കൊച്ചി: ലോകചാമ്പ്യൻപട്ടവും, ഒളിമ്പിക്സ് സ്വർണവും...ഇതാണ് ബാഡ്മിന്റണിനെ കുടുംബ കായിക ഇനമാക്കിയ കിരൺ ജോർജിന്റെ എയ്സ്. ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 100 കിരീടം സ്വന്തമാക്കിയ കൊച്ചിക്കാരൻ കിരണിന്റെ നേട്ടം മലയാളികൾക്ക് മാത്രമല്ല, ഇന്ത്യക്കാർക്കെല്ലാം അഭിമാനമാവുകയാണ്. ജക്കാർത്തയിൽ നടന്ന ടൂർണമെന്റിൽ ജപ്പാന്റെ കൂ തകഹാക്ഷിയെ തോൽപ്പിച്ചാണ് സിംഗിൾസ് കിരീടം സ്വന്തമാക്കിയത്. 23 വയസുകാരനായ കിരൺ ലോക ബാഡ്മിന്റൺ റാങ്കിംഗിൽ അമ്പതാം റാങ്കുകാരനാണ്.
ബാഡ്മിന്റൺ കുടുംബമാണ് കിരണിന്റേത്. പിതാവ് ജോർജ് തോമസും ഭാര്യ പ്രീത ജോർജും സഹോദരൻ അരുൺ ജോർജും ബാഡ്മിന്റൺ താരങ്ങളാണ്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ജനറൽ മാനേജരായ ജോർജ് തോമസ് ബാഡ്‌മിന്റണിലെ മുൻ ദേശീയ ചാമ്പ്യനും അർജുന അവാർഡ് ജേതാവും ജില്ലാ സ്‌പോർട്സ് കൗൺസിൽ മുൻ അംഗവുമാണ്. 1998ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗവുമായിരുന്നു.
ലോക ചാമ്പ്യനാവുകയാണ് കിരണിന്റെ ലക്ഷ്യമെന്ന് ജോർജ് തോമസ് കേരളകൗമുദിയോട് പറഞ്ഞു. ഹോങ്കോംഗിൽ നടക്കുന്ന മത്സരം, ഒളിമ്പിക്സ് എന്നിവയ്ക്കു വേണ്ടിയുള്ള ഒരുക്കത്തിലാണ് കിരൺ. ജക്കാർത്തയിലെ വിജയം ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് കിരൺ പറഞ്ഞു.
ഒമ്പതാം വയസിൽ ആരംഭിച്ചതാണ് കിരണിന്റെ ബാഡ്മിന്റൺ പ്രണയം. കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്ററിലായിരുന്നു ആദ്യകാല പരിശീലനം. സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ സംസ്ഥാന ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2022 ജനുവരിയിൽ ഒഡിഷയിൽ നടന്ന സൂപ്പർ 100 ചാമ്പ്യൻഷിപ്പിൽ വിജയിയായി. മലയാളിയും ദേശീയതാരവുമായിരുന്ന വിമൽകുമാറാണ് പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |