു പ്രഖ്യാപിച്ചെന്ന് അധികൃതർ അറിയിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്‌ണുപുർ, കാക്‌ചിംഗ്, തൗബാൽ ജില്ലകളിലാണ് കർഫ്യു ഏർപ്പെടുത്തിയത്. രാവിലെ അഞ്ച് മുതൽ വൈകിട്ട് അഞ്ച് വരെയാണ് കർഫ്യു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |