തിരുവനന്തപുരം : പി.എസ്.സിയുടെ വ്യാജനിയമന ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങങിയത്. കേസിലെ മറ്റൊരു പ്രതി തൃശൂർ സ്വദേശി രശ്മി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
പി.എസ്.സിയുടെ വ്യാജനിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്, പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടുർ എന്നിവർക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മി പറയുന്നത്. ജോലി തേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിച്ചതത്രെ. തുടർന്ന് തട്ടിപ്പിൽ പങ്കാളിയാവുകയായിരുന്നു. കൂടുതൽ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതെന്നും പറഞ്ഞ് കൂടുതൽ പേരെ കൊണ്ടുവരാൻ രാജലക്ഷ്മി രശ്മിയോട് നിർദ്ദേശിക്കുകയായിരുന്നു. മണി ചെയിൻ മാതൃകയിലാണ് ഇവർ ആളുകളെ കണ്ടെത്തിയത്. ഒരുമിച്ചാണ് റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും കൂടുതൽ പേരെ കൊണ്ടുവരാനും നിർദ്ദേശിക്കും. കൂടുതൽ ആളുകളെ എത്തിച്ചാൽ നൽകേണ്ട പണത്തിന് ഇളവുകളും വാഗ്ദാനം ചെയ്യും. ഇത്തരത്തിൽ തട്ടിപ്പിനിരയായവർ തന്നെ കൂടുതൽ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്.
വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂവെന്നും നിർദ്ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പലർക്കും ജോലി കിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.എന്നാൽ ഇതിലേറെ രൂപ ഇവർ തട്ടിയെടുത്തെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.നിരവധി പേരെ ജോലി നൽകാമെന്ന പേരിൽ പറ്റിച്ചിട്ടുണ്ട്. പണം നൽകി ഒന്നര വർഷത്തോളം കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെ പലരും ബഹളമുണ്ടാക്കി. ഇതോടെയാണ് പി.എസ്.എസിയിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരിൽ വ്യാജ കത്തുണ്ടാക്കിയത്.കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഡി.കെ പൃഥ്വിരാജിന്റെ നിർദ്ദേശത്തിൽ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |