സെപ്റ്റംബർ 17 ഹൈദരാബാദ് സംയോജനത്തിന്റെ 75ാം വാർഷികമാണ്. ഇന്ത്യ സ്വതന്ത്രമായി പിന്നെയും 13 മാസം കഴിഞ്ഞ് 1948 സെപ്റ്റംബർ 17നാണ് സൈന്യം ഹൈദരാബാദ് കീഴടക്കിയതും ആ നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതും. ഉരുക്കുമനുഷ്യൻ എന്നും ഇന്ത്യൻ ബിസ്മാർക്ക് എന്നും വിശേഷിപ്പിക്കപ്പെട്ട സർദാർ വല്ലഭായ് പട്ടേലിന്റെ സ്‌ഥൈര്യവും രാഷ്ട്രീയ ഇച്ഛാശക്തിയും തെളിയിച്ച സംഭവമായിരുന്നു ആ സംയോജനം.
ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിക്കുമ്പോൾ നാട്ടുരാജ്യങ്ങൾക്ക് പരമാധികാരം വീണ്ടുകിട്ടുമെന്നും തുടർന്നങ്ങോട്ട് ഛത്രചാമര പരിവീജിതരായി കൽപ്പാന്തകാലം വരെ ഭരിച്ചുകളയാമെന്നുമാണ് അറുനൂറോളം വരുന്ന നാട്ടുരാജാക്കന്മാർ ധരിച്ചിരുന്നത്. എന്നാൽ 1947 ജൂൺ മൂന്നിന് പ്രഖ്യാപിക്കപ്പെട്ട 'മൗണ്ട്ബാറ്റൺ പദ്ധതി" അവരുടെ സ്വപ്നങ്ങൾ തകർത്തു. ഇന്ത്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ട് സ്വതന്ത്രരാജ്യങ്ങൾ നിലവിൽവരും; നാട്ടുരാജ്യങ്ങൾക്ക് ഇവയിൽ ഏതെങ്കിലുമൊന്നിൽ ചേരാൻ സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്രമായി നിൽക്കാനും വ്യവസ്ഥയുണ്ടായിരുന്നു എങ്കിലും അത് സാങ്കൽപികം മാത്രമായിരുന്നു; ഒട്ടും പ്രായോഗികമായിരുന്നില്ല. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു നാട്ടുരാജ്യത്തെയും ബ്രിട്ടീഷ് ഗവൺമെന്റ് അംഗീകരിക്കുകയില്ല. ബ്രിട്ടൻ അംഗീകരിക്കാത്തിടത്തോളം ലോകത്ത് മറ്റൊരു രാജ്യവും അംഗീകരിക്കില്ല. ഫലത്തിൽ, ഒന്നുകിൽ ഇന്ത്യ അല്ലെങ്കിൽ പാകിസ്ഥാൻ. അതിനപ്പുറം മറ്റ് യാതൊരു മാർഗവുമില്ല. അങ്ങനെയാണ് പാട്യാലയിലെ മഹാരാജാവും ഭോപ്പാലിലെ നവാബുമൊക്കെ ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തീരുമാനിച്ചത്. അമേരിക്കൻ മോഡൽ ഭരണഘടനയുണ്ടാക്കി അവസാനം വരെ ഇടഞ്ഞുനിന്ന തിരുവിതാംകൂറും ഒടുവിൽ ലയനക്കരാർ ഒപ്പിടാൻ നിർബന്ധിതമായി. ജൂനഗഡിലെ നവാബ് രാജ്യത്തെ പാകിസ്ഥാനോട് ചേർക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ സൈന്യം അവിടം കീഴടക്കി. പിന്നാലെ ജനഹിത പരിശോധനയിലൂടെ ലയനം സ്ഥിരീകരിച്ചു. ഭോപ്പാലോ ജൂനഗഡോ പോലെ നിസ്സഹായമായ ഒരു നാട്ടുരാജ്യമായിരുന്നില്ല ഹൈദരാബാദ്. 82,689 ചതുരശ്ര മൈൽ വിസ്തീർണവും 1.60 കോടി ജനസംഖ്യയുമുള്ള, ഡെക്കാൻ പീഠഭൂമി മുഴുവൻ വ്യാപിച്ച ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം. തെലുങ്ക്, കന്നഡ, മറാഠി സംസാരിക്കുന്ന ഹിന്ദുക്കളായിരുന്നു ജനസംഖ്യയിൽ 85 ശതമാനം. ഭരണാധികാരം കൈയാളിയതും ഭൂസ്വത്തുക്കളിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചതും ഉറുദു സംസാരിക്കുന്ന മുസ്ലിം വരേണ്യവർഗം. ഹൈദരാബാദിനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമാക്കി മാറ്റണമെന്നായിരുന്നു നൈസാമിന്റെ താത്പര്യം. പ്രമുഖ ബ്രിട്ടീഷ് നിയമജ്ഞനും യാഥാസ്ഥിതിക കക്ഷി നേതാവുമായിരുന്ന സർ വാൾട്ടർ മോങ്ടണെ ഭരണഘടന ഉപദേഷ്ടാവായും മിർ ലയിക് അലിയെ പ്രധാനമന്ത്രിയായും അദ്ദേഹം നിയമിച്ചു. ജൂൺ 12ന് ഹൈദരാബാദ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജൂലായ് 11ന് നൈസാം മൗണ്ട് ബാറ്റണെ സന്ദർശിച്ച് ബ്രിട്ടീഷ് കോമൺവെൽത്തിൽ അംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ടു. വൈസ്രോയി കൈമലർത്തി. ഇന്ത്യൻ യൂണിയനിൽ ചേരാൻ ഉപദേശിച്ചു. ലയനം ആവശ്യപ്പെട്ട് ഹൈദരാബാദിലെ കോൺഗ്രസുകാർ സമരം തുടങ്ങി. കമ്മ്യൂണിസ്റ്റുകാർ 1946 മുതൽ തന്നെ തെലുങ്കാന മേഖലയിൽ സായുധസമരം ആരംഭിച്ചിരുന്നു.
മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ എന്ന സംഘടന മാത്രമാണ് നൈസാമിനെ പിന്തുണച്ചത്. കാസിം റിസ്വി ആയിരുന്നു മജ്‌ലിസിന്റെ പരമോന്നത നേതാവ്. റസാക്കർമാർ എന്ന എന്തും ചെയ്യാൻ മടിക്കാത്ത ഒരു വോളന്റിയർ സംഘവും ഉണ്ടായിരുന്നു മജ്‌ലിസിന്. റിസ്വി ഹൈദരാബാദിന്റെ പരമാധികാരത്തിനു വേണ്ടി വാദിക്കുകയും ഹിന്ദുക്കൾക്കും ഇന്ത്യ ഗവൺമെന്റിനുമെതിരെ വിഷം തുപ്പുകയും ചെയ്തു. സർ വിൻസ്റ്റൻ ചർച്ചിലും മുഹമ്മദലി ജിന്നയും ഹൈദരാബാദിനെ താത്വിക തലത്തിൽ പിന്തുണച്ചു. ആഗസ്റ്റ് 25ന് സെക്കന്തരാബാദിൽ റസാക്കർമാർ അക്രമം അഴിച്ചുവിട്ടു- ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും കടകമ്പോളങ്ങൾ കത്തിക്കുകയും ചെയ്തു. ഹൈദരാബാദ് ഇന്ത്യയുടെ ഉദരാർബുദമാണെന്ന് സർദാർ പട്ടേൽ വിലപിച്ചു. കാസിം റിസ്വി പട്ടേലിനെ ഹിറ്റ്‌ലറോട് ഉപമിച്ചു. ഇന്ത്യ ഹൈദരാബാദിലേക്ക് സൈന്യത്തെ അയയ്ക്കുകയാണെങ്കിൽ ഒന്നരക്കോടി ഹിന്ദുക്കളുടെ എല്ലും ചാരവും മാത്രമേ കിട്ടുകയുള്ളൂ എന്നു ഭീഷണി മുഴക്കി. മൗണ്ട് ബാറ്റൺ ഇരുകക്ഷികളെയും ഒത്തുതീർപ്പിനു പ്രേരിപ്പിച്ചു. ബലപ്രയോഗത്തിന് ജവഹർലാൽ നെഹ്‌റുവും തയ്യാറായിരുന്നില്ല. സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇന്ത്യൻ യൂണിയനും ഹൈദരാബാദും തൽസ്ഥിതി തുടരാൻ താൽക്കാലിക കരാർ ഒപ്പിട്ടു. അതുകൊണ്ടും വിശേഷമൊന്നും ഉണ്ടായില്ല. നൈസാം വിദേശത്തുനിന്ന് ആയുധങ്ങൾ സമാഹരിക്കുന്നതായും പുതിയ വിമാനത്താവളങ്ങൾ ഒരുക്കുന്നതായും വാർത്ത പുറത്തുവന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു മുസ്ലിങ്ങൾ ഹൈദരാബാദിലേക്ക് കുടിയേറുന്നു, രാജ്യത്തുള്ള പട്ടികജാതിക്കാരെ ബലംപ്രയോഗിച്ച് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിക്കുന്നു എന്നൊക്കെയുള്ള കിംവദന്തികൾ പടർന്നുപിടിച്ചു. ഇന്ത്യയുമായി ലയനക്കരാർ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും കീഴടങ്ങുന്നതിനേക്കാൾ രക്തസാക്ഷിത്വം വരിക്കാനാണ് നൈസാം ഇഷ്ടപ്പെടുന്നതെന്നും 1948 മാർച്ച് 26ന് ലയിക് അലി പ്രഖ്യാപിച്ചു. രാജ്യത്ത് ഇസ്ലാമികഭരണം ഉറപ്പാകുംവരെ വാൾ ഉറയിലിടരുതെന്ന് കാസിം റിസ്വി സമുദായ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഒരു കൈയിൽ ഖുർആനും മറുകൈയിൽ വാളുമായി മുന്നേറാൻ ആഹ്വാനം ചെയ്തു. ഹിന്ദുസ്ഥാനിലെ നാലരക്കോടി മുസ്ലിങ്ങൾ നമുക്ക് അഞ്ചാംപത്തികളായി പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു. ബംഗാൾ ഉൾക്കടലിലെ തിരമാലകൾ നൈസാമിന്റെ കാൽകഴുകുന്ന ദിവസം അധികം അകലെയല്ലെന്നും ചെങ്കോട്ടയിൽ ആസിഫ് ജാഹി രാജകുടുംബത്തിന്റെ പച്ചപ്പതാക പാറിക്കുമെന്നും പ്രഖ്യാപിച്ചു. നൈസാമിന് ഹൈദരാബാദ് ഭരിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുമെന്ന് ലോക മുസ്ലിങ്ങളുടെ പ്രതിനിധി എന്ന നിലയിൽ മുഹമ്മദാലി ജിന്ന ജൂൺ ഒന്നിന് ഉദ്‌ഘോഷിച്ചു. തന്റെ ഉദ്യോഗകാലാവധി അവസാനിക്കും മുമ്പ് ഹൈദരാബാദ് നൈസാമും ഇന്ത്യ ഗവൺമെന്റും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കണമെന്ന് മൗണ്ട് ബാറ്റൺ ആഗ്രഹിച്ചു. അതിനായി നെഹ്‌റുവിന്റെയും പട്ടേലിന്റെയും മേൽ പരമാവധി സമ്മർദ്ദം ചെലുത്തി. ഹൈദരാബാദിൽ ജനഹിതപരിശോധന നടത്താം, നൈസാമിന് സ്വന്തം സൈന്യത്തെ നിലനിറുത്താൻ അനുവാദം നല്കാം എന്നൊക്കെ വ്യവസ്ഥ ചെയ്യുന്ന ഒരു ഉടമ്പടി മോങ്ടൺ തയ്യാറാക്കിയത് ഇന്ത്യ ഗവൺമെന്റിനെക്കൊണ്ട് ഏറെക്കുറെ അംഗീകരിപ്പിച്ചു. പക്ഷേ ലയിക് അലിയും കാസിം റിസ്വിയും അതു തള്ളിക്കളഞ്ഞു. മരണം വരെ യുദ്ധം
ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
1948 ജൂൺ 21ന് ലൂയി മൗണ്ട് ബാറ്റൺ വിടവാങ്ങി. സി.രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി. ഹൈദരാബാദിലേക്ക് പട്ടാളത്തെ അയയ്ക്കാൻ സർക്കാരിനു മേൽ സമ്മർദ്ദം മൂർച്ഛിച്ചു. കോൺഗ്രസും സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടികളും സൈനിക നടപടിക്കായി ആർത്തുവിളിച്ചു. കേന്ദ്രസർക്കാരിന്റെ നട്ടെല്ലില്ലായ്മയെ ഹിന്ദുമഹാസഭ രൂക്ഷമായി വിമർശിച്ചു. ജൂലായ് മൂന്നാംവാരം റസാക്കർമാർ വീണ്ടും അക്രമം അഴിച്ചുവിട്ടു. കൊള്ളയും കൊലയും ബലാത്സംഗവും വ്യാപകമായി നടന്നു. പട്ടാളത്തെ അയയ്ക്കാൻ സമയമായെന്ന് പട്ടേൽ തീരുമാനിച്ചു. മേജർ ജനറൽ ജെ.എൻ. ചൗധരിയെ വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചു. സൈനിക നടപടി ഒഴിവാക്കാൻ പണ്ഡിറ്റ് നെഹ്‌റു പരമാവധി പരിശ്രമിച്ചു. ബോംബെയിലും അഹമ്മദാബാദിലുമൊക്കെ പാകിസ്ഥാൻ ബോംബാക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്നു മുന്നറിയിപ്പ് നൽകി. പട്ടാളനടപടി വൈകിക്കാൻ സർവസൈന്യാധിപൻ സർ റോയ് ബുച്ചറും കിണഞ്ഞു പരിശ്രമിച്ചു. പട്ടേൽ അതും ഗൗനിച്ചില്ല. സെപ്റ്റംബർ 13ന് ഓപ്പറേഷൻ പോളോ എന്നു പേരിട്ട സൈനിക നടപടി ആരംഭിച്ചു. വെറും 108 മണിക്കൂർകൊണ്ട് ഹൈദരാബാദിന്റെ ചെറുത്തുനിൽപ്പ് അവസാനിച്ചു. നൈസാം കീഴടങ്ങി. ലയനക്കരാർ ഒപ്പുവച്ചു. മിർ ലയിക് അലി പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. മജ്‌ലിസിനെ നിരോധിച്ചു. കാസിം റിസ്വിയെ തടവിലാക്കി. റസാക്കർമാരെ പട്ടാളം മുച്ചൂടും മുടിച്ചു. ഹൈദരാബാദിലേത് പട്ടാള നടപടിയല്ല, പൊലീസ് നടപടി മാത്രമാണെന്ന് ഇന്ത്യ ഗവൺമെന്റ് വ്യാഖ്യാനിച്ചു. പുറത്തുനിന്നുള്ള ശത്രുക്കളെ ചെറുക്കുന്നതാണ് സൈനിക നടപടി; അകത്തു തന്നെയുള്ളവരെ ഒതുക്കുന്നത് പൊലീസിന്റെ ചുമതലയാണ്.
സെപ്റ്റംബർ 17ന് നൈസാം റേഡിയോ പ്രക്ഷേപണത്തിലൂടെ ഇന്ത്യൻ യൂണിയനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാസിം റിസ്വിയും റസാക്കർമാരും ഭരണസംവിധാനത്തെ അട്ടിമറിക്കുകയായിരുന്നെന്നും കുറ്റപ്പെടുത്തി. നൈസാമിനെ ഇന്ത്യ ഗവൺമെന്റ് രാജപ്രമുഖനായി അംഗീകരിച്ചു. കനപ്പെട്ട സംഖ്യ പ്രിവി പഴ്‌സ് ആയി അനുവദിച്ചു. അങ്ങനെ ഇന്ത്യ ചരിത്രത്തിൽ ഒരു അദ്ധ്യായം കൂടി അവസാനിച്ചു. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ ഹൈദരാബാദും ഇല്ലാതായി. പഴയ നാട്ടുരാജ്യത്തിന്റെ ഭാഗങ്ങൾ മഹാരാഷ്ട്രയോടും കർണാടകത്തോടും ആന്ധ്രയോടും ചേർക്കപ്പെട്ടു. നൈസാമിന്റെ രാജപ്രമുഖത്വവും അതോടെ അവസാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |