ഇൗ നഗരത്തിന് ഇതെന്തുപറ്രി ? ചിലയിടത്ത് മാലിന്യം. പലയിടത്തും കുണ്ടും കുഴിയും. തോന്നിയ പോലെ പായുന്ന വാഹനങ്ങൾ. ഒട്ടും ആകർഷകമല്ലാത്ത ചുറ്റുപാടുകൾ. എന്താ ആരുമൊന്നും മിണ്ടാത്തത്.? വൈരൂപ്യത്തിന്റെ ക്യാൻസർ ബാധിച്ച പത്തനംതിട്ട നഗരത്തെക്കുറിച്ചാണ് പറയുന്നത്. സംസ്ഥാനത്തെ ഏറ്റവും വികൃതമായ നഗരം പത്തനംതിട്ടയാണെന്ന് പറഞ്ഞാൽ തെറ്റില്ല. നഗരസൗന്ദര്യം എന്ന ചിന്തപോലും നാലയലത്തുകൂടി കടന്നുപോയിട്ടില്ലാത്ത നാട്. സംശയമുണ്ടോ ? ഉദാഹരണങ്ങൾ പറയാം.
കണ്ണങ്കരയിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് യാത്ര ചെയ്യൂ. തടാകം പോലെയുള്ള റോഡ്. പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. നടന്നുപോകാൻ പോലും ബുദ്ധിമുട്ട്. നഗര മദ്ധ്യത്തോട് ചേർന്നാണ് ഇൗ സ്ഥിതി. നാല് വാഴ നട്ട് പ്രതിഷേധിക്കാൻ പോലും ആളില്ല. ഇതൊക്കെ എന്ത്. ഇതിനപ്പുറം കണ്ടവരാണല്ലോ ഞങ്ങളെന്ന മട്ടിലാണ് നഗരവാസികൾ. പ്രധാന ജംഗ്ഷനുകളിൽ സിഗ്നൽ ലൈറ്റോ ഗതാഗത നിയന്ത്രണത്തിന് പൊലീസോ ഇല്ല. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ യാത്രക്കാരെ കുരച്ചോടിച്ച് വിരട്ടുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുത്ത് ലാളിച്ച് രസിക്കുന്ന ട്രാഫിക് ചുമതലയുള്ള പൊലീസിന് വാഹനങ്ങൾ ശ്രദ്ധിക്കാൻ എവിടെ നേരം. പൈപ്പ് ഇടാൻ കഴിയെടുത്ത റോഡരികുകൾ ആർക്കോ വേണ്ടി മണ്ണിട്ടു മൂടിയത് തോന്നിയപടി കിടക്കുന്നു. എന്തിനേറെ . മൊത്തത്തിൽ മടുപ്പിക്കും ഇൗ നഗരം.
മറ്റു നഗരങ്ങൾ കണ്ടവർക്ക് ചിരിവരും. നഗര സൗന്ദര്യവത്കരണം എന്നൊന്നുണ്ട്. അവ നടപ്പാക്കാൻ സഹായിക്കുന്ന ഏജൻസികളുണ്ട്. മനസിൽ സൗന്ദര്യ ചിന്തയുള്ള ഭരണാധികാരികൾ അത് നടപ്പാക്കാറുമുണ്ട്. പക്ഷേ പത്തനംതിട്ടയ്ക്ക് അത് പറഞ്ഞിട്ടില്ല. കാട്ടിലെ തടി തേവരുടെ ആന എന്നതാണ് ലൈൻ. മുമ്പ് നഗരപാതയുടെ ഇരുവശങ്ങളിലും പൂച്ചെടികൾ നട്ടുപിടിപ്പിക്കാൻ ഉത്സവാന്തരീക്ഷത്തിൽ നഗരസഭ ആളെക്കൂട്ടിയതാണ്. പണംകുറെ പൊടിഞ്ഞു അതിന്റെ പേരിൽ . രണ്ടുനാളെ ചെടികൾ നിന്നുള്ളു. നോക്കിനടത്താൻ ആളില്ലാതെ ചെടികൾ ചരമഗീതം പാടി. ഇതൊക്കെ കണ്ട് ചിരിക്കുന്ന മറ്റു നാട്ടുകാർക്ക് മുന്നിൽ പത്തനംതിട്ടയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരും. നാണക്കേടിന്റെ വലിയ വില..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |