
കൊച്ചി: 40 കിലോ ശരീരഭാരമുള്ള വീട്ടമ്മയുടെ ഉദരത്തിൽ നിന്ന് 20 കിലോ തൂക്കമുള്ള ഗർഭാശയമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഫോർട്ടുകൊച്ചി സ്വദേശിയായ 54കാരി ഒരു വർഷമായി പേറിനടന്ന മുഴയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിർണായക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കഴിഞ്ഞമാസം 8നാണ് മെലിഞ്ഞുണങ്ങിയ ശരീരവും ഉന്തിയ വയറുമായി വീട്ടമ്മ ചികിത്സതേടിയത്. അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം 20കിലോ ശരീരഭാരം മാത്രമായ വീട്ടമ്മ ഒരു മാസത്തോളം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തു.
ആഹാരത്തോട് വിരക്തി, ശരീരം പെട്ടെന്ന് മെലിയുക, വയർ അസാധാരണമായി വീർത്തുവരിക എന്നിവയായിരുന്നു രോഗലക്ഷണം. വൈദ്യപരിശോധനയിൽ ഗർഭാശയമുഴയുടെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ ഗൈനക്കോളജിസ്റ്റ് ഡോ. അശോക്‌കുമാർ പിള്ളയുടെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
ആറ് മണിക്കൂർനീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് അരമീറ്ററോളം നീളമുള്ള മുഴ നീക്കംചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ഉദരത്തിലെ മുഴ വളരുന്നതിനനുസരിച്ച് മറ്റ് ആന്തരികാവയവങ്ങൾക്കുമേൽ സമ്മർദ്ദം കൂടിയിരുന്നു. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികൾവരെ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു.
മുഴ നീക്കംചെയ്യുന്നതിനിടയിൽ രോഗിയുടെ രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നുപോകുന്ന അവസ്ഥയുണ്ടായെങ്കിലും അപകടരഹിതമായി ശസ്ത്രക്രിയ പൂർത്തിയാക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടുവർഷത്തെ ചിട്ടയായ ആഹാരക്രമവും വിശ്രമവുംകൊണ്ട് രോഗി പൂർണ ആരോഗ്യവതിയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും പറഞ്ഞു. രോഗലക്ഷണം പ്രകടമായപ്പോൾ ആരും അറിയാതെ സഹിച്ച് കൊണ്ടുനടന്നതാണ് സ്ഥിതി ഇത്രയേറെ ഗുരുതരമാകാൻ കാരണമെന്ന് ഡോ. അശോക്‌കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |