തിരുവനന്തപുരം: ഇടതുപക്ഷ ദേശീയതയുടെ വക്താവായിരുന്നു കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരനെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പത്രാധിപരുടെ 42 - ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണയോഗം കേരളകൗമുദി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇടതുപക്ഷ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ വേദിയിലിരുത്തി വിഖ്യാതമായ കുളത്തൂർ പ്രസംഗം അദ്ദേഹം നടത്തിയിരുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഒറ്റയാന്റെ കരുത്തോടെ തന്റെ അഭിപ്രായം പറയാനുള്ള ചങ്കൂറ്റം അദ്ദേഹം കാണിച്ചിരുന്നു.
വിമോചന സമരകാലത്ത്, "സമരമെന്ന യാഗാശ്വത്തെ എവിടെ കൊണ്ടുചെന്ന് കെട്ടു" മെന്ന ചോദ്യത്തിന് മന്നം നൽകിയ മറുപടിയിലും കെ.സുകുമാരനുണ്ടായിരുന്നു.' ഇ.എം.എസിന്റെ മുറിയിൽ, സുകുമാരന്റെ സൂക്ഷിപ്പിൽ' ഈ കുതിരയെ കെട്ടുമെന്നാണ് മന്നം പറഞ്ഞത്. വിമോചനസമരത്തെ അനുകൂലിക്കാൻ പത്രാധിപർ കെ.സുകുമാരനും കേരളകൗമുദിയും തയ്യാറാകാത്തതാണ് ഇങ്ങനെ പറയാൻ കാരണമായത്. ദേവികുളം ഉപതിരഞ്ഞടുപ്പിൽ റോസമ്മ പുന്നൂസ് ജയിക്കുമെന്ന് പറഞ്ഞ ഒരേ ഒരു പത്രം കേരളകൗമുദിയായിരുന്നു.
രാജ്യത്ത് ഫാസിസത്തിന്റെ വലിയ തിരതള്ളൽ ഉണ്ടാകുന്ന വേളയിലാണ് ഫാസിസത്തിന് എതിരായിരുന്ന പത്രാധിപർ കെ.സുകുമാരന്റെ ചരമവാർഷികം ആചരിക്കുന്നത്. ജനാധിപത്യം എത്രനാൾ നിലനിൽക്കുമെന്നതിൽ ഭയം തോന്നുന്ന അവസ്ഥയാണിപ്പോൾ. അംബേദ്‌കർ ഭയന്നതുപോലെ ഭരണഘടനയ്‌ക്ക് മുകളിൽ മതത്തെ സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യ എന്ന പേര് നഷ്ടപ്പെടുന്നതോടെ നമ്മൾ തന്നെ ഇല്ലാതാകുന്ന നിലയിലേക്ക് മാറുകയാണ്.
എക്സിക്യുട്ടീവ്, ലെജിസ്ളേചർ, ജുഡീഷ്യറി എന്നിവയിൽ നിന്നും ഒരു പൗരന് നീതി കിട്ടുന്നില്ലെങ്കിൽ ആശ്രയിക്കാൻ കഴിയുന്നതാണ് നാലാം തൂണായ മാദ്ധ്യമങ്ങൾ. സുപ്രീംകോടതിയിലെ ന്യായാധിപൻമാർ പോലും രാജ്യം അപകടത്തിൽപ്പെട്ടിരിക്കുന്നു എന്നുവിളിച്ചുപറയാൻ ഈ നാലാം തൂണിനെയാണ് ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു .
അവാർഡുകൾ സമ്മാനിച്ചു
തിരുവനന്തപുരം: പത്രാധിപർ കെ.സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്കാരം തിരുവനന്തപുരം പോത്തൻകോട് ലേഖകൻ പി.സുരേഷ്ബാബുവിന് മന്ത്രി പി.പ്രസാദ് സമ്മാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ സർക്കുലേഷൻ ജീവനക്കാരൻ ആർ. വിജയകുമാറിന്റെ മകൻ വിശ്വജിത്തും, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പത്തനംതിട്ട യൂണിറ്റിലെ ഡി.ടി.പി വിഭാഗം ജീവനക്കാരൻ റൂബർട്ട് കെ.വിക്ടറിന്റെ മകൾ റിയാ ആനി റൂബർട്ടിനു വേണ്ടി പിതാവും മന്ത്രിയിൽ നിന്നു ഉപഹാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |