രണ്ടുകൊല്ലം മുമ്പ് തൊടുപുഴയിലെ ഒരു വീട്ടിലുണ്ടായിരുന്ന ചന്ദനമരം വീട്ടുകാർക്ക് ബുദ്ധിമുട്ടായപ്പോൾ മറയൂരിലെ വനപാലകരെ അറിയിച്ചു. 49 സെന്റിമീറ്റർ വണ്ണമുള്ള മരം മുറിച്ച് മറയൂർ ഡിപ്പോയിലെത്തിച്ച് വിറ്റ് ഉടമയ്ക്ക് നൽകിയത് 3.75 ലക്ഷം. മറ്റൊരു വീട്ടിലുണ്ടായിരുന്ന ചന്ദനമരം വനം വകുപ്പിനെ അറിയിക്കാതെ വിറ്റപ്പോൾ ഉടമയ്ക്ക് കിട്ടിയത് രണ്ടുലക്ഷം. വനം വകുപ്പുവഴി വിറ്റിരുന്നെങ്കിൽ കിട്ടുമായിരുന്നത് 20 ലക്ഷം! വനംവകുപ്പിനെ അറിയിച്ചാൽ പ്രശ്നമാകുമെന്ന് ഭയന്നാണ് രഹസ്യമായി വിറ്റത്.
സ്വകാര്യഭൂമിയിൽ ചന്ദനമരമുള്ളത് അറിഞ്ഞാൽ പ്രതിഫലം തരാതെ വനംവകുപ്പ് മുറിക്കുമെന്നും വളർത്തുന്നത് അനധികൃതമാണെന്നും തെറ്റിദ്ധാരണയുണ്ട്. എത്ര അളവിൽ ചന്ദനം സൂക്ഷിക്കാമെന്നോ വൃക്ഷവിളയാക്കി കോടികൾ കൊയ്യാമെന്നോ പലർക്കുമറിയില്ല. തെറ്റിദ്ധാരണ മാറ്റി ചന്ദനം നടുന്നത് പ്രോത്സാഹിപ്പിക്കാൻ മറയൂർ ഡിവിഷൻ വിത്തും തെെകളും വിൽക്കുന്നു. വിത്ത് പാർസലായി ഇന്ത്യ മുഴുവനും എത്തിക്കുന്നു. പത്തടി അകലത്തിൽ മഴയ്ക്ക് തൊട്ടുമുമ്പ് നട്ട് വേരു പിടിക്കുന്നതു വരെ (ഒരു മാസം) നനയ്ക്കണം. വൻമഴയ്ക്കു ശേഷവും നടാം. ചാണകപ്പൊടിയും ആട്ടിൻകാഷ്ഠവും വേപ്പിൻ പിണ്ണാക്കുമാണ് വളം. ആലപ്പുഴ പോലെ മണ്ണിനടിയിൽ വെള്ളമുള്ള സ്ഥലങ്ങളിൽ വേര് ചീയാനിടയുണ്ട്. ഇലകൾ മുരടിച്ച് തടിയുണങ്ങുന്ന വെെറസ് രോഗമുണ്ടായാൽ (സ്പെെക്ക്) അവ പച്ചയാണെങ്കിലും മുറിച്ചുമാറ്റുകയാണ് പോംവഴി.
120 വർഷം വരെ ആയുസുണ്ട് ചന്ദനത്തിന്. ബന്ധപ്പെട്ട റേഞ്ച് ഓഫീസർക്ക് അപേക്ഷ നൽകിയാൽ മുറിച്ച് മറയൂർ ഡിപ്പോയിലെത്തിച്ച് ഇ - ലേലത്തിൽ വിൽക്കും. സംസ്ഥാനത്ത് മറയൂരിൽ മാത്രമാണ് വിൽപ്പന. ഗുണത്തിനനുസരിച്ചാണ് (ക്ളാസ്) വില. ഗതാഗതച്ചെലവും മറ്റുമായി പരമാവധി അഞ്ച് ശതമാനമെടുത്ത് ബാക്കി ഉടമയ്ക്ക് നൽകും. ലാഭമെടുക്കാറില്ല. തോട്ടമാണെങ്കിൽ മോഷണം തടയാൻ കാവലേർപ്പെടുത്തണം. 30 വർഷമെങ്കിലും കാത്തിരുന്നാൽ ഒരു മരം വിറ്റാൽ കിട്ടും നാല് ലക്ഷം. കൂടുതലുണ്ടെങ്കിൽ കോടികൾ നേടാം. ഒരേക്കറിൽ 400 തെെ നടാം. കേരളം മുതൽ യു.പി വരെ 9,600 ചതുരശ്ര കിലോമീറ്ററിലാണ് ചന്ദനമുള്ളത്. കൂടുതൽ പ്രകൃതിദത്ത ചന്ദനം കേരളത്തിലാണുള്ളത്.
ചന്ദനം ഉപയോഗിക്കുന്നത്
സോപ്പ്, ഔഷധം, കരകൗശല വസ്തുക്കൾ, സുഗന്ധ, സൗന്ദര്യവർദ്ധക വസ്തു നിർമ്മാണത്തിന്. കോട്ടയ്ക്കൽ ആര്യവെെദ്യശാല, ഔഷധി തുടങ്ങിയ സ്ഥാപനങ്ങളും പൂജാ ആവശ്യങ്ങൾക്ക് ദേവസ്വങ്ങളും വാങ്ങുന്നു. വർഷത്തിൽ രണ്ട് തവണയുള്ള ലേലത്തിലൂടെ സർക്കാരിന് കിട്ടുന്നത് 60 - 80 കോടി രൂപ. സംസ്ഥാനത്ത് എവിടെയുമുള്ള ചന്ദനം മറയൂർ ഡിപ്പോയിലെത്തിച്ച് വിവിധ ക്ളാസുകളാക്കിയാണ് വിൽപ്പന. മൂന്ന് വർഷമായി മറയൂരിൽ വനപാലകർ 16 ഹെക്‌ടറിലായി 25,000 ചന്ദനത്തെെകൾ വളർത്തുന്നുണ്ട്. നിലവിൽ 51,857 ചന്ദനമരങ്ങളാണ് 10 റിസർവുകളിലുള്ളത്. ഇവ കാക്കുന്നതിൽ വനപാലകർക്കൊപ്പം 24 വനസംരക്ഷണ സമിതികളുമുണ്ട്. പങ്കാളിത്ത വനപരിപാലനത്തിലൂടെയും ചില്ലയിലൂടെ ആദിവാസികൾക്ക് ഉപജീവനമാർഗ്ഗം ഉണ്ടാക്കിയതിലൂടെയും ചന്ദനമോഷണം വളരെ കുറഞ്ഞു. 2005ൽ 479 ചന്ദനക്കേസുകളുണ്ടായിരുന്നത് 2022ൽ നാലായി.
3,000 കോടിയുടെ ചന്ദനമരങ്ങൾ
മറയൂർ ഡിവിഷൻ തയ്യാറാക്കുന്ന പുതിയ ക്ളാസാണ് (16) ശവസംസ്കാരത്തിനുള്ള 'ബ്രിക്കറ്റ്. ' ചന്ദത്തടി സംസ്‌കരിക്കുമ്പോഴുള്ള വെളുത്ത ചീളുകൾ (ക്ളാസ് 15) പൊടിച്ചാണ് ബ്രിക്കറ്റുണ്ടാക്കുന്നത്.
ചെറിയ കഷണങ്ങളായി മുറിക്കാവുന്ന ഇത് കിലോയ്ക്ക് 400 രൂപയ്ക്ക് ലഭിച്ചേക്കും. വിലയിൽ അന്തിമ തീരുമാനമായിട്ടില്ല. ബ്രിക്കറ്റ് വില്പനയിലൂടെ പ്രതിവർഷം സർക്കാരിന് ഒരു കോടി അധികവരുമാനം പ്രതീക്ഷിക്കുന്നു. 1,460.77 ഹെക്ടറാണ് മറയൂരിലെ ചന്ദന റിസർവ്. കൂടുതൽ ചന്ദനത്തൈലം ലഭിക്കുന്ന ഇവയുടെ ഏകദേശവില 3,000 കോടിയാണ്. വനിതാ ജീവനക്കാരും ഇവ കാക്കാൻ ഉറക്കമിളയ്ക്കുന്നു.
ചന്ദനതടിയിൽ ഗുണനിലവാരം അനുസരിച്ച് വിലായത്ത് ബുദ്ധ, ചൈന ബുദ്ധ, പഞ്ഞം, ഗോട്ട് ല, ഘട്ട് ബഡിയ, ബഗ്രഡാഡ്, റൂട്ട്സ് 1,റൂട്ട്സ് 2,റൂട്ട്സ് 3, ജയ്പൊകൽ, ചെറിയ, മിക്സഡ് ചിപ്സ്, സോ ഡസ്റ്റ്, സാപ് വുഡ് ബില്ലറ്റ്സ്, സാപ് വുഡ് വിത്ത് ബാർക്ക് ചിപ്സ് എന്നിങ്ങനെ 15 ക്‌ളാസുണ്ട്.
മറയൂരിൽ ചന്ദനം കാക്കുന്നവർ
ഡി.എഫ്.ഒ - ഒന്ന്,
റേഞ്ച് ഓഫീസർ - 3
ഡെ.റേഞ്ച് ഓഫീസർ - 4
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ - 16
ബീറ്റ് ഫോറസ്റ്റ് ഓഫീസർ - 53
ഡ്രെെവർ - ഏഴ്
ഫോറസ്റ്റ് വാച്ചർ - 46
പ്രൊട്ടക്ഷൻ വാച്ചർ - 213
പരിസ്ഥിതി പുന:സ്ഥാപനം
2020-2030 വരെ ലോകം പരിസ്ഥിതി പുനഃസ്ഥാപന ദശാബ്ദമായി ആചരിക്കുകയാണ്. വനവത്കരണത്തിന്റെ ഭാഗമായി മുമ്പ് നട്ടുവളർത്തിയിരുന്ന യൂക്കാലി, അക്കേഷ്യ, മഞ്ഞക്കൊന്ന, വാറ്റിൽ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നശിപ്പിച്ച് പൂർവസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം.അധിനിവേശ സസ്യങ്ങൾ പടർന്ന് കാട്ടിൽ പുല്ല് ഉൾപ്പെടെ സ്വാഭാവിക സസ്യവളർച്ച തടസപ്പെട്ടതോടെ മൃഗങ്ങൾ തീറ്റ കിട്ടാത്ത നാട്ടിലിറങ്ങാനിടയാക്കി. 1980കളിൽ നട്ടുപിടിപ്പിച്ച വാറ്റിലാണ് മറയൂരിലെ വില്ലൻ. പുൽമേടുകളെ തിരികെ കൊണ്ടുവരാൻ, രണ്ടു വർഷമായി അഞ്ചുനാട്ടുപാറയിലും മറ്റും വാറ്റിൽ നശിപ്പിക്കുന്നു. അഞ്ചുവർഷ പ്രൊജക്ടിന്റെ ആദ്യഘട്ടത്തിൽ അഞ്ചുനാട്ടുപാറയിൽ 10 ഹെക്ടറിൽ യു.എൻ.ഡി.പി (യുണെെറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം) ഫണ്ടുപയോഗിച്ച് പരിസ്ഥിതി പുനഃസ്ഥാപിച്ചു. കഴിഞ്ഞവർഷം 30 ഹെക്ടറിൽ നബാർഡ് ധനസഹായത്തോടെയാണ് പ്രവർത്തിച്ചത്. പോത്തടിയിൽ ക്യാമ്പ (കംപൽസറി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ളാനിംഗ് അതോറിറ്റി) ഫണ്ടുപയോഗിച്ച് 30 ഹെക്ടറിൽ പരിസ്ഥിതി പുനഃസ്ഥാപനം നടന്നുവരുന്നു. മുറിക്കുന്ന വാറ്റിൽ ആദിവാസികൾക്ക് വിറകിന് നൽകുന്നതിലൂടെ ഈ ആവശ്യത്തിനുള്ള വനാശ്രയം കുറച്ചു. ബാക്കിയുള്ളത് ചെരിഞ്ഞ മേഖലയിൽ തടികൊണ്ട് ബണ്ടുണ്ടാക്കി മണ്ണൊലിപ്പ് തടയുന്നു. കുറച്ചു ഭാഗത്ത് നീലക്കുറിഞ്ഞി നടുന്നുണ്ട്. വനംവകുപ്പിനായി വാറ്റിൽ വെട്ടിമാറ്റുന്നത് പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം തൊഴിലാളികളാണ്.
പരിസ്ഥിതി പുനഃസ്ഥാപനം
(ലഭിച്ച തുക ലക്ഷത്തിൽ)
യു.എൻ.ഡി.പി - 10
നബാർഡ് - 60
എഫ്.ഡി.എ - 3.5
ക്യാമ്പ - 45
കൂടുതൽ മികവിലേക്കുള്ള കുതിപ്പിൽ വെല്ലുവിളികളുണ്ട്. 20 വർഷമായ താത്കാലിക വാച്ചർമാരെ സ്ഥിരപ്പെടുത്തിയിട്ടില്ല. ചന്ദന മോഷണമുൾപ്പെടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിൽ ഇവർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആദിവാസി ക്ഷേമപ്രവർത്തനത്തിൽ സ്ഥിരം ജീവനക്കാർക്കൊപ്പമുള്ള ഇവർക്ക് ഇനി മറ്റൊരു ജോലി സാദ്ധ്യമല്ല. 56 വയസാകുമ്പോൾ വെറുംകെെയോടെ കാടിറങ്ങേണ്ടതിന്റെ ദുഃഖമുണ്ട് ഇവരുടെ കണ്ണുകളിൽ. ശമ്പളം കൃത്യമായി കിട്ടാറില്ലെങ്കിലും ആരോഗ്യമുള്ളിടത്തോളം വനംവകുപ്പിനൊപ്പം നിൽക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് ഇവർ. മറ്റ് ഡിവിഷനുകൾ പോലെയല്ല, കോടികളുടെ ചന്ദനനത്തിന് ഉറക്കമിളച്ച് കാവലിരിക്കേണ്ട മറയൂരിലെ സാഹചര്യം. തസ്തിക സൃഷ്ടിച്ച് ഇവരെ സ്ഥിരപ്പെടുത്തേണ്ടത് മറയൂർ മാതൃകയുടെ തുടർച്ചയ്ക്ക് അനിവാര്യമാണ്.
സ്ഥിരം ജീവനക്കാരുടെ കുറവു മൂലം രാത്രിജോലി കഴിഞ്ഞാൽ പകൽ വിശ്രമിക്കാനാകുമെന്ന് ഉറപ്പില്ല. നിലവിലുള്ളതിന്റെ പകുതി ജീവനക്കാരെങ്കിലും അധികം വേണം. കമ്മാളംകുടി- അഞ്ചുനാട്ടുപാറ തോടിന് കുറുകെ നടപ്പാലവും ഗർഭിണികൾ ഉൾപ്പെടെ രോഗികളെ ആശുപത്രിയിലെത്തിക്കാൻ മലമ്പാതയിൽ സഞ്ചരിക്കാനാകുന്ന രണ്ട് ആംബുലൻസും അത്യന്താപേക്ഷിതമാണ്. ഇപ്പോൾ രോഗികളെ എടുത്തുകൊണ്ടാണ് പോകുന്നത്. ഇക്കാര്യങ്ങളിൽ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആദിവാസികളും വനപാലകരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |