കണ്ണൂർ: പെൺസുഹൃത്തിനൊപ്പം വളപട്ടണം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ സ്വദേശിയും പന്തൽ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ഇന്ന് പുഴയിൽ നിന്ന് കണ്ടെടുത്തത്. യുവാവിനൊപ്പം പുഴയിൽ ചാടിയ ഭർതൃമതിയായ പെൺസുഹൃത്ത് നേരത്തേ നീന്തി രക്ഷപ്പെട്ടിരുന്നു.
ഞായറാഴ്‌ച അർദ്ധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. ഞായറാഴ്‌ച രാവിലെ യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഭർത്താവ് ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ രാജുവിനെ കാണാനില്ലെന്ന പരാതിയും സ്റ്റേഷനിൽ ലഭിച്ചു. രാജുവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം ഇരുവരും ഞായറാഴ്‌ച അർദ്ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി.
വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തിൽ നിന്ന് യുവാവും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കിൽപ്പെട്ട് അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി. അതിനിടെ തോണിയിൽ മീൻപിടിക്കുകയായിരുന്നവർ അവശനിലയിൽ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പൊലീസിൽ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഇവരെ ബേക്കൽ പൊലീസ്, കോടതിയിൽ ഹാജരാക്കി.
ഇതിനിടെ പുഴയിൽ ചാടിയ യുവാവിനായി അഗ്നിരക്ഷാ സേനയും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പൊലീസും തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |