തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെത്തിയാൽ ബിരുദാനന്തര ബിരുദവിദ്യാർത്ഥി. നാട്ടുകാരുടെ മുന്നിൽ ഓട്ടോ ഡ്രൈവർ. ഡബിൾ റോളിലാണ് അബ്ദുൾ കഹാറിന്റെ ഓട്ടം. ഉന്നത ബിരുദം നേടണമെന്ന മോഹം കലശലായതോടെ ജീവിതത്തിലെ പ്രതിസന്ധികൾ മറികടക്കാൻ ഓരോ വഴികൾ സ്വയം വെട്ടിത്തുറക്കുകയാണ് തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശിയായ കഹാർ.
ഓട്ടോ ഡ്രൈവറായ അച്ഛൻ അബ്ദുൾ മനാഫും തൊഴിലുറപ്പ് ജോലിക്കു പാേകുന്ന അമ്മ റംലത്ത് ബീവിയും മകനെ ഡിഗ്രി വരെ പഠിപ്പിച്ചു. 2019ൽ കോഴിക്കോട് സർവകലാശാലയിൽ നിന്ന് ബി.എ സോഷ്യോളജിയിലാണ് ബിരുദം നേടിയത്. മാതാപിതാക്കൾക്ക് നിവൃത്തിയില്ലെന്ന് തിരിച്ചറിഞ്ഞ കഹാർ അദ്ധ്വാനിച്ച് പണം മിച്ചം പിടിച്ചു. മേസ്തിരിപ്പണി,ടൈൽസ് പണി,വഴിയോരത്ത് പഴക്കച്ചവടം,ചുമടെടുപ്പ് അങ്ങനെ പലതും ചെയ്തു. 500 രൂപ എല്ലാ ദിവസവും ബാങ്കിലിട്ടു.
2021ൽ 55,000 കൊടുത്ത് സെക്കൻഡ് ഹാൻഡ് ഓട്ടോ വാങ്ങി. സുഹൃത്തിന്റെ സഹായത്തോടെ ഓട്ടോ ഡ്രൈവിംഗ് പഠിച്ചെടുത്തു. 2022ൽ കാര്യവട്ടം കാമ്പസിലേക്ക്. പ്രവേശനം കിട്ടിയത് എം.എ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിൽ. കോളേജിലേക്ക് പോയത് ഓട്ടോയുമായി. സംഗതി അറിഞ്ഞപ്പോൾ അദ്ധ്യാപകരും സഹപാഠികളും പൂർണ പിന്തുണ നൽകി. ഓട്ടോയ്ക്ക് ക്യാമ്പസ് എന്ന പേരുമിട്ടു. കഹാറിന് സഞ്ചരിക്കാൻ ഇനിയുമുണ്ട് ദൂരം. കോളേജ് അദ്ധ്യാപകൻ, അല്ലെങ്കിൽ സിവിൽ സർവീസ്.അതാണ് ലക്ഷ്യം. അനുജന്മാർ അക്ബർഷാ (ഡിഗ്രി കഴിഞ്ഞു), അൽഅമീൻ (പ്ലസ്ടു കഴിഞ്ഞു).
ക്യാമ്പസ് രാജാവ്
10 മുതൽ 4 വരെയാണ് ക്ലാസ് സമയം. രാവിലെ അദ്ധ്യാപികയുടെ സ്ഥിരം ഓട്ടം ഉണ്ട്. ക്യാമ്പസിലെ വിദ്യാർത്ഥികളുടെ ഓട്ടമാണ് കൂടുതലും ലഭിക്കുന്നത്. ആശുപത്രിയിലും റെയിൽവേസ്റ്റേഷനിലും പോകുന്ന വിദ്യാർത്ഥികൾ പുറത്തുള്ള ഓട്ടോക്കാരെ ആശ്രയിക്കില്ല. പരമാവധി ക്ലാസുകൾ കട്ട് ചെയ്യാതെ നോക്കും.
ഓട്ടോയിൽ പായുമ്പോൾ ഇയർഫോണിലൂടെ ക്ലാസുകൾ കേട്ട് പഠിക്കും. കോളേജ് ഹോസ്റ്റലിലാണ് താമസം. വൈകിട്ട് കുളിച്ച് വിശ്രമിച്ചശേഷം ഉബർ ഓട്ടോ ഓടാൻ പോകും. രാത്രി 12 വരെ ഓടും. ഇതിനിടയിൽ ഓരോ വിഷയത്തിന്റെയും ലഘുക്കുറിപ്പുകൾ വായിച്ച് പഠിക്കും. അവധി ദിവസങ്ങളിൽ മുഴുവൻ നേരവും ഓടും. പരീക്ഷയടുക്കുമ്പോൾ ഓടില്ല.
ദിവസ വരുമാനം 1300
ദിവസവും ശരാശരി 15 ഓട്ടങ്ങളിൽ നിന്ന് ചുരുങ്ങിയത് 1300 രൂപ കിട്ടും. ഹോസ്റ്റൽ ഫീസ് 2500. ഫീസ് 2500. വീട്ടുചെലവിനും നല്ലൊരു തുക നൽകും. ഓട്ടോ ഓടിക്കിട്ടുന്ന പണം ആവശ്യങ്ങൾക്ക് തികയുമെങ്കിലും അധികവരുമാനം കുറവാണ്.
`അദ്ധ്യാപകരും കൂട്ടുകാരുമാണ് ഏറ്റവും വലിയ ധൈര്യം. ലക്ഷ്യമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും നേരിടാനാകും.'
-കഹാർ
`കോളേജിൽ ഏറ്റവും കൂടുതൽ അറ്റൻഡൻസ് കഹാറിനാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് മാതൃകയാണ്.
-അഷ്റഫ് കടയ്ക്കൽ,
എച്ച്.ഒ.ഡി,
വെസ്റ്റ് ഏഷ്യൻ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |