ആലപ്പുഴ : കുട്ടികൾ അതിക്രൂരമായി പീഡനത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങളിൽ
നാടിന്റെ മനസാക്ഷി മരവിച്ചിരിക്കുമ്പോൾ, ആലപ്പുഴ ജില്ലയിൽ കുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ പെരുകുന്നു.
ജില്ലാഅതിർത്തിയായ വള്ളികുന്നം വട്ടയ്ക്കാട്ട് ഓണപ്പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിച്ചതുൾപ്പെടെ കഴിഞ്ഞ ദിവസം ചേർത്തലയിൽ കുട്ടിയെ പീഡിപ്പിച്ചത് ഉൾപ്പടെയുള്ള സംഭവങ്ങൾ
മാതാപിതാക്കളുടെ മനസിൽ തീ കോരിയിടുന്നതാണ്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ ബീഹാർ കോങ്ങ് വാഹ് സ്വദേശി കുന്തൻകുമാർ (27) വള്ളികുന്നം പൊലീസിന്റെ പിടിയിലായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു ഇയാൾ കുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ നിലവിളി കേട്ടുവന്ന നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ബീഹാർ സ്വദേശിയായ ഇയാൾ ഇലിപ്പക്കുളത്തുളള കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു.
ലോഷൻ വിൽക്കാനെത്തി,
കുട്ടിയെ തട്ടാൻ നോക്കി
വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുകയായിരുന്ന നാലരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായിരുന്നു രണ്ടാമത്തെ സംഭവം. തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത് ഏബനസർ വില്ലയിൽ ഫെബിന്റെയും ജീനയുടെയും മകൾ ഇവാഫെബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി മനീത് സിങ്ങിനെയും (30) നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. ഇവായും സഹോദരൻ ഡെനിൽ ഫെബിനും (8) വീട്ടുമുറ്റത്ത് പൂക്കളംതീർക്കുന്ന സന്തോഷത്തിലായിരുന്നു. ഡെനിൽ പൂക്കൾ ശേഖരിക്കാനായി സൈക്കിളിൽ സമീപത്തെ വീട്ടിലേക്കു പോയി. ഈ സമയത്താണ് ടൈൽ വൃത്തിയാക്കാനുള്ള ലോഷൻ വിൽക്കാൻ മനീത് സിംഗ് എത്തിയത്. പരിസരത്ത് ആരുമില്ലെന്ന് കണ്ട ഇയാൾ കുട്ടിയെ എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് പൂവുമായി ഡെനിൽ മടങ്ങിയെത്തിയതും
നിലവിളിച്ചതും. ഉടൻ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ പിന്നീട് മനീത് സിങ്ങിനെ അന്വേഷിച്ച് പിടികൂടുകയായിരുന്നു.
ആക്രി പെറുക്കാനെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ബംഗ്ളദേശ് സ്വദേശി അരിഫുൾ ഇസ്ളം കഴിഞ്ഞദിവസം ചേർത്തല പൊലീസിന്റെ പിടിയിലായത്. പാസ്‌പോർട്ടോ വിസയോ ഇല്ലാത്ത ഇയാൾ കഴിഞ്ഞ ജൂൺ മുതൽ അനധികൃതമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അടുത്തകാലത്തായി വർദ്ധിച്ചുവരുന്നുണ്ട്. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. സ്ഥിരമായി തങ്ങാതെ ഇടയ്ക്കിടെ വന്നു പോകുന്നവരുടെ എണ്ണവും കൂടുതലാണ്. എല്ലാ അതിക്രമങ്ങളിലും പ്രതി സ്ഥാനത്ത് അന്യ സംസ്ഥാനക്കാരെ മാത്രം ഉന്നംവയ്ക്കേണ്ട കാര്യമില്ല. അദ്ധ്വാനിച്ച് കുടുംബം നോക്കുന്നവരുമുണ്ട്
ചൈത്ര തെരേസ ജോൺ, എസ്.പി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |