SignIn
Kerala Kaumudi Online
Thursday, 30 November 2023 12.49 AM IST

“എഴുത്തച്ഛൻ “ തിരശീല ഉയരുമ്പോൾ

drama

ഈ വരുന്ന സെപ്റ്റംബർ 16 ശനിയാഴ്ചയിലേക്കുള്ള ചെറുദൂരം ടെക്‌സാസിലെ ഡാളസ് നിവാസികളായ സന്തോഷ് പിള്ളയ്ക്കും ഹരിദാസ് തങ്കപ്പനും ജയ്‌മോഹനും കാത്തിരിപ്പിന്റെ ദിനങ്ങളാണ്. ഏകദേശം മൂന്നു വർഷമായി ഈ മൂവർസംഘം ഒരു വലിയ നാടകത്തിന്റെ പണിപ്പുരയിയിലായിരുന്നു. അമേരിക്കയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലായിരുന്നു ഈ പ്രയത്നം. അവരുടെ നിരന്തര പരിശ്രമത്തിനു വിരാമമിട്ടു കൊണ്ട് തങ്ങളുടെ സ്വപ്‌നസംരംഭമായ “എഴുത്തച്ഛൻ “എന്ന നാടകത്തിന് തിരശീല ഉയരുമ്പോൾ സന്തോഷിക്കുവാൻ ഏറെ വകയുള്ളതു അവർക്കു മാത്രമല്ല, പിന്നെയോ, കടൽ കടന്നു പതിറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും ഇന്നും മലയാളഭാഷയെയും സാഹിത്യത്തെയും കലയെയും ഉള്ളിന്റെ ഉള്ളിൽ കെടാവിളക്കായി സൂക്ഷിക്കുന്ന നല്ലൊരു ശതമാനം അമേരിക്കയിലെ മലയാളികൾക്കും കൂടിയാണ്. ഒപ്പം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കും കൂടിയാണ്.

നാടകം മരിക്കുന്നു...മലയാളം മരിക്കുന്നു എന്നൊക്കെ മുറവിളി കൂട്ടുന്ന ഈ കാലഘട്ടത്തിൽ, അമേരിക്കയിലിരുന്നു എഴുത്തച്ഛനെക്കുറിച്ചൊരു നാടകം എഴുതി തയ്യാറാക്കി, അത് വേദിയിൽ അവതരിപ്പിക്കുവാനുണ്ടായ തീരുമാനത്തിലേക്ക് എത്തുന്നത് എങ്ങിനെയാണ് ? വലിയ ഒരു ദൗത്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ...അതെന്തൊക്കെയായിരുന്നു?

സന്തോഷ് പിള്ള: സി രാധാകൃഷ്ണന്റെ അതി പ്രശസ്ത നോവലായ “തീക്കടൽ കടഞ്ഞ് തിരുമധുരം" വായിച്ചു കഴിഞ്ഞപ്പോൾ മലയാള ഭാഷ നിർമ്മിച്ചെടുത്ത്, പ്രചരിപ്പിക്കുന്നതിൽ എഴുത്തച്ഛൻ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങൾ നോവൽ വായിച്ചിരിക്കാത്ത ഭാഷാ സ്നേഹികളെയും അറിയിക്കണമെന്ന് ആഗ്രഹിച്ചു. ഇന്നത്തെ തലമുറ അറിയപ്പെടാതിരിക്കുന്ന, എഴുത്തച്ഛൻ എന്ന നവോത്‌ഥാനനായകനെ ആദരിക്കുവാനുള്ള എളിയ ശ്രമമാണ് ഈ നാടകം.


സാഹിത്യതല്പരരായ ഹരിദാസ് തങ്കപ്പന്റെയും, ജയ് മോഹന്റെയും സഹായത്തോടെ മൂന്നുവർഷത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് നാടകത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.


അനേകം നാടകങ്ങൾ അരങ്ങത്തെത്തിച്ചിരിക്കുന്ന ഡാലസ് ഭരതകല തീയേറ്റേഴ്സിലെ അഭിനേതാക്കൾ എഴുത്തച്ഛൻ നാടകത്തിലെ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്നു. സാമ്പത്തിക പരിമിതിമൂലം ഉന്നത വിദ്യാഭാസത്തിന് മാർഗ്ഗമില്ലാത്ത വിദ്യാർത്ഥികൾക്ക് മുന്നോട്ടു പോകുവാനുള്ള വഴികാട്ടികൊടുക്കുന്ന, "ലിറ്റ് ദി വേ" എന്ന സംഘടനയുടെ സഹായത്തോടെ ഡാലസിൽ സെപ്റ്റംബർ 16 ന് എഴുത്തച്ഛൻ അമേരിക്കൻ മണ്ണിൽ പുനർജനിക്കുമ്പോൾ, മലയാള ഭാഷയെ സ്നേഹിക്കുന്ന, കേരളക്കരയെ മനസ്സിൽ ലാളിക്കുന്ന എല്ലാവരുടെയും അനുഗ്രഹാശ്ശിസ്സുകൾ പ്രതീക്ഷിക്കുന്നു.

ഹരിദാസ് മുൻകൈ എടുത്തു പടുത്തുയർത്തിയ ഭാരതകലാ തീയറ്റേഴ്സിന്റെ ബാനറിൽ ആണല്ലോ എഴുത്തച്ഛൻ നാടകം അരങ്ങേറുന്നത്. എന്തുകൊണ്ടാണ് ഈ നാടകം ഭരതകല തീയറ്റേഴ്‌സ് തിരഞ്ഞെടുക്കുവാൻ കാരണം.

ഹരിദാസ്- സന്തോഷ് ചേട്ടൻ ഈ പുസ്തകത്തെക്കുറിച്ചും അതൊരു നാടകമാക്കി എഴുതി അവതരിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞപ്പോൾ ആദ്യം ഒരു അമ്പരപ്പാണ് തോന്നിയത്. കഥയുടെ ഒരു രീതിയൊക്കെ വെച്ച് നോക്കുമ്പോൾ ഇതെങ്ങിനെ പ്രായോഗികമാകുവാൻ സാധിക്കുമെന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ആ സമയത്തു ഞാനീ പുസ്തകം പൂർണ്ണമായി വായിച്ചിട്ടുമില്ലായിരുന്നു. എന്നാൽ സന്തോഷ് ചേട്ടന്റെ നിശ്ചയദാർഢ്യവും ഉത്സാഹവും മെല്ലെ എന്നെ ഈ നാടകത്തിന്റെ തിരക്കഥ എഴുത്തിലേക്ക് ആകര്ഷിക്കുകയായിരുന്നു. പുസ്തകം മുഴുവൻ വായിച്ച ശേഷം സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങിയപ്പോളാണ് ഇത് തീർച്ചയായും ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രമാണ് എന്ന തിരിച്ചറിവുണ്ടായത്. എത്ര പരിശ്രമിച്ചിട്ടാണെങ്കിലും ഇത് നാടകരൂപത്തിൽ കൂടുതൽ ആളുകളിലേയ്ക്ക് എത്തിപ്പെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. അങ്ങിനെയാണ് ഭരതകല തീയറ്റേഴ്സിന്റെ ബാനറിൽ ഇത് അരങ്ങേറാമെന്നുള്ള ധാരണയിൽ എത്തിയത്.

എഴുത്തച്ഛൻ നാടകം സെപ്റ്റംബർ 16 നു അരങ്ങേറുകയാണല്ലോ ? ഇതിന്റെ സ്ക്രിപ്റ്റിങ്ങിൽ സഹായിച്ച ആൾ എന്ന നിലയിൽ എന്താണ് ജെയ്മോഹന്റെ പ്രതീക്ഷകൾ ?

ജയമോഹൻ: കാലത്തിന്റെ കുത്തൊഴുക്കില്പെട്ടു ഒലിച്ചുപോയ ഒരു ഇതിഹാസത്തിന്റെ താളുകൾ വീണ്ടെടുക്കുവാൻ ഉള്ള ഒരു ശ്രമമായിരുന്നു എഴുത്തച്ഛൻ എന്ന നാടകത്തിന്റെ പണിപ്പുര. എഴുതുന്ന ഓരോ വാക്കും മലയാളമണ്ണ് കണ്ട ആദ്യത്തെ വിപ്ലവകാരിയുടെ ജീവചരിത്രത്തിന്റെ നിണമണികളായിട്ടാണ് വ്യക്തിപരമായിട്ടു എനിക്ക് അനുഭവപ്പെട്ടത്. ഞങ്ങളുടെ ഈ ശ്രമം എഴുത്തച്ഛൻ എന്ന മഹാവ്യക്തിത്വത്തിന്റെ മൺമറഞ്ഞുപോയ ഓർമ്മകൾക്ക് പകിട്ടാർന്ന ചായങ്ങൾ പൂശി കാണികളുടെ ചേതോമണ്ഡലങ്ങളിൽ മായാത്ത മുദ്രകൾ പതിക്കുവാനുതകുമായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ.


ഡാളസിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും നാടക കൃത്തുമാണല്ലോ അങ്ങ്. അമേരിക്കയിലെ താങ്കളുടെ നാടക പ്രവർത്തനങ്ങളെക്കുറിച്ചു ഒന്ന് വിശദീകരിക്കാമോ ?

സന്തോഷ് പിള്ളഃ ആദ്യമായി എഴുതിയ നാടകം സൂര്യപുത്രനാണ്. അത് അമേരിക്കയിലെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയും ഡാളസിലെ തന്നെ പല വേദികളിൽ അവതരിപ്പിക്കുവാൻ അവസരം ലഭിക്കുകയും ചെയ്തു. അപ്പോളാണ് കോവിഡിന്റെ അധിനിവേശത്തിൽ ലോകം നിശ്ചലമായതും കലാപ്രവർത്തനങ്ങളൊക്ക നിലച്ചതും. കോവിഡ് കാലത്താണ് ഈ നാടകത്തിന്റെ ആലോചന ഉണ്ടാവുന്നതും ഞങ്ങൾ മൂന്നു പേരും കൂടി എഴുതാൻ തുടങ്ങുന്നതും. അതിനു മുമ്പ് പല സ്കിറ്റുകളും എഴുതി അവതരിപ്പിച്ചിട്ടുണ്ട്.

എന്തൊക്കെയാണ് നാടകത്തെക്കുറിച്ചുള്ള താങ്കളുടെ പ്രതീക്ഷകൾ ?

ഹരിദാസ് : നാടകത്തിന്റെ പ്രീമിയർ ആണ് സെപ്റ്റംബർ 16 നു ഡാലസിൽ അരങ്ങേറുന്നത്. നാടകം ഒരു വൻവിജയമാകുമെന്നു തന്നെയാണെന്റെ വിശ്വാസം. അമേരിക്കയിലെ മറ്റു സംസ്‌ഥാനങ്ങളിലെല്ലാം ഞങ്ങൾക്ക് വേദികൾ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. മലയാളഭാഷയെ നെഞ്ചോടു ചേർത്ത് നിർത്തുന്നവർ ഉള്ളിടത്തോളം കാലം ഞങ്ങളുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കില്ലന്നു തന്നെയാണ് വിശ്വാസം.

താങ്കൾ ഡാലസിൽ അറിയിൽപ്പെടുന്ന ഒരു ഷോർട് ഫിലിം ഡയറക്ടർ ആണല്ലോ. നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിനിമയിലെ ഈ മുന്പരിചയങ്ങൾ എങ്ങിനെയാണ് നാടകത്തിനു ഉപകാരപ്പെട്ടതു്?

ജയ് മോഹൻ : നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ചിരുന്ന എഴുത്തച്ഛൻ എന്ന മഹത്‌വ്യക്തിത്വത്തിന്റെ കഥപറയുമ്പോൾ നടക്കല്ലായി ഞങ്ങള്ക്കുണ്ടായിരുന്നത് "തീക്കടൽ കടഞ്ഞ് തിരുമധുരം" എന്ന ശ്രീ സി.രാധാകൃഷ്ണൻന് സാറിറെ പുസ്തകമായിരുന്നു. ആ താളുകളിലെ അക്ഷരങ്ങൾ മജ്ജയും മാംസവുമുള്ള കഥാപാത്രങ്ങളായി ദൃശ്യവൽക്കരിക്കപ്പെടുമ്പോൾ പലപ്പോഴും മുന്പുചെയ്ത ചലച്ചിത്രങ്ങളുടെ സംവിധാനപ്രക്രിയ എന്നെ വ്യക്തിപരമായി സഹായിച്ചിട്ടുണ്ട്. അതൊരുപക്ഷേ ഒരു കഥാപാത്രത്തിന്റെ ചേഷ്ടകൾ രൂപപ്പെടുത്തുന്നതിലായിരിക്കും അല്ലെങ്കിൽ ചിലപ്പോൾ അവരുടെ നടനരീതികൾ നിർണയിക്കുന്നതിലായിരിക്കും. മുന്നിലിരിക്കുന്ന കാണികളുടെ മനസ്സിൽ വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടാക്കാൻ ഓരോ രംഗത്തിനും സാധിക്കുന്നുവോ എന്ന് ചിന്തിക്കാൻ എനിക്ക് കഴിയുന്നത് നേരത്തെ സൂചിപ്പിച്ച സിനിമാസംവിധാനത്തിന്റെ ഒരു പാർശ്വഫലമായിരിക്കും എന്ത് മെസ്സേജാണ് ഈ നാടകത്തിലൂടെ അങ്ങ് മലയാളികൾക്ക് നൽകുവാൻ ഉദ്ദേശിക്കുന്നത്.?

സന്തോഷ് പിള്ള : സ്വന്തം ജീവൻ പോലും ബലിയർപ്പിച്ചു കൊണ്ട് സമൂഹത്തിൽ സമത്വം അറിവുപകരുന്നതിലൂടെ നടപ്പിലാക്കുവാൻ ശ്രമിച്ച മഹാനായ ഒരു ഭാഷാസ്നേഹിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, അത് വഴി പഴയ തലമുറ എത്രത്തോളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നോർമ്മിപ്പിക്കുക. ഇതാണ് എഴുത്തച്ഛനെന്ന നാടകത്തിലൂടെ ലോകത്തിനു കൊടുക്കുവാനുള്ള സന്ദേശം.

താങ്കളുടെ നാടക ട്രൂപ്പായ ഭരതകല തീയറ്റേഴ്സിനെക്കുറിച്ചൊന്നു പറയാമോ.?

ഹരിദാസ്: ഏകദേശം അഞ്ചു വര്ഷങ്ങള്ക്കു മുൻപ് സുഹൃത്ത് അനശ്വർ മാമ്പിള്ളിയുമായി ചേർന്ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ് ഭരതകല തീയറ്റേഴ്സ്. ഡാളസ് പരിസര പ്രദേശത്തുള്ള മലയാളികളായ കലാപ്രതിഭകളെ അരങത്തേക്ക് കൊണ്ട് വരുക, അവർക്ക് ഒരു അവസരം കൊടുക്കുക, അത് വഴി മലയാളനാടകപ്രസ്ഥാനത്തിനു ഞങ്ങളുടെതായ എളിയ സംഭാവനകൾ നൽകുക എന്നതായിരുന്നു ഉദ്ദേശം. ഭാരതകലയുടെ ആദ്യത്തെ നാടകം അരങ്ങേറുന്നത് 2018 ലായിരുന്നു. ഐർലണ്ടിലുള്ള സുഹൃത്ത് സലിൻ ശ്രീനിവാസ് എഴുതിയ “ലോസ്റ്റ് വില്ലയെന്ന” നാടകം സംവിധാനം ചെയ്‌തഭിനയിച്ചു് ടെക്‌സാസിലെ പല പട്ടണങ്ങളിൽ വിജയകരമായി അവതരിപ്പിച്ചു. ഇന്നും ലോസ്റ്റ് വില്ല പെരുന്നാളുകളിലേയ്ക്കും ധനസമാഹരണപരിപാടികള്ക്കായും ക്ഷണിക്കപ്പെടാറുണ്ട്. പ്രണയാർദ്രം, സൂര്യപുത്രൻ, സൈലന്റ് നൈറ്റ് എന്നി നാടകങ്ങളും വൻപിച്ച വിജയമായിരുന്നു. എഴുത്തച്ഛന് ശേഷം ഞങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന നാടകം സലിൻ ശ്രീനിവാസന്റെ തന്നെ രചനയായ “ഇസബെല്ലയാ”ണ്. അത് 2024 ലേക്ക് അരംഗിലെത്തിക്കണം എന്നാണ് ആഗ്രഹം.

മൂന്നു പേര് ഒരുമിച്ച് ഒരു സ്ക്രിപ്റ്റ് എഴുതുക എളുപ്പമായിരുന്നോ ? എന്തായിരുന്നു നിങ്ങളുടെ ഒരു രീതി.?

ജയമോഹൻ: മനസ്സിൽ അഹംഭാവങ്ങളും അഹങ്കാരങ്ങളും തീണ്ടാത്ത, വാക്കുകളെയും ഭാവനകളെയും സ്നേഹിക്കുന്ന മൂന്നുപേർ രചനയ്ക്കായി ഒത്തുകൂടുമ്പോൾ സാഹിത്യസൃഷ്ടി മാദകലഹരിയാകും എന്നതിനുള്ള ഉത്തമസാക്ഷ്യമായിരുന്നു എഴുത്തച്ഛൻ എന്ന നാടകത്തിന്റെ എഴുത്തുവേളകൾ. സമയരഥത്തിൽ മൂന്നുപേർ ഒരുമിച്ചു നൂറ്റാണ്ടുകളോളം പുറകോട്ടേയ്ക്കു സഞ്ചരിക്കുക, എഴുത്തച്ഛനെ ബോധമണ്ഡലത്തിൽ ഒരുമിച്ചുകാണുക, അദ്ദേഹത്തിന്റെ വികാരങ്ങളും വിചാരങ്ങളും മനസ്സിലാക്കി തിരികെ യാത്രചെയ്തു കടലാസുകഷ്ണങ്ങളിൽ ആ കണ്ടകാര്യങ്ങൾ വാക്കുകളുടെ മുത്തുമാലകളാക്കുക. ഒരുപക്ഷെ മൂന്നുകൊല്ലം അനുഭവിച്ച ഈ പരമാനന്ദം ഞങ്ങൾക്ക് മൂന്നുപേർക്കും മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു.

ഈ നാടകത്തിന്റെ സ്ക്രിപ്റ്റ് എഴുത്തിൽ നിങ്ങൾ നേരിട്ട വെല്ലുവിളികൾ, പ്രതിസന്ധികൾ എന്തൊക്കെയായിരുന്നു.? അത് പോലെ തന്നെ പ്രശസ്ത സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണന്റെ "തീക്കടൽ കടഞ്ഞ് തിരുമധുരം" ആണ് ഈ നാടകമെഴുതുവാൻ താങ്കളെ പ്രോത്സാഹിപ്പിച്ച ഘടകം എന്ന് പറഞ്ഞല്ലോ. ഇതറിഞ്ഞപ്പോൾ ശ്രീ. സി. രാധാകൃഷ്ണൻ സാറിന്റെ പ്രതികരണം എന്തായിരുന്നു ?

സന്തോഷ് പിള്ള :

നാനൂറ്റി എഴുപതു പേജുകളുള്ള “തീക്കനൽ കടഞ്ഞ് തിരുമധുര”മെന്ന നോവൽ നാടകം ആക്കുമ്പോൾ അതിലെ പ്രധാന സംഭവങ്ങളുടെ പ്രാധാന്യം കുറഞ്ഞു പോകുമോ എന്നുള്ളതായിരുന്നു വലിയ ഒരു വെല്ലുവിളി. സി. രാധാകൃഷ്ണൻ സാർ ഏകദേശം പത്തു വർഷത്തിൽ കൂടുതൽ സമയമെടുത്ത് വളരെ കാര്യമായി റിസേർച്ചു ചെയ്തു എഴുതിയിരിയ്ക്കുന്ന ഒരു നോവൽ എടുത്തു നാടകമാക്കുക എന്നുള്ളത് ഒരു ബാലികേറാ മലയായി തോന്നിയെങ്കിലും ഞങ്ങൾ മൂന്നു വർഷമെടുത്തു പരിശ്രമിച്ചു.
ഒരു ഉൾവിറയലോടെയാണ് ഞങ്ങൾ രാധാകൃഷ്ണൻ സാറിനു നാടകത്തിന്റെ സ്ക്രിപ്റ്റു് അയച്ചു കൊടുത്തത്. എന്നാൽ എഴുത്തച്ഛന്റെ ആത്മാവും നോവലിന്റെ അന്തസത്തയും ഒരേ പോലെ ഉൾക്കൊള്ളുവാൻ തിരക്കഥയ്ക്കു സാധിച്ചു എന്നും നോവലിനോട് നീതി പുലർത്തിയെന്നു നോവലിസ്റ്റ് തന്നെ പറഞ്ഞപ്പോൾ ഞങ്ങൾക്ക് സമാധാനമായി.

ഉപസംഹാരംഃ
പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന കാലത്തു ജീവിച്ച എഴുത്തച്ഛനെന്ന ആധുനിക മലയാള ഭാഷയുടെ പിതാവിനു ഏഴു കടലും കടന്നു വന്ന ഒരു തലമുറയുടെ ഈ സ്നേഹോപഹാരം എന്ത് കൊണ്ടും അഭിന്ദനം അർഹിക്കുന്നു. കവിയുടെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തുഞ്ചൻ പറമ്പിന്റെ പ്രശസ്തി ഇനിയും ലോകം മുഴുവൻ പരക്കാൻ ഈ നാടകത്തിനു ഇടയാവട്ടെ. എഴുത്തച്ഛനെക്കുറിച്ചോ അദ്ദേഹത്തിന്റെ കിളിപ്പാട്ട് പ്രസ്ഥാനത്തെക്കുറിച്ചു കേട്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് ഇതൊരു പുത്തൻ പാഠമാകട്ടെയെന്നു ആശംസിക്കാം. ഒപ്പം പഴയ തലമുറയ്ക്ക് ഒരോർമ്മ പുതുക്കലും. വിദേശ രാജ്യങ്ങളിലേക്ക് കുറിയേറുമ്പോൾ മാതൃഭാഷയെ തള്ളിപ്പറയുന്ന ധാരാളം പേരുടെയിടയിൽ സന്തോഷ് പിള്ളക്കും ഹരിദാസ് തങ്കപ്പനും ജയ് മോഹനും തങ്ങളുടെ ഈ നിസ്വാർത്ഥസംരംഭത്തിൽ തീർച്ചയായും അഭിമാനിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ART, ART NEWS, EZHUTHACHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.