തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ ബിജു ആവർത്തിക്കുമ്പോൾ, അന്വേഷണത്തിലെ കണ്ടെത്തൽ പുറത്തു വിട്ട് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ അനിൽ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സി.പി.എം ജില്ലാ കമ്മിറ്റിയുടെ ലെറ്റർ ഹെഡിലുള്ള അന്വേഷണ കമ്മിഷന്റേതായ കണ്ടെത്തലുകളായി എട്ട് കാര്യങ്ങളാണ് പോസ്റ്റിലുള്ളത്. വ്യാജ ഗഹാനുണ്ടാക്കി മരിച്ചവരുടെയും വായ്പയ്ക്ക് അവകാശമില്ലാത്ത
സി ക്‌ളാസ് അംഗങ്ങളുടെയും പേരിൽ കോടികൾ കൊള്ളയടിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്നും, ചട്ടവിരുദ്ധമായി പ്രവർത്തിച്ചിട്ടും ജീവനക്കാർക്കെതിരെ നടപടിയെടുത്തില്ലെന്നും റിപ്പോർട്ട് പറയുന്നു. ഒരാൾക്ക് നൽകാവുന്ന വായ്പ 50 ലക്ഷമാക്കി ഉയർത്തിയപ്പോൾ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചില്ല. ഇത് ക്രമക്കേടുകൾക്ക് അവസരമുണ്ടാക്കിയിട്ടും തിരുത്തിയില്ല.ഈട് വസ്തുവിന്റെ വില പെരുപ്പിച്ചു കാട്ടി ബിനാമികളുടെയും ബന്ധുക്കളുടെയും പേരിൽ വായ്പ നൽകിയ ജീവനക്കാർക്കെതിരെ നടപടിയെടുത്തില്ല. ബാങ്ക് പ്രസിഡന്റിന്റെയും ഡയറക്ടർമാരുടെയും വ്യാജ ഒപ്പിട്ട് നിരവധി വായ്പകൾ മാനേജർ എം.കെ ബിജു സെക്രട്ടറിയുടെ സഹായത്തോടെ എടുത്തിട്ടും നടപടിയില്ല. കുടിശ്ശിക തിരിച്ചു പിടിച്ചില്ല. ബാങ്കിന്റെ സ്ഥിതി മേൽക്കമ്മിറ്റികളെ അറിയിച്ച് തകർച്ച തടഞ്ഞില്ല തുടങ്ങിയവയാണ് കണ്ടെത്തലായി റിപ്പോർട്ടിലുള്ളത്.
പി.കെ ബിജുവും, തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജനും കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് സമർപ്പിച്ചെന്ന് കാട്ടി ജില്ലാ സെക്രട്ടറി എം.എം വർഗീസ് 2021 ജൂലായ് ആറിനയച്ച കത്ത് പുറത്തായിരുന്നു. റിപ്പോർട്ട് 2021 ജൂൺ 19ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചെന്നും കത്തിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതി അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇവർ പിന്നീട് കേസിൽ പ്രതികളായി.
അനിൽ അക്കര കാവൽനായയെന്ന് അപഹസിച്ച് പി.കെ ബിജു
അടാട്ട് ബാങ്ക് കൊള്ളയടിച്ചയാളാണ് അഴിമതിക്കെതിരെ കാവൽ നായ ചമയുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ. ബിജു പറഞ്ഞു. വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം അട്ടിമറിച്ച് സി.ബി.ഐയ്ക്ക് പരാതി കൊടുത്തയാളാണ് ഈ മഹാനെന്നും,കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പേര് പരാമർശിക്കാതെ ബിജു വിമർശിച്ചു..
കേരളത്തിലെ സഹകരണ സംഘങ്ങളെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് തൃശൂർ ഇ.എം.എസ് സ്ക്വയറിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ സഹകാരികളുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. ബിജു . സി.പി.എമ്മിനെക്കുറിച്ച് അനിൽ അക്കരയ്ക്ക് ഒരു ചുക്കുമറിയില്ല. ഇ.ഡി, സി.ബി.ഐ അന്വേഷണം പോലെയല്ല പാർട്ടി അന്വേഷണം.സി.പി.എം അന്വേഷണ എജൻസിയല്ല. കരുവന്നൂർ ബാങ്ക് വിഷയത്തിൽ സി.പി.എം അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്ന് മുറവിളി കൂട്ടുന്നവർ പാർട്ടി ഘടന അറിയാത്തവരാണ്. സഹകരണ സ്ഥാപനങ്ങളുടെ ചുമതല വഹിച്ചവരിൽ നിന്ന് വിശദമായ റിപ്പോർട്ട് ശേഖരിക്കലും തുടർ നടപടികൾ സ്വീകരിക്കലുമാണ് ചെയ്യുക. ഏതെങ്കിലും സഹകരണ സ്ഥാപനത്തിൽ തെറ്റു കണ്ടാൽ അതിനെതിരെ കണ്ണടയ്ക്കുന്ന സമീപനമല്ല എൽ.ഡി.എഫ് സർക്കാരിന്റേത്. സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഇ.ഡി പോലുള്ള അന്വേഷണ സംഘങ്ങൾക്ക് ചൂട്ടു പിടിക്കുകയാണ് കോൺഗ്രസെന്നും ബിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |