കൊച്ചി: ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളിൽ കായിക താരത്തിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുകയാണ് ചാർലിയെന്ന തെരുവ് നായ. പി.ടി മാഷ് കുട്ടികളോട് ലൈനപ്പ് പറഞ്ഞാൽ ചാർലിയും ഓടിവന്ന് നിരതെറ്റാതെ നിൽക്കും.
ഫുട്ബോൾ കളി തുടങ്ങിയാൽ ഗ്രൗണ്ട് നിറഞ്ഞ് പന്തിനു പിന്നാലെ പായും. പന്ത് തട്ടിയെടുത്ത് മറിച്ചു കൊടുക്കുകയും ചെയ്യും. ബാസ്കറ്റ് ബാൾ ആണെങ്കിലും ഹാൻഡ് ബാൾ ആണെങ്കിലും ഗ്രൗണ്ട് നിറഞ്ഞ് ഓടും, പന്ത് കളിക്കാരുടെ കൈകളിലായതിനാൽ തൊടാൻ കിട്ടില്ലെന്ന് മാത്രം. അതിൽ നിരാശയൊന്നുമില്ല.
ആറു മാസം മുമ്പ് സ്കൂളിന്റെ കവാടം കടന്ന് ചെന്നപ്പോൾ ആട്ടിയോടിക്കാനാണ് എല്ലാവരും ശ്രമിച്ചത്. മടങ്ങിപ്പോയെങ്കിലും എല്ലാദിവസവും സ്കൂളിലെത്തി. കായികാദ്ധ്യാപകൻ എമേഴ്സ്‌ലിൻ ലൂയിസിന് അതു കണ്ടില്ലെന്ന് നടിക്കാനായില്ല. മൃഗസ്നേഹിയായ അദ്ദേഹം ബിസ്‌കറ്റും ഭക്ഷണവും നൽകി . ചാർലിയെന്ന് പേരുമിട്ടു. മൃഗാശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പും എടുത്തു. ടാഗും ലഭിച്ചു. അതോടെ
ചാർലി താമസം സ്‌കൂളിലാക്കി. രാവിലെ മാഷിന് മുന്നിൽ ഹാജരാകും. വിദ്യാർത്ഥികൾ പരിശീലനത്തിന് എത്തിയാൽ അവരുടെ നിരയിൽ സ്ഥാനം പിടിക്കും. സാറിന്റെ എല്ലാ കമാൻഡുകളും ഹൃദിസ്ഥം.
മറ്റ് അദ്ധ്യാപകരുടെയും പ്രിയപ്പെട്ടവനാണ്. ഹെഡ്മിസ്ട്രസ് മിനി ഉൾപ്പെടെ എല്ലാവരുടെയും ഭക്ഷണത്തിൽ നിന്ന് ഒരു പിടി ഇവനുണ്ട്. കുളിപ്പിക്കുന്നത് ലൂയിസ് മാഷ് തന്നെ. എൽ.കെ.ജി മുതൽ 10വരെ ക്ലാസുകളിലായി 750ലേറെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഒരാളെയും അലോസരപ്പെടുത്തിയിട്ടില്ല.
മാഷ് കേരള താരം
1991-92ൽ ബാസ്‌കറ്റ് ബാളിലും ഹാൻഡ്‌ബാളിലും കേരളത്തിനു വേണ്ടി കളിച്ച താരമാണ് എമേഴ്‌സ്‌ലിൻ ലൂയിസ് . കഴിഞ്ഞ ഏപ്രിലിൽ ക്രൊയേഷ്യയിൽ നടന്ന മാസ്‌റ്റേഴ്‌സ് ഹാൻഡ് ബാൾ ടൂർണമെന്റിൻ ഇന്ത്യൻ ടീം അംഗമായിരുന്നു. 16 വർഷമായി ഇവിടെ അദ്ധ്യാപകനായ ലൂയിസിനു കീഴിലാണ് മട്ടാഞ്ചേരി സബ് ജില്ലാ കായികമേളയുടെ ഓവറോൾ ചാമ്പ്യൻഷിപ്പ് സെന്റ് മേരീസ് സ്‌കൂൾ സ്വന്തമാക്കിയത്.
എല്ലാവർക്കും പ്രിയപ്പെട്ടവനാണ് ചാർലി. കൃത്യമായി പരിശീലിപ്പിച്ചാൽ അവൻ കൂടുതൽ മിടുക്കനാകും.
എമേഴ്‌സ്‌ലിൻ ലൂയിസ്
ഇത് ലൂയിസ് മാഷിന്റെ ചാർലി...കുട്ട്യോൾടേം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |