ഇന്ത്യയ്‌ക്കൊപ്പം 1947ല്‍ സ്വാതന്ത്ര്യം നേടുകയും ഇസ്ലാമിക രാഷ്ട്രമായി രൂപീകരിക്കപ്പെടുകയും ചെയ്ത രാജ്യമാണ് പാകിസ്ഥാന്‍. രൂപീകൃതമായ അന്നുമുതല്‍ അസ്ഥിരതയിലൂടെയും നിരവധിയായ അട്ടിമറിയിലൂടെയും അസഹിഷ്ണുതയിലൂടെയുമാണ് ആ രാജ്യം കടന്നുപോയിട്ടുള്ളത്. ഏഷ്യയിലെ കുത്തഴിഞ്ഞ, കെട്ടുറപ്പില്ലാത്ത, മനുഷ്യത്വമില്ലാത്ത, മാനവവിരുദ്ധ രാഷ്ട്രമായി മാറിയ അഫ്ഗാനിസ്ഥാന്റെ നിലയിലേക്ക് തന്നെയാണ് ജനാധിപത്യത്തിന് ഒട്ടും വേരോട്ടമില്ലാത്ത പാകിസ്ഥാന്റെയും ഗതി. പാകിസ്ഥാന്റെ രാഷ്ട്രീയ, സാമ്പത്തിക മേഖലയാകെ തകര്‍ന്നു തരിപ്പണമായെന്നും ശ്രീലങ്കയെക്കാള്‍ പരിതാപകരമാണ് രാജ്യത്തിന്റെ ധനസ്ഥിതിയെന്നും അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.
ഭാരത സംസ്‌കൃതിയുടെ ഈറ്റില്ലമായിരുന്ന ഒരു ഭൂവിഭാഗമാണ് സ്വാതന്ത്ര്യ ലബ്ധിയോടെ പാകിസ്ഥാന്‍ എന്ന മതരാഷ്ട്രമായി വിഘടിച്ചുപോയത്. ആ മണ്ണിന്റെ പാരമ്പര്യത്തിനും സംസ്‌കൃതിക്കും ഒട്ടും യോജിക്കാത്ത കാലഹരണപ്പെട്ട ഒരു മതസംഹിതയെയും അതിന്റെ സ്ത്രീ വിരുദ്ധമായ ദുരാചാരങ്ങളെയും പൊതുനിയമമാക്കി ഭരണം തുടങ്ങിയ സന്ദര്‍ഭത്തില്‍ തന്നെ പാകിസ്ഥാന്‍ സാംസ്‌കാരികമായി പിന്നാക്കം പോകാനും തുടങ്ങി. ജനാധിപത്യമോ മതേതരവും പുരോഗമനാത്മകവുമായ ഒരു ചിന്ത പോലുമോ ആ മണ്ണിലേക്കെത്താന്‍ പാകിസ്ഥാനിലെ മതഭീകരവാദികളായ പൗരോഹിത്യമോ, സൈന്യമോ അനുവദിക്കില്ല. അതുകൊണ്ടു തന്നെ പരിഷ്‌കൃതമായി വളരാനോ വികസിക്കാനോ ഈ പ്രതിലോമ ശക്തികള്‍ ആ രാജ്യത്തെ അനുവദിക്കില്ല.
ദാരിദ്ര്യം പാകിസ്ഥാനില്‍ പിടിമുറുക്കിക്കഴിഞ്ഞു. 40 ശതമാനമാണ് പണപ്പെരുപ്പം. അവശ്യ സാധനങ്ങള്‍ക്കെല്ലാം തീ വിലയായതിനാല്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2023 ജൂണില്‍ അന്താരാഷ്ട്ര നാണയനിധി അനുവദിച്ച 25,000 കോടി രൂപ കൊണ്ടാണ് പട്ടിണിയില്‍ നിന്ന് കഷ്ടിച്ച് രക്ഷനേടിയിരിക്കുന്നത്. പത്തരലക്ഷം കോടി വിദേശകടമുള്ള ഒരു രാജ്യത്തിന് ഇനി കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ഐഎംഎഫും സുഹൃത് രാഷ്ട്രങ്ങളും മടിക്കും. പാകിസ്ഥാന്റെ വിദേശ നാണ്യശേഖരമാകട്ടെ വെറും മൂന്നര ബില്യണ്‍ മാത്രമാണ്. വിദേശ കടത്തിന്റെ തിരിച്ചടവിന് യാതൊരു വഴിയുമില്ലാതെ ഉഴറുകയാണ് സര്‍ക്കാര്‍. ചൈനയെ പോലെ നേരും നെറിയുമില്ലാത്ത ഒരു രാഷ്ട്രത്തില്‍ നിന്നെടുത്ത കടങ്ങള്‍ പാകിസ്ഥാനെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചിരിക്കുകയാണ്. ചൈന ശ്രീലങ്കയ്ക്ക് വായ്പകൾ വാരിക്കോരി കൊടുക്കുകയും ഒടുവിൽ വായ്പകൾകൊണ്ട് കെട്ടി പൊക്കിയ പദ്ധതികള്‍ പലതും സ്വന്തം നിയന്ത്രണത്തിലാക്കുകയും ചെയ്ത പോലെയാണ് പാകിസ്ഥാന്റെയും അവസ്ഥ. ഇന്ത്യയുടെ വളര്‍ച്ചയും ആഗോള അംഗീകാരവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന പാകിസ്ഥാനിലും ശ്രീലങ്കയിലും പഴുതുകള്‍ തേടുന്നതെന്ന കാര്യം അറിയാതെയല്ല ഈ രാജ്യങ്ങള്‍ ചൈനയ്ക്ക് മുന്നില്‍ കഴുത്ത് വച്ചുകൊടുക്കുന്നത് , മറിച്ച് നിസ്സഹായത ഒന്നുകൊണ്ട് മാത്രമാണ്.
മതരാഷ്ട്രമായ പാകിസ്ഥാന്‍ അനുഭവിക്കുന്ന മറ്റൊരു ദുരന്തം മതഭീകരവാദികളുടെ അഴിഞ്ഞാട്ടമാണ്. മതതീവ്രതയുടെ അനുപാതത്തിന്റെ തോതനുസരിച്ച് പരസ്പരം പോരാടുന്ന മതഭീകര്‍ക്കിടയില്‍ ദുരിതജീവിതം നയിക്കുകയാണ് അവിടുത്തെ സാധാരണ മതവിശ്വാസികളും മറ്റ് ന്യൂനപക്ഷങ്ങളും. മുജാഹിദീനുകളും താലിബാനുകളും തുടങ്ങി നിരവധി മതഭീകര സംഘടനകള്‍ ജനജീവിതം തന്നെ ദുസ്സഹമാക്കിയിരിക്കുകയാണ് പാകിസ്ഥാനില്‍. ഇവര്‍ എല്ലാം ചേര്‍ന്ന് പ്രാകൃതമാക്കിയ ഈ ഭൂവിഭാഗത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുകയാണ് ഓരോ പാക്പൗരനും. ലോകത്ത് ഏറ്റവുമധികം മനുഷ്യക്കടത്ത് നടക്കുന്ന രാഷ്ട്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പാകിസ്ഥാന്‍. വീടും നാടും ഉപേക്ഷിച്ച് പാകിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ മനുഷ്യക്കടത്ത് മാഫിയകള്‍ ചൂഷണം ചെയ്യുകയാണ്. പാകിസ്ഥാനില്‍ നിന്ന് ജനാധിപത്യരാഷ്ട്രങ്ങളിലേക്ക് കടലിലൂടെ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിഭാഗവും കടലിന്റെ ആഴങ്ങളിൽ അവസാനിക്കുകയാണ്. ഓരോ മാസവും നൂറുകണക്കിന് പാക് പൗരന്മാരാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ മുങ്ങിമരിക്കുന്നത്. സമ്പന്നരും രാഷ്ട്രീയ നേതാക്കളും പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറുകയോ അഭയം തേടുകയോ ചെയ്യുമ്പോള്‍ പലായനത്തിന് വഴിയില്ലാതെ വിധിയെ പഴിച്ച് ജീവിക്കുകയാണ് പാകിസ്ഥാനിലെ സാധാരണ പൗരന്മാര്‍.
ഒരു കാലത്ത് അമേരിക്കയുടെ കരുവായിരുന്ന പാകിസ്ഥാനെ അമേരിക്ക പൂര്‍ണ്ണമായും കൈവിട്ടുകളഞ്ഞതോടെയാണ് പാക് ഭരണകൂടം ചൈനയോട് ചായ്‌വ് കാട്ടാന്‍ തുടങ്ങിയത്. ഗൂഢമായ അജണ്ടകളുള്ള ചൈനയുമായുള്ള സഹകരണം പാകിസ്ഥാനെ ഭീമമായ കടത്തിലും അന്താരാഷ്ട്ര അവമതിപ്പിനും മാത്രമാണ് സഹായിച്ചത്. അമേരിക്ക അഫ്ഗാനെ പൂര്‍ണ്ണമായി ഉപേക്ഷിച്ചതോടെ മതഭീകരതയുടെ അരാജകത്വം അഫ്ഗാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടന്നുകയറാനും ഇടയായി. ജനാധിപത്യത്തിനും തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്കും മുകളില്‍ സ്വാധീനം ചെലുത്തുന്ന സൈന്യം, ഇസ്ലാമിക സ്വത്വബോധം, കാലഹരണപ്പെട്ട മതസംഹിതയില്‍ അധിഷ്ഠിതമായ കാട്ടുനീതികള്‍ എല്ലാം ചേര്‍ന്ന് ശരിക്കും വെള്ളരിക്കപ്പട്ടണമാക്കിയിക്കുകയാണ് പാകിസ്ഥാനെ. അധിനിവേശ കശ്മീരിലും മറ്റ് പ്രവിശ്യകളിലും ജീവിക്കുന്ന പാക് പൗരന്മാര്‍ ഇന്ത്യയോട് ആഭിമുഖ്യം കാട്ടുന്നുവെങ്കിലും ഇന്ത്യന്‍ പൗരത്വനിയമങ്ങള്‍ അവരുടെ അത്തരം പ്രതീക്ഷകളും ഇല്ലാതാക്കുന്നു.
മതവും സൈന്യവും അഴിമതിക്കാരായ ഭരണാധിപന്മാരും രാഷ്ട്രീയക്കാരും പ്രകൃതിദുരന്തങ്ങളും ചേര്‍ന്ന് ചവിട്ടിപിഴിയുന്ന പാകിസ്ഥാന്‍ പശ്ചിമ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ഒരു ഭീഷണിയായി മാറുകയാണ്. സമചിത്തതയില്ലാത്ത ഭരണാധികാരികളും സൈന്യവും ചേര്‍ന്ന് ഭരിക്കുന്ന പാകിസ്ഥാനില്‍ മതഭീകരരും ഭ്രാന്തരുമായ ഒരു വിഭാഗം ശക്തിയാര്‍ജ്ജിച്ച് വരികയാണ്. ന്യൂക്ലിയര്‍ ബോംബുകളുടെ എണ്ണത്തില്‍ ആറാമത് നില്‍ക്കുന്ന ഈ രാഷ്ട്രത്തെ ഈ ഭ്രാന്തന്മാര്‍ കൈപ്പിടിയിലൊതുക്കിയാല്‍ അത് ഏഷ്യന്‍ ഭൂഖണ്ഡത്തിന് മാത്രമല്ല, മാനവരാശിക്കാകെ ഏറെ വിനയാകും. ഐക്യരാഷ്ട്ര സംഘടനയുടെയും അതിലെ ജനാധിപത്യ അംഗരാഷ്ട്രങ്ങളുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ട വിഷയമാണ് പാകിസ്ഥാന്റെ അവസ്ഥ. അല്ലാത്തപക്ഷം ലോകത്തിനുതന്നെ ഈ രാഷ്ട്രം തലവേദനയാകും.
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |