കൊച്ചി: തമ്മനം - പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് പുതുക്കിയ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കാനുള്ള നടപടികൾ വൈകുന്നതിനാൽ റോഡ് വികസനം അനന്തമായി നീളുന്നു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നതിനിടെയാണ് അലൈൻമെന്റ് മാറ്റം വേണ്ടി വന്നത്.
നിർദ്ദിഷ്ട റോഡിന്റെ പുതിയ അലൈൻമെന്റ് പ്രകാരമുളള ബാഹ്യ അതിരുകൾ നിർണയിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിലാണ് നടക്കേണ്ടത്. പി.ഡബ്ല്യു.ഡി പ്ലാൻ നൽകിയാൽ മാത്രമേ കെ.ആർ.എഫ്.ബിക്ക് ഇത് സാദ്ധ്യമാകൂ.
പുതിയ അലൈൻമെന്റ് ലഭിച്ചാൽ മാത്രമേ ഇതിന്റെ ജോലികൾ കെ.ആർ.എഫ്.ബിക്ക് ആരംഭിക്കാനാകൂ. പ്ലാൻ ലഭിച്ചാൽ രണ്ട് മാസത്തിനകം ഈ പ്രവൃത്തി പൂർത്തിയാക്കാം. അതിരുകൾ നിർണയിക്കുന്ന മുറയ്ക്ക് തന്നെ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിനുളള സാങ്കേതിക നടപടി ക്രമങ്ങളും പൂർത്തിയാക്കും.
വികസനം നടന്നാൽ ഇടപ്പള്ളി-പാലാരിവട്ടം-കലൂർ-കച്ചേരിപ്പടി-എം.ജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് വഴിയുള്ള ഗതാഗത കുരുക്കിൽ പെടാതെ നഗരത്തിലേക്കും തിരിച്ചും യാത്രാ സൗകര്യം ലഭ്യമാകും. ആറ് ഘട്ടങ്ങളിലായി പലയിടത്തും വികസന പ്രവർത്തനങ്ങൾ നടന്നു.
നേരത്തെ പദ്ധതിക്ക് കിഫ്ബി അനുമതി ലഭിച്ചിരുന്നുവെങ്കിലും അലൈൻമെന്റ് മാറ്റം വരുന്നതോടെ പദ്ധതിയുടെ രൂപരേഖ വീണ്ടും കിഫ്ബിക്ക് സമർപ്പിച്ച് വീണ്ടും അനുമതി തേടേണ്ടി വരും.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി പൂർത്തീകരിക്കാൻ നേരത്തെ തന്നെ നീക്കം നടന്നെങ്കിലും പി.ഡബ്ല്യു.ഡിക്ക് റോഡ് നിയമപരമായി കൈമാറാത്തതിനാൽ ഡി.പി.ആർ തയ്യാറാക്കുന്നതിന് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുക്കാൻ കെ.ആർ.എഫ്.ബി. വിസമ്മതിച്ചു.
വിവിധ വകുപ്പുകളുടെ അനാസ്ഥ
വിവിധ വകുപ്പുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമാണ് റോഡ് വികസനം വൈകിയത്. പലപ്പോഴായി സമരങ്ങൾ ഏറെ നടന്നെങ്കിലും വികസനം മാത്രം നീണ്ടു. റോഡിലെ പ്രധാന ഭാഗമായ പുല്ലേപ്പടി റെയിൽ ഓവർ ബ്രിഡ്ജ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ പണിതത് പത്ത് വർഷത്തോളം എടുത്താണ്. റെയിൽവേ മേൽപ്പാലം പണിത് ഒമ്പത് വർഷം കഴിഞ്ഞാണ് അപ്രോച്ച് റോഡ് നിർമ്മിച്ചത്. പാലത്തിന്റെ പടിഞ്ഞാറു വശത്ത് നിന്ന് ചിറ്റൂർ റോഡിലേക്ക് പുതിയ റോഡ് തുറക്കേണ്ടതുമുണ്ട്.
നീളം- 2.200കി.മീ
നിലവിലെ വീതി- 12 മീറ്റർ
നിർദിഷ്ട വീതി- 22 മീറ്റർ
തുടക്കം- പുല്ലേപ്പടി (പത്മ)
അവസാനം- ചളിക്കവട്ടം ബൈപ്പാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |