കാട്ടാക്കട: വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കാറും സ്റ്റേജ് ഡെക്കറേഷൻ സാധനങ്ങളും കത്തിച്ച നിലയിൽ. കാട്ടാക്കട പന്നിയോട്, ഇലയ്‌ക്കോട്, കല്ലാമം സുമ കോട്ടേജിൽ ആർവിന്റെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും കാറും സ്റ്റേജ് ഡെക്കറേഷൻ സാധനങ്ങളുമാണ് കത്തിച്ചത്. ചൊവാഴ്ച പുലർച്ചെയാണ് സംഭവം. വീടിനകത്തേക്ക് എയർഹോൾ വഴി പുക എത്തിയതോടെ ഉറങ്ങികിടന്നവർക്ക് ശ്വാസതടസം ഉണ്ടാവുകയും ചെയ്തപ്പോഴാണ് പുറത്ത് തീ ആളി പടരുന്നത് കണ്ടത്. ഉടനെ പുറത്തിറങ്ങി പരിശോധിച്ചപ്പോൾ ബൈക്കിനും കാറിനും തീപടർന്നുപിടിച്ചു. കാർ പാർക്ക് ചെയ്‌തിരുന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന ഇയാളുടെ അനുജൻ ജോഫിന്റെ സ്റ്റേജ് ഡെക്കറേഷൻ സാധനങ്ങളും കത്തി.
വീട്ടുകാർ തീ അണച്ചെങ്കിലും രണ്ടു ലക്ഷം രൂപയുടെ ഡെക്കറേഷൻ സാധനങ്ങളും കാറും ബൈക്കും കത്തിനശിച്ചു. കാട്ടാക്കട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പൂർണമായും തീയണച്ചു. രാത്രി ഉറങ്ങാൻ നേരം മുൻ വശത്തെ ഗേറ്റ് അടച്ചിരുന്നെന്നും തീ കത്തുമ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടെന്നും വീട്ടുടമ പറഞ്ഞു. കാട്ടാക്കട പൊലീസിൽ പരാതി നൽകി. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |