തൃശൂർ : കരുവന്നൂർ കള്ളപ്പണവുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണം കലങ്ങി മറിയുന്നു. സി.പി.എം നേതാക്കൾക്ക് ഒപ്പം ചില ബിനാമികളിലേക്കും സഹകരണ സംഘങ്ങളിലേക്കും അന്വേഷണം നീളുകയാണ്. തിങ്കളാഴ്ച്ച ജില്ലയിലെ പ്രധാന രണ്ട് സർവീസ് സഹകരണ സംഘങ്ങളായ അയ്യന്തോൾ സർവീസ് സഹകരണ സംഘത്തിലും തൃശൂർ സർവീസ് സഹകരണ സംഘത്തിലും ഇ.ഡി നടത്തിയ പരിശോധന 25 മണിക്കൂറോളം നീണ്ടു. ഇന്നലെ എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ തീരുമാനിച്ചിരുന്ന സാഹചര്യത്തിൽ പരിശോധനകൾക്ക് പ്രാധാന്യമുണ്ടായിരുന്നു. ഇതിനിടയിൽ ഇന്നലെ ഹാജരാകുന്നതിൽ നിന്ന് എ.സി മൊയ്തീൻ പിന്മാറി. ജുവല്ലറികളിൽ ഉൾപ്പെടെ ഇ.ഡിയുടെ പരിശോധന നടന്നു. അതേസമയം പരിശോധനകളെ ചൂടുപിടിപ്പിക്കാൻ പ്രസ്താവനകളുമായി ബി.ജെ.പിയും കോൺഗ്രസും രംഗത്തെത്തി.
കേസ് ഒത്തുതീർക്കാൻ സി.പി.എം ബി.ജെ.പി ധാരണയായതായി അനിൽ അക്കരയും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ആരോപിച്ചു. ശരിയായി അന്വേഷണം നടത്തിയാൽ സംസ്ഥാനത്തെ മുഴുവൻ സി.പി.എം നേതാക്കന്മാരും ജയിലിൽ പോകേണ്ടി വരുമെന്നും സി.പി.എം നിയന്ത്രണത്തിലുള്ള മുഴുവൻ സഹകരണ ബാങ്കിലും അന്വേഷണം നടന്നാലേ കള്ളപ്പണ ഇടപാടിന്റെ യഥാർത്ഥ ചിത്രം പുറത്തു വരൂവെന്നും ജോസ് വള്ളൂർ ആരോപിച്ചു. കരുവന്നൂർ തട്ടിപ്പിലെ ഇരകൾക്കായല്ല, വേട്ടക്കാർക്കായാണ് സി.പി.എം നിലകൊള്ളുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ ആരോപിച്ചു. ഇ.ഡി അന്വേഷണം തടസപ്പെടുത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അനീഷ് കുമാർ ആരോപിച്ചു. ജസ്റ്റിൻ ജേക്കബ്, എൻ.ആർ റോഷൻ, രഘുനാഥ് സി.മേനോൻ എന്നിവരും അനീഷ് കുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇ.ഡി അന്വേഷണം എ.സി മൊയ്തീനിലും പ്രാദേശിക നേതാക്കളിലും മാത്രമായി ഒതുക്കാൻ സി.പി.എം, ബി.ജെ.പി ധാരണയുണ്ട്. സി.പി.എമ്മിലെയും എൽ.ഡി.എഫിലെയും ഉന്നതനേതാക്കളുടെ ബിനാമിയായ വെളപ്പായ സതീശൻ പ്രതിയായ സഹകരണ ബാങ്കുകളിലെ അട്ടിമറി ആരംഭിക്കുന്നത് എൽ.ഡി.എഫിലെ ഉന്നത നേതാവ് ജില്ലയിൽ ചാർജ്ജ് വഹിച്ചിരുന്ന സമയത്താണ്.
ജോസ് വള്ളൂർ
ഡി.സി.സി പ്രസിഡന്റ്
പണം നഷ്ടമായവരോട് പ്രതിബദ്ധത ഉണ്ടെങ്കിൽ തട്ടിപ്പിന് കൂട്ടുനിന്ന എ.സി മൊയ്തീൻ, എം.കെ കണ്ണൻ, പി.ആർ അരവിന്ദാക്ഷൻ, അനൂപ് ഡേവിസ് കാട എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. കോടികളുടെ തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തിൽ കേരള ബാങ്ക് ഉൾപ്പെടെ സംശയ നിഴലിലായ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്ന ധവളപത്രം പുറത്തിറക്കണം. സെപ്തംബർ 21 മുതൽ 30 വരെ എല്ലാ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലും ധർണ നടത്തും
കെ.കെ അനീഷ് കുമാർ
ജില്ലാ പ്രസിഡന്റ്
ബി.ജെ.പി
ഇ.ഡിയുടേത് ആസൂത്രിത നീക്കം
അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ 24 മണിക്കൂർ നീണ്ടുനിന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് രാവിലെ അവസാനിച്ചിരുന്നു. എന്നാൽ ഇ.ഡി നടത്തിയത് ആസൂത്രിത നീക്കമാണെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥൻ ആരോപിച്ചു. കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് ആരോപണം. ഇത് നിക്ഷേപകരെ ആശങ്കയിലാക്കിയെന്നും രവീന്ദ്രനാഥൻ വ്യക്തമാക്കി.
ഇ.ഡി റെയ്ഡ് ബി.ജെ.പി - കോൺഗ്രസ് ഗൂഢാലോചനയുടെ തെളിവ്
തൃശൂർ : സഹകരണ സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് ബി.ജെ.പി കോൺഗ്രസ് ഗൂഢാലോചനയുടെ തെളിവാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. സഹകരണ ജീവനക്കാരെ 24 മണിക്കൂർ പ്രാഥമികാവശ്യങ്ങൾക്ക് പോലും വിടാതെ നടത്തിയ റെയ്ഡ് ജീവനക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതാണ്. ജീവനക്കാർ ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ല. സഹകരണ സംഘങ്ങളുടെ വിശ്വാസ്യത തകർക്കുകയെന്നത് കുത്തകകളുടെ എക്കാലത്തെയും പ്രിയപ്പെട്ട അജണ്ടയാണ്. കേരളത്തിലെ സഹകരണ സംഘങ്ങളിലെ ജനങ്ങളുടെ നിക്ഷേപം വൻകിട കോർപ്പറേറ്റുകളെ എന്നും മോഹിപ്പിക്കുന്നതാണ്. ഇത് കൈപ്പിടിയിൽ ഒതുക്കാനാണ് കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുന്നത്. രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങൾ ശതകോടീശ്വരന്മാർക്ക് വിറ്റുതുലച്ചവർ കുത്തകകളുടെ ഇംഗിതം നടപ്പിലാക്കുന്നതിന് വ്യഗ്രത കാട്ടുന്നതിൽ അത്ഭുതമൊന്നുമില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |