ചെന്നൈ: ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങൾ കൈവരിച്ച വർഷമായിരുന്നു 2023. ചന്ദ്രയാൻ 3ന്റെ വിജയം കൂടാതെ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എൽ1 വിജയത്തിലേക്കടുക്കുന്നു. ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കാനുള്ള ദൗത്യവും പണിപ്പുരയിലാണ്. ബരിരാകാശ രംഗത്തെ നേട്ടങ്ങൾക്കൊപ്പം മറ്റൊരു മേഖലയിലും മേധാവിത്വം നേടാനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയിപ്പോൾ.
സമുദ്രാന്തർഭാഗത്തേയ്ക്കാണ് ഇന്ത്യ അടുത്ത ചുവടുവയ്ക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ പേടകം വഴി മനുഷ്യരെ സമുദ്രോപരിതലത്തിൽ നിന്ന് 6,000 മീറ്റർ താഴ്ച്ചയിലേയ്ക്ക് എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ ദൗത്യവുമായി ബന്ധപ്പെട്ട ആകാംക്ഷഭരിതമായ വിവരങ്ങൾ കേന്ദ്രമന്ത്രി കിരൺ റിജിജു അടുത്തിടെ എക്സ് പ്ളാറ്റ്ഫോമിൽ പങ്കുവച്ചിരുന്നു.
സമുദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി പര്യവേഷകരെ സമുദ്രാന്തർ ഭാഗത്തേയ്ക്കെത്തിക്കുന്ന മത്സ്യ 6000 എന്ന പ്രത്യേക അന്തർവാഹിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് മന്ത്രി പങ്കുവച്ചത്. പേടകത്തിന് ഉള്ളിലിരുന്ന് മന്ത്രി നിർമാണ പുരോഗതി വിലയിരുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയ്ക്ക് (NIOT) ആണ് മത്സ്യ 6000ന്റെ നിർമാണ ചുമതല.
ഓഷ്യൻഗേറ്റിന്റെ ടൈറ്റൻ പേടകം മർദ്ദം താങ്ങാനാകാതെ ഉൾവലിഞ്ഞുണ്ടായ ദുരന്തം സമുദ്രാന്തർഭാഗം എത്രമാത്രം അപകടകരമാണെന്ന് വെളിവാക്കുന്നതാണ്. അതിനാൽ തന്നെ വലിയ തോതിലുള്ള മർദ്ദം ചെറുക്കാനായി പ്രത്യേക രീതിയിലാണ് പേടകം നിർമിച്ചിരിക്കുന്നത്. മൂന്ന് പര്യവേഷകരെ സമുദ്രത്തിന് ആറ് കിലോമീറ്റർ താഴ്ചയിലേയ്ക്ക് എത്തിക്കുകയാണ് മത്സ്യ 6000ന്റെ ലക്ഷ്യം. എന്നാൽ 500 മീറ്റർ താഴ്ച്ചയിലേക്കായിരിക്കും പേടകം ആദ്യമായി ഊളിയിടുക.
Next is "Samudrayaan"
— Kiren Rijiju (@KirenRijiju) September 11, 2023
This is 'MATSYA 6000' submersible under construction at National Institute of Ocean Technology at Chennai. India’s first manned Deep Ocean Mission ‘Samudrayaan’ plans to send 3 humans in 6-km ocean depth in a submersible, to study the deep sea resources and… pic.twitter.com/aHuR56esi7
ബഹിരാകാശത്തോളം സമുദ്രാന്തർഭാഗം പര്യവേഷണത്തിന് വിധേയമായിട്ടില്ല എന്നത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. അതുപോലെ തന്നെ വെല്ലുവിളികളും സൃഷ്ടിക്കുന്നു. കടലിനടിയിലെ ധാതുശേഖരണവും പ്രത്യേക ആവാസ വ്യവസ്ഥയും അടുത്തറിയാനും വിവരശേഖരണത്തിനും സമുദ്രയാൻ ദൗത്യം സഹായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |