കുവെെത്ത് സിറ്റി: 19 മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യൻ നഴ്സുമാർ കുവെെത്തിൽ അറസ്റ്റിലായിട്ട് ആറ് ദിവസം. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പരിശോധനയിൽ ഇവരുടെ കെെയിൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുത്തതെന്ന് കുവെെത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവെെത്തിൽ ജോലി ചെയ്യാനുള്ള ലെെസൻസോ യോഗ്യതയോ ഇവർക്കില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ജോലിയ്ക്ക് യോഗ്യരാണെന്നും ശരിയായ തൊഴിൽ വിസയും സ്‌പോൺസർഷിപ്പും ഉണ്ടെന്നും മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നു.
മാലി മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹൃൂമൻ റിസോഴ്സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്സുമാർ കുടുങ്ങിയത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ പലരും മൂന്ന് മുതൽ 10വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സുരക്ഷാ പരിശോധനയിൽ ആകെ 60 പേർ പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. അഞ്ച് മുലയൂട്ടുന്ന അമ്മമാരും പിടിയിലായ നഴ്സുമാരുടെ കൂട്ടത്തിലുണ്ട്.
അതേസമയം, അറസ്റ്റിലായ മലയാളികൾ ഉൾപ്പെട്ട നഴ്സുമാരെ മോചിപ്പിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കെെക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |