കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വില്ലനായും, സ്വഭാവ നടനായുമൊക്കെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് കുണ്ടറ ജോണി. അദ്ദേഹമാണ് കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിൽ ഇത്തവണ അതിഥിയായെത്തിയിരിക്കുന്നത്. അദ്ദേഹം തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നു.
അഭിമുഖത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യയേയും, മക്കളെയുമൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. സിനിമയിൽ വില്ലൻ വേഷമാണ് ചെയ്തതെങ്കിലും ജീവിതത്തിൽ ആള് വളരെ പാവമാണെന്ന് ഭാര്യ പറയുന്നു. താൻ ചെയ്ത ബലാത്സംഗ സീനുകളെക്കുറിച്ച് അദ്ദേഹവും പറയുന്നുണ്ട്.
'ആ ഒരു സമയത്ത് ഏതാണ്ട് കൂടുതൽ ബലാത്സംഗ സീനുകൾ ചെയ്തത് ഞാനായിരുന്നു. കാരണമെന്താണെന്ന് വച്ചാൽ ആ ഒരു കാലഘട്ടത്തിൽ യംഗ് വില്ലനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ഭീമൻ രഘുവും ക്യാപ്റ്റൻ രാജുവുമൊക്കെ വരുന്നത്. അങ്കച്ചമയം എന്ന പടത്തിലെ ബലാത്സംഗ സീൻ ഏറെ വേദനിപ്പിച്ചു. ഞാനൊരു കുട്ടിയെ റേപ്പ് ചെയ്യുന്ന സീനാണ്. എട്ടൊൻപത് വയസുള്ള കുട്ടിയാണ്. ഞാനൊരു സ്‌കൂളിന്റെ ഓണറൊക്കെയാ അതിൽ, നാട്ടുപ്രമാണി. സ്‌കൂൾ വിട്ട് പിള്ളേർ നനഞ്ഞ് പോകുന്നു. അപ്പോൾ ഒരു കുട്ടിയോട് ഞാൻ വണ്ടിയിൽ കയറിക്കോളാൻ പറയുന്നു. പിന്നെ കാണിക്കുന്നത് അത് രക്തത്തിൽ കുളിച്ചുകിടക്കുന്നതായിട്ടാണ്. എട്ടൊൻപത് വയസുള്ള കുട്ടികളെയൊക്കെ നമ്മൾ ലാളിക്കുന്നതല്ലേ, അങ്ങനെയൊരു കുട്ടിയെ നമ്മൾ റേപ്പ് ചെയ്യുകാന്ന് വച്ചാലെങ്ങനാ ശരിയാകുന്നതെന്ന് അന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. ആ സമയത്ത് ഗൾഫിലൊരു എഴുപത്തിയഞ്ച് വയസുള്ള സ്ത്രീയെ ആരോ റേപ്പ് ചെയ്തിരുന്നു. ഇക്കാര്യം സംവിധായകൻ എന്നോട് പറഞ്ഞു. കൂടാതെ എന്റെ ബ്രൂട്ടാലിറ്റി കാണിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സീൻ ഒഴിവാക്കാൻ പറഞ്ഞെങ്കിലും, ചേട്ടന്റെ ആ ക്രൂരത കാണിക്കാൻ ഇത് വേണമെന്ന് പറഞ്ഞു.'- അദ്ദേഹം വ്യക്തമാക്കി.
നടി സുഹാസിനിയെ റേപ്പ് ചെയ്യുന്ന സീൻ അഭിനയിച്ചതിനെക്കുറിച്ചും നടൻ പറയുന്നുണ്ട്. 'കൊടേക്കനാലിലെ ഒരു പാർക്കിൽ വച്ചാണ് ഞാൻ റേപ്പ് ചെയ്യുന്നത്. ടൂറിസ്റ്റ് വണ്ടികളും ആളുകളുമൊക്കെ ചുറ്റുമുണ്ട്. സുഹാസിനി തമിഴിൽ വലിയ താരവുമാണ്. ഞാൻ സുഹാസിനിയോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്. ജോണി ചേട്ടന് സിസ്‌റ്റേഴ്സ് ഇല്ലേന്നായിരുന്നു സുഹാസിനിയുടെ മറുപടി. വേറൊന്നും പറഞ്ഞില്ല. ചിലർ റേപ്പ് സമയത്ത് സാരി പൊക്കല്ലേ എന്നൊക്കെ പറയും.'- കുണ്ടറ ജോണി പറഞ്ഞു.
വിവാഹ ശേഷമാണ് റേപ്പ് സീനിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. 'വൈഫ് കോളേജിലാണ് പഠിപ്പിക്കുന്നത്. ഇയാള് പോകുമ്പോൾ ആളുകൾ കമന്റ് പറയും. പിന്നെ പിള്ളേരൊക്കെ വളർന്നുവരികയാണെല്ലോ.'-അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |