SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

'വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല'; കേസ് റദ്ദാക്കി ഹെെക്കോടതി

Increase Font Size Decrease Font Size Print Page
high-court-

കൊച്ചി: വഖഫ് ഭൂമി കെെവശം വച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി ഹെെക്കോടതി. വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2013ലെ വഖഫ് ഭേദഗതിക്ക് മുൻപ് തന്നെ ഭൂമി കെെവശക്കാരുടെ പക്കലാണെന്ന് കോടതി നിരീക്ഷിച്ചു. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കെെവശം വച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെയാണ് കേസ് എടുത്തത്.

ബോർഡിന്റെ പരാതിയിൽ 2017ലാണ് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാർക്കെതിരെ കേസെടുക്കുന്നത്. ഈ നടപടി ചോദ്യം ചെയ്താണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ ഹെെക്കോടതിയെ സമീപിച്ചത്. 2013ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കെെവശം വയ്ക്കുന്നതിനെതിരെ ബോർഡ് നടപടി സ്വീകരിച്ചത്.

എന്നാൽ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹെെക്കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ നിയമഭേദഗതിക്ക് മുൻപ് കെെവശം വച്ച ഭൂമിയുടെ പേരിൽ ക്രിമിനൽ നടപടി സാദ്ധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മുനമ്പമടക്കമുള്ള വിഷയങ്ങൾ പരിഗണിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഉത്തരവാണ് ഹെെക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളിൽ വഖഫ് ബോർഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ഈ കോടതി ഉത്തരവ് നിർണായകമാണ്.

ഇസ്ളാമി​ക നി​യമപ്രകാരം വി​ശ്വാസി​ ദൈവത്തി​നു സമർപ്പി​ക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ അത് എക്കാലത്തേക്കും വഖഫ് ഭൂമി​യെന്നാണ് വ്യവസ്ഥ. വഖഫ് ബോർഡി​ന്റെ അനുമതി​യി​ല്ലാതെ കൈമാറ്റം ചെയ്യാനാവി​ല്ല. തനിക്ക് സമ്പൂർണാവകാശമുള്ളതോ ഇല്ലാത്തതോ ആയവ വഖഫ് ചെയ്താൽ വഖഫ് ബോർഡിന് ആ സ്വത്ത് നോട്ടീസ് പോലും നൽകാതെ അവകാശപ്പെടാം. ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാനാവില്ല. വഖഫ് ട്രിബ്യൂണലിനു മുന്നിൽ പരാതി നൽകാമെന്നു മാത്രം. സ്വന്തം ഭൂമി​യുടെ അവകാശം സ്ഥാപി​ക്കേണ്ടതി​ന്റെ ബാദ്ധ്യത ഉടമയ്ക്കു മേൽവരുന്ന വി​ചി​ത്രവ്യവസ്ഥയാണ് വഖഫ് നി​യമത്തി​ലെ ഈ കീറാമുട്ടി​. ഇത് ഒഴിവാക്കുന്നതാണ് വഖഫ് ഭേദഗതി ബില്ല്.

TAGS: WAQF BOARD, WAQF, CASE, HIGHCOURT, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY