കോട്ടയം : ഞാലിപ്പൂവൻ കർഷകർക്കിത് നല്ലകാലമാണ്. വില 70 - 80 രൂപയിൽ നിന്ന് 110 ആയാണ് ഉയർന്നത്. ഇതോടെ ഏത്തവാഴകൃഷിയിൽ നിന്ന് കർഷകർ ഞാലിപ്പൂവനിലേക്ക് ചുവട് മാറ്റുകയാണ്. പ്രതികൂല കാലാവസ്ഥയും വാഴപ്പഴങ്ങളുടെ ലഭ്യതക്കുറവുമാണ് വിലവർദ്ധനവിന് ഇടയാക്കിയത്. കൂരോപ്പട, പാമ്പാടി, മീനടം, കറുകച്ചാൽ, മണിമല, വാകത്താനം എന്നിവിടങ്ങളിലാണ് കൃഷി കൂടുതൽ. ഏത്തവാഴ കൃഷിയെക്കാൾ പരിപാലനച്ചെലവ് കുറവും, രോഗശല്യങ്ങളും കുറവാണ്. ജലലഭ്യതയുടെ പ്രശ്നവുമില്ല. അതേസമയം ഞാലിപ്പൂവൻ വിത്തിന് മുൻപ് 8 - 9 രൂപയായിരുന്നു വില. ഇപ്പോൾ 13 - 15 രൂപ വരെയാണ് വില. വില കൂടുതൽ കൊടുക്കാൻ തയ്യാറാണെങ്കിലും നല്ല വിത്ത് കിട്ടാനില്ലെന്ന് കർഷകർ പറയുന്നു.
ഇലയിൽ നിന്നും വരുമാനം
കാറ്ററിംഗ്, സദ്യ എന്നിവയ്ക്കായി ഞാലിപ്പൂവൻ വാഴയിലയാണ് ഉപയോഗിക്കുന്നത്. ഒരു ഇലയ്ക്ക് 4 - 5 രൂപ എന്നിങ്ങനെയാണ് വില. ഒരേസമയം രണ്ട് വരുമാന ലഭ്യത സാദ്ധ്യത ഉണ്ടായതോടെ കർഷകർ പ്രതീക്ഷയിലാണ്. കൂടാതെ ഏത് സമയത്തും അടിസ്ഥാന വില 25, 30 എന്നിങ്ങനെയാണ്. അതിനാൽ നഷ്ടവും കുറവാണ്.
വില വർദ്ധനവിനെ തുടർന്ന് 500 തടം ഞാലിപ്പൂവൻ കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്. വിലയിൽ ഇടിവ് നേരിട്ടാലും പഴത്തിനും ഇലയ്ക്കും ഡിമാൻഡുള്ളതാണ് പ്രതീക്ഷ.
(എബി ഐപ്പ്, കർഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |