തിരുവനന്തപുരം: കേരളത്തിനായുള്ള രണ്ടാം വന്ദേഭാരത് 24-ാം തീയതി മുതൽ സർവീസ് ആരംഭിച്ചേക്കും. സംസ്ഥാനത്തിനായി അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഗോവയിലേയ്ക്ക് കൊണ്ടുപോകാൻ രാഷ്ട്രീയമായ ചരടുവലി നടക്കുന്നതായുള്ള അഭ്യൂഹത്തിനിടയിലാണ് സന്തോഷ വാർത്ത എത്തുന്നത്. ഞായറാഴ്ച് മുതൽ ആഴ്ച്ചയിൽ ആറ് തവണ ട്രെയിൻ സർവീസ് നടത്തുമെന്നാണ് വിവരം.
കാസർകോട് നിന്ന് തലസ്ഥാനത്തേയ്ക്കുള്ള റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ആലപ്പുഴ വഴിയാണ് റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനിന്റെ സമയക്രമവും തയ്യാറായതാണ് വിവരം. രാവിലെ ഏഴുമണിക്ക് കാസർകോട് നിന്ന് സർവീസ് ആരംഭിക്കുകയും തിരുവനന്തപുരത്ത് 3.05ന് എത്തിച്ചേരുകയും ചെയ്യും. തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55ന് കാർസർകോട് തിരികെ എത്തും. പുതിയ മാറ്റങ്ങളോടെയുള്ള ഓറഞ്ച് നിറത്തിലുള്ള ട്രെയിനായിരിക്കും ദക്ഷിണ റയിൽവേ കേരളത്തിനായി നൽകുക. ഓണക്കാലത്ത് ട്രെയിൻ കേരളത്തിന് കൈമാറുമെന്നായിരുന്നു നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നത്.
അതേസമയം വന്ദേ ഭാരത് എക്‌സ്പ്രസ് വിജയമായതിന് പിന്നാലെ അതേ ശ്രേണിയിലെ വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ പതിപ്പുകൾ അടുത്ത വർഷം ട്രാക്കിലിറക്കാനൊരുങ്ങുകയാണ് റെയിൽവേ. വന്ദേ മെട്രോ 2024 ജനുവരിയോടെയും വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പർ കോച്ചുകൾ 2024 മാർച്ചിലും പുറത്തിറക്കും. 12 കോച്ചുകൾ അടങ്ങുന്ന വന്ദേ മെട്രോയാണ് വികസിപ്പിക്കുന്നത്.ഇവയ്‌ക്കുള്ള കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |