കൊച്ചി: ഡോ. എം.ആർ. ശാന്താദേവി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) ശാസ്ത്രജ്ഞയായിരുന്ന ഈ 75കാരി പഠിച്ചത് കടലിലെ രഹസ്യങ്ങൾ. നഴ്‌സറി വിദ്യാർത്ഥികൾ മുതൽ ഗവേഷകർ വരെയുള്ളവരെ സൗജന്യമായി പഠിപ്പിച്ചു. മക്കളില്ല. പക്ഷേ ഒരുപാട് ശിഷ്യരുടെ അമ്മയാണ്. പെൻഷൻ തുകയിലേറെയും ഈ മക്കൾക്കു തന്നെ.
ഊർജതന്ത്രം, രസതന്ത്രം, ഗണിതം, ഇംഗ്ലീഷ്, സംസ്‌കൃതം, വേദാന്തം എന്നിവയ്ക്കുപുറമേ നൃത്തവും വഴങ്ങും. ആർ.എൽ.വി മിഥുന അതീഷിന് കീഴിൽ ഭരതനാട്യം പഠിച്ചു. അടുത്തിടെയായിരുന്നു അരങ്ങേറ്റം. സർവീസിലായിരുന്നപ്പോൾ ജോലിയുടെ ഭാഗമായി റഷ്യൻഭാഷയും പഠിച്ചു.
എല്ലാറ്റിനും പിന്തുണ നൽകുന്ന ടൂർഗൈഡായ ഭർത്താവ് ഗോപാലകൃഷ്ണൻ. വടുതലയിലെ സ്വന്തം ഇരുനില വീട് ബന്ധുവിന് താമസിക്കാൻ നൽകി എറണാകുളം സ്വദേശികളായ ഇരുവരും വടുതല ശാന്തിനികേതനം കമ്മ്യൂണിറ്റി ഹോമിലാണ് കഴിയുന്നത്. പുലർച്ചെ നാലിനെഴുന്നേറ്റ് അന്നത്തെ പാഠങ്ങൾ തയ്യാറാക്കും. എസ്.എൻ.വി സദനത്തിലും മറ്റുകേന്ദ്രങ്ങളിലും ക്ലാസുണ്ട്. സ്‌കൂൾ- കോളേജ്, ഗവേഷണ വിദ്യാർത്ഥികൾ, പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ.
അച്ഛന്റെ ഉപദേശം
എസ്.എൻ.വി സദനത്തിൽ ലൈബ്രറിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തായിരുന്നു രണ്ടാം ജീവിതത്തിന്റെ തുടക്കം. നന്നായി പഠിച്ച് നല്ലമാർക്ക് വാങ്ങിയാലേ നല്ല ജോലികിട്ടൂ എന്ന അച്ഛൻ കെ.എം. രാംദാസിന്റെ ഉപദേശമാണ് ഏറ്റവും വിലപ്പെട്ട പാഠം. പഠിച്ചതെല്ലാം പ്രതിഫലമില്ലാതെ അർഹരായവർക്ക് പറഞ്ഞുകൊടുക്കണമെന്നും ഉപദേശിച്ചു, അച്ഛൻ. മഹാരാജാസ് കോളേജിൽ നിന്ന് പ്രീഡിഗ്രിക്ക് ഉയർന്ന മാർക്കോടെ ജയം. അവിടെത്തന്നെ സ്‌പെഷ്യൽ ബി.എസ്‌സിക്ക് ചേരാൻ പ്രിൻസിപ്പലും അയൽവാസിയുമായിരുന്ന പ്രൊഫ. പി.എസ്. വേലായുധൻ ഉപദേശിച്ചു. തുടർന്ന് കൊച്ചി സ്‌കൂൾ ഒഫ് മറൈൻ സയൻസസിൽ നിന്ന് ഫിസിക്കൽ ഓഷ്യനോഗ്രഫിയിൽ ഒന്നാംറാങ്കോടെ എം.എസ്‌സി. പിന്നെ ഡോക്ടറേറ്റും. ഡി.ആർ.ഡി.ഒയിൽ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രഫിക് ലാബിൽ ജോലി കിട്ടി. 36 വർഷത്തെ സേവനം. അറുപതാം വയസിൽ വിരമിച്ചു. ഭർത്താവുമൊത്ത് യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലടക്കം യാത്രകൾ.
ശരീരം മെഡിക്കൽ കോളേജിന്
ലളിതഭക്ഷണം, അൽപം ഉറക്കം, യോഗ, വിശ്രമമില്ലാത്ത പ്രവർത്തനം. അതാണ് ചിട്ട. സമ്പാദ്യമില്ല. മരണശേഷം ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് വിട്ടുകൊടുക്കാമെന്ന സമ്മതപത്രം ഇരുവരും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |