ഇടുക്കി: ഇന്ത്യയിലെ തന്നെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിന്റെ വരവോടെ പ്രകൃതി ഭംഗിയ്ക്കൊപ്പം സാഹസികതയും ആസ്വദിക്കാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വാഗമൺ മാറിയിരുന്നു. സുരക്ഷിതമായി സാഹസികത ആസ്വദിക്കാനായി ഇവിടേയ്ക്ക് പുറപ്പെടാൻ ഇപ്പോൾ മറ്റൊരു കാരണം കൂടിയുണ്ട്. പാലത്തിലേയ്ക്കുള്ള പ്രവേശന ഫീസ് നേർപ്പകുതിയായി മാറ്റിയെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിക്കുന്നത്.
.ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു.തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറച്ച് തീരുമാനമാവുകയായിരുന്നു.
.
കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലത്തിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒരേ സമയം 15 പേർക്കാണ് പ്രവേശനം. അഞ്ച് - പത്ത് മിനിട്ട് വരെ പാലത്തിൽ ചെലവഴിക്കാം. സമുദ്രനിരപ്പിൽ നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 40 മീറ്റർ നീളത്തിലാണ് ചില്ലുപാലം. ഇതിലൂടെ നടന്നാൽ നെഞ്ചിടിപ്പ് കൂടുമെങ്കിലും അതിവിദൂര ദൃശ്യങ്ങൾ കൺകുളിർക്കെ കണ്ട് ആസ്വദിക്കാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ പാലത്തിൽ നിന്നാൽ കാണാനാകും.
വാഗമണിൽ നിന്ന് നാലു കിലോമീറ്റർ ദൂരെയുള്ള കോലാഹലമേട്ടിലെ ഡി.ടി.പി.സിയുടെ അഡ്വഞ്ചർ പാർക്കിലാണ് ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസും 35 ടൺ സ്റ്റീലുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ചെലവ് മൂന്നുകോടി. ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകൾ ഇല്ലാതെ വായുവിൽ നിൽക്കുന്ന രീതിയിലാണ് ചില്ലുപാലം. ഉരുക്ക് വടങ്ങൾ കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റോക്കറ്റ് ഇജക്ടർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |