
മനുഷ്യർ നടത്തിയ നിരവധി കണ്ടെത്തലുകൾ ഇന്ന് ലോകത്ത് നിലവിലുണ്ട്. ആണവോർജവും, വാഹനങ്ങളും പ്ളാസ്റ്റിക്കും, ആയുധങ്ങളും വൈദ്യുതിയും അങ്ങനെ അവ പലതുണ്ട്. എന്നാൽ ഇവയെല്ലാം കണ്ടെത്തി മനുഷ്യർ പണ്ടുകാലം മുതൽ നിലനിന്ന ഭൂമിയെ നശിപ്പിച്ചു എന്നാണ് പലപ്പോഴും പരിസ്ഥിതി വാദികളടക്കം പറയുന്നത്. എന്നാൽ കാര്യങ്ങൾ കരുതുന്നതുപോലെ അത്ര മോശമല്ല. ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യന്റെ ആദ്യ പൂർവികനും നിയാൻഡർതാലുകൾ എന്ന വംശനാശം വന്ന സമാന മനുഷ്യവംശവും ലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് ഈ ഭൂമിയിൽ ചില നല്ല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട് എന്നാണ് പഠനങ്ങളിൽ തെളിയുന്നത്.

ആ രണ്ട് ശീലങ്ങൾ കൊണ്ടുവന്ന മാറ്റം
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് എന്നാണ് നാം പഠിച്ചിട്ടുള്ളത്. കൂട്ടമായി ജീവിക്കാൻ താൽപര്യപ്പെടുന്നവർ. നിയാൻഡർതാലുകളും അത്തരം മനുഷ്യരായിരുന്നു. കൃഷി ചെയ്‌ത് തുടങ്ങിയതോടെയാണ് വിവിധ സംസ്‌കാരങ്ങളായി മനുഷ്യർ വികസിച്ചത് എന്നാണ് ഇതുവരെ ലഭ്യമായ അറിവ്. എന്നാൽ യൂറോപ്പിലെ നിയാൻഡർതാലുകളെക്കുറിച്ചും ആധുനിക മനുഷ്യന്റെ പൂർവികരെക്കുറിച്ചും ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനം 'പ്ളൊസ്‌വൺ' എന്ന ശാസ്‌ത്രസൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പറയുന്നത് പ്രകാരം കൃഷി ശീലമാക്കുന്നതിനും ഒരിടത്തു തന്നെ സ്ഥിരതാമസമാക്കുന്ന ശീലം തുടങ്ങുന്നതിന് മുൻപുതന്നെ അവരുടെ ചില ശീലങ്ങൾ ഭൂമിയെ മാറ്റിമറിക്കാൻ ഇടയാക്കി എന്നാണ്.
കൃഷി കണ്ടെത്തും മുൻപ് ചെറിയ വേട്ടസംഘങ്ങളായാണ് മനുഷ്യർ കഴിഞ്ഞിരുന്നത്. ഇങ്ങനെ സംഘങ്ങളായി കഴിയുന്നവരുടെ വേട്ട കൊണ്ടും തീയുടെ ഉപയോഗം കൊണ്ടും ലോകത്തെ മാറ്റുന്നതിന് അവർക്കായി. 1,25,000 മുതൽ 1,16,000 വർഷങ്ങൾക്ക് മുൻപ് നിലനിന്ന അവസാനത്തെ ഇന്റർ ഗ്ളേഷിയൽ കാലഘട്ടം, 12,000 മുതൽ 8000 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ആദ്യകാല ഹോളോസീൻ കാലഘട്ടം ഈ രണ്ട് കാലഘട്ടങ്ങളെയും പഠിച്ചാണ് ഗവേഷകർ തങ്ങളുടെ അനുമാനത്തിൽ എത്തിയത്.

കണ്ടെത്തിയത് കമ്പ്യൂട്ടർ മാതൃക വഴി
അന്നത്തെ പൂമ്പൊടിയിലെ ഫോസിലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ കമ്പ്യൂട്ടർ മാതൃക തയ്യാറാക്കി മനുഷ്യപ്രവർത്തനങ്ങൾ അക്കാലത്ത് സസ്യങ്ങളുടെ വളർച്ചയെ എങ്ങനെ ബാധിച്ചു എന്നവർ പഠിച്ചു. മനുഷ്യശീലങ്ങളായ വേട്ടയും തീയുടെ ഉപയോഗവും എല്ലാം മാറ്റിമറിച്ചെന്ന് അവർ മനസിലാക്കി. 'കാലാവസ്ഥാ വ്യതിയാനമോ, അന്ന് ഭൂമിയിലുണ്ടായിരുന്ന ഭീമൻ സസ്യാഹാരികളായ ജീവികളോ, സാധാരണയായുണ്ടാകുന്ന തീപിടിത്തമോ മാത്രമല്ല മാറ്റങ്ങൾക്ക് കാരണം.' ഗവേഷണ സംഘത്തിലെ അംഗമായ അർഹസ് സവകലാശാല പ്രൊഫസർ ജെൻസ് ക്രിസ്റ്റ്യൻ സ്വെന്നിംഗ് പറയുന്നു. അതിന് മനുഷ്യനും ഒരു കാരണമാണ്.
വനത്തിന്റെ വ്യാപ്‌തി കൂട്ടിയ മനുഷ്യർ
നിയാൻഡർതാലുകൾ ജീവിച്ചിരുന്ന കാലത്ത് വലിയ വലിപ്പമേറിയ ആനകളും, കുതിരകളും കാണ്ടാമൃഗങ്ങളും ഭൂമിയിലുണ്ടായിരുന്നു. ഇവയുടെ എണ്ണത്തിൽ അൽപം കുറവുവരുത്താൻ വേട്ടയാടലിലൂടെ നിയാൻഡർതാലിന് കഴിഞ്ഞു.ആധുനിക മനുഷ്യരുടെ കാലത്താകട്ടെ വേട്ടയാടലിൽ സസ്യജാലങ്ങളുടെ ഭൂമിയിലെ വിതരണത്തെ കാര്യമായി ബാധിച്ചു. മുൻപുള്ളതിലും 47 ശതമാനം വരെ മാറ്റമാണ് ഭൂമിയിൽ ഇത് വരുത്തിയത്. സസ്യാഹാരികളായ ജീവികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതോടെ ഭൂമിയിൽ വനത്തിന് വ്യാപ്‌തിയും ആഴവും കൂടി.

യൂറോപ്പിന് പുറമേ അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും ഭൂമിയുടെ മാറ്റത്തിന് ആദ്യകാല മനുഷ്യർ കാരണമായിട്ടുണ്ടോ എന്നത് ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. കാരണം ഇവിടങ്ങളിൽ ആധുനിക മനുഷ്യർ എന്ന ഹോമോസാപ്പിയൻസ് എത്തിയപ്പോൾ മറ്റ് മനുഷ്യവർഗങ്ങൾ ഇല്ലായിരുന്നു. ആദ്യകാല മനുഷ്യരെക്കുറിച്ച് പ്രാദേശികമായി ലഭിച്ചിട്ടുള്ള പഠനങ്ങളും ഇതിന് ആവശ്യമാണ്. ഇതുവഴി പുരാതനകാലത്തെ ഭൂമിയെ മനുഷ്യർ മാറ്റിയെടുത്തതെങ്ങനെ എന്ന് വ്യക്തമായി അറിയാനാകും എന്നാണ് പഠനം നടത്തിയ സംഘത്തിലെ ജെൻസ് ക്രിസ്റ്റ്യൻ സ്വെന്നിംഗ് പറയുന്നത്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |