കൊച്ചി: എ.ഐ ക്യാമറകളിലൂടെ ട്രാഫിക് നിരീക്ഷിക്കാനുള്ള പദ്ധതിയുടെ നടത്തിപ്പിനുള്ള ആദ്യഗഡുവായ 11.79 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകി. പദ്ധതി നടത്തിപ്പിൽ ക്രമക്കേട് ആരോപിച്ചും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിൽ തുക നൽകുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കെൽട്രോണിന് ആദ്യഗഡു നൽകേണ്ട സമയമാണെന്നും തുക നൽകാൻ അനുവദിക്കണമെന്നും സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് ആവശ്യപ്പെട്ടു. ഇതു കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. അന്തിമ തീർപ്പിനു വിധേയമായിരിക്കും ഈ അനുമതിയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർജി വിശദമായ വാദത്തിന് ഒക്ടോബർ 18ലേക്ക് മാറ്റി.
236 കോടിരൂപ ചെലവിട്ട് ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്‌ഫർ) മാതൃകയിലുള്ള പദ്ധതിക്കാണ് ടെണ്ടർ വിളിച്ചിരുന്നതെന്നും പിന്നീട് പണം നൽകി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റിയെന്നുമാണ് ഹർജിക്കാരുടെ മുഖ്യ ആരോപണം. പദ്ധതി നടത്തിപ്പിനുള്ള യോഗ്യത കെൽട്രോണിനില്ലെന്നും ഇവർക്ക് ഭരണത്തിലെ ഉന്നതരുമായുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ധനകാര്യവകുപ്പ് തള്ളിയിട്ടും പദ്ധതി നടപ്പാക്കാൻ കാരണമെന്നും ഹർജിക്കാർ വാദിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയെന്നും ട്രാഫിക് നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. 2020ൽ പദ്ധതിക്കുവേണ്ടി നടപടികൾ തുടങ്ങിയെങ്കിലും ഇപ്പോഴാണ് ഹർജിക്കാർ എതിർപ്പുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |