തിരുവനന്തപുരം: കേന്ദ്രസർക്കാർ വിഹിതം നൽകിയില്ലെങ്കിലും സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ജനങ്ങളുടെ സഹായത്തോടെ തുടരുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇക്കൊല്ലം ആദ്യഗഡുവായി 170.59കോടി കേന്ദ്രം നൽകാനുണ്ട്. വിനിയോഗ സർട്ടിഫിക്കറ്റടക്കം രേഖകൾ നൽകിയിട്ടും വിഹിതം അനുവദിക്കുന്നില്ല. 12040സ്കൂളുകളിലെ 27.48ലക്ഷം കുട്ടികൾ പദ്ധതിയുടെ ഭാഗമാണ്. ഒരു സ്കൂളിലും പദ്ധതി നിറുത്തിയിട്ടില്ല. ഇക്കൊല്ലം 447.45കോടിയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ടത്. കേന്ദ്രവിഹിതം കിട്ടുംമുൻപ് 97.35കോടി സംസ്ഥാന വിഹിതം അനുവദിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയിലാണ്. പച്ചക്കറി, പാൽ, മുട്ട അടക്കം സാധനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള നിരക്ക് വർദ്ധിപ്പിക്കാൻ നടപടിയെടുക്കുമെന്നും സനീഷ് കുമാർ ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
തോട്ടം തൊഴിലാളികൾക്ക്
ലൈഫ് പദ്ധതിയിൽ വീട്
തിരുവനന്തപുരം: തോട്ടം തൊഴിലാളികളായ 32452 പേരെ ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ചു നൽകാനുള്ള നടപടികൾക്കായി തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കാൻ പത്തുകോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലും സർക്കാരിന്റെ ഇടപെടലുണ്ടാവും. തോട്ടം മേഖലയിൽ 52000 തൊഴിലാളികളുണ്ട്. അടിസ്ഥാന വേതനം 41രൂപ കൂട്ടി വിജ്ഞാപനമിറക്കിയിട്ടുണ്ടെന്നും കെ.കെ.രാമചന്ദ്രന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മുൻഗണനാ കാർഡുള്ള 1.64ലക്ഷം അനർഹരെ ഒഴിവാക്കി
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിരുന്ന 1,64,644 പേരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. സ്വമേധയാ സറണ്ടർ ചെയ്തതും പരിശോധനയിൽ പിടികൂടിയതുമാണ് ഇത്രയും കാർഡുകൾ. ഇക്കൊല്ലം 41614 അനർഹരെ കണ്ടെത്തി 4.8കോടി പിഴയിട്ടു. ഈ സർക്കാർ വന്നശേഷം 350065 മുൻഗണനാ കാർഡുകൾ നൽകി. മുൻഗണനാ വിഭാഗത്തിലെ അനർഹരെ ഒഴിവാക്കുന്നത് കാര്യക്ഷമമായി തുടരുമെന്നും സി.സി.മുകുന്ദന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മഴയിൽ 30.33 ലക്ഷത്തിന്റെ കൃഷിനഷ്ടം : മന്ത്രി പി.പ്രസാദ്
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലെ പ്രാഥമിക കണക്ക് പ്രകാരം ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 10 വരെ സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിൽ 122322 കർഷകരുടെ 33983.63 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായി മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. 30338.16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇക്കാലയളവിൽ വിളനാശത്തിനുള്ള നഷ്ടപരിഹാരമായി സംസ്ഥാനവിഹിതം 4009.46 ലക്ഷം രൂപയും സംസ്ഥാനദുരന്തപ്രതികരണ നിധിയിൽ നിന്നുള്ള വിഹിതം 1246.57ലക്ഷം രൂപയും കുടിശ്ശിക നൽകാനുണ്ട്. 2023-24 വർഷത്തിൽ 750 ലക്ഷം രൂപ വകയിരുത്തി. ഇത് ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ബി.എഡ് സിലബസ് പരിഷ്കരിക്കും: മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബി.എഡ് സിലബസ് പരിഷ്കരിക്കുമെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയെ അറിയിച്ചു. സാങ്കേതികവിദ്യയുടെ കാലത്ത് ഓൺലൈൻ പഠനസംവിധാനത്തെ ക്രെഡിറ്റ് സ്കോറായി ഉപയോഗപ്പെടുത്തും. സാങ്കേതിക വിദ്യാഭ്യാസ കരിക്കുലത്തിലും നൂതനമായ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകും. നിർമ്മിത ബുദ്ധി,റോബോട്ടിക്സ്,നാനോ,ബയോ ടെക്നോളജികൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാകും. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താൻ പ്രൊജക്ട് മോഡൽ കോഴ്സുകളും ആരംഭിക്കും. സർവകലാശാലകളിലെ ഗവേഷണ സാദ്ധ്യതകൾക്ക് വേഗംകൂട്ടാൻ ട്രാൻസലേഷൻ ലാബുകളും ഗവേഷണ കേന്ദ്രങ്ങളും ആരംഭിക്കും.ഇതിന്റെ ഭാഗമായി കേരള സർവകലാശാലയിൽ താണുപത്മനാഭൻ സ്മാരക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രിൻസിപ്പൽ നിയമനം:
പരാതിയിൽ കഴമ്പുണ്ടെന്ന്
മന്ത്രിബിന്ദു
തിരുവനന്തപുരം : സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചെന്നും പരാതികളിൽ കഴമ്പുണ്ടെന്നും മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി അംഗീകരിച്ച പട്ടികയിൽ നിന്നുള്ള പ്രിൻസിപ്പൽ നിയമനം താൽക്കാലിക നിയമനമായി കണക്കാക്കാൻ തീരുമാനിച്ചത്. 36 അദ്ധ്യാപകർക്കാണ് താൽക്കാലിക പ്രമോഷൻ നൽകിയത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് അനുസരിച്ച് യു.ജി.സി നിയമപ്രകാരം പ്രിൻസിപ്പൽ നിയമനത്തിന് നടപടികൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |