ഇന്ത്യ- പാക് സേനകളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ലക്ഷ്യംവച്ച് കുപ്രസിദ്ധി നേടിയ പാക് ഹാക്കറെന്ന് സംശയിക്കുന്ന 'ട്രാൻസ്‌പാരന്റ് ട്രൈബ്' വീണ്ടും വാർത്തകളിൽ ഇടംനേടുന്നു. വ്യാജ യുട്യൂബ് ആപ്പ് ഉപയോഗിച്ച് 'കാപ്രാറാറ്റ്' (CapraRAT) എന്ന 'മൊബൈൽ റിമോട്ട് ആക്‌സസ് ട്രോജൻ' മാൽവെയർ ഇന്ത്യൻ ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യം വയ്ക്കുന്നതായി വിവരം ലഭിച്ചിരിക്കുകയാണ്. മൊബൈൽ, കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളെ വളരെ ദൂരത്തുനിന്ന് നിയന്ത്രിക്കാൻ സഹായിക്കുന്ന മാൽവെയറുകളാണ് റിമോർട്ട് ആക്‌സസ് ട്രോജനുകൾ.
കാശ്‌മീരിലെ തർക്ക പ്രദേശവുമായി ബന്ധപ്പെട്ടും പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയും നിരീക്ഷണത്തിനായി കാപ്രാറാറ്റ് ഉപയോഗിച്ചതായി സൈബർ സുരക്ഷാ കമ്പനിയായ സെന്റിനൽ വണിന്റെ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ ട്രാൻസ്‌പാരന്റ് ട്രൈബ് ലക്ഷ്യം വച്ചിരുന്നു.
മറ്റൊരു ആപ്ളിക്കേഷനിൽ റാറ്റ് സവിശേഷതകൾ ഒളിപ്പിച്ചുവയ്ക്കാനാവുന്ന ഒരു ആൻഡ്രോയ്‌ഡ് ഫ്രെയിംവർക്കാണ് കാപ്രാറാറ്റ്. ആൻഡ്രോയ്‌ഡ് ഉപകരണത്തിലുള്ള ഏകദേശം എല്ലാ ഡേറ്റയുടെയും നിയന്ത്രണം ഹാക്കറിന് പിടിച്ചെടുക്കാൻ സഹായിക്കുന്ന ഒരു നുഴഞ്ഞുകയറ്റ ടൂൽ ആണ് കാപ്രാറാറ്റെന്ന് സുരക്ഷാ ഗവേഷകനായ അലക്‌സ് ദെലാമോട്ടെ പറഞ്ഞു.
സ്വന്തമായി നിർമിക്കുന്ന വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ഗൂഗിൾ പ്ളേസ്റ്റോറിന് പുറത്തുനിന്ന് ആൻഡ്രോയ്‌ഡ് ആപ്പുകൾ പ്രചരിപ്പിക്കുകയാണ് ട്രാൻസ്‌പാരന്റ് ട്രൈബ് ചെയ്യുന്നത്. ഇത്തരം വെപ്പണൈസ്‌ഡ് ആപ്പുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യും. അടുത്തിടെ ഡേറ്റിംഗ് ആപ്പുകൾ എന്ന പേരിൽ ഈ സംഘം കാപ്രാറാറ്റ് ആൻഡ്രോയ്‌ഡ് ആപ്പുകൾ വിതരണം ചെയ്തിരുന്നു.
ഇത്തരത്തിൽ ഒരു ആപ്പ് ഉപയോഗിക്കുമ്പോൾ അത് എത്തിച്ചേരുന്നത് 'പിയ ശർമ' എന്ന് പേരുള്ള ഒരു യുട്യൂബ് ചാനലിലേക്കാണെന്ന് സെന്റിനൽ വണിന്റെ റിപ്പോർട്ടിൽ പറയുന്നു. വിവിധ പ്രദേശങ്ങളിലെ സ്ത്രീകളുടെ ലഘുവീഡിയോകൾ ഈ ചാനലിലുണ്ട്. ഉപഭോക്താക്കളുടെ പേരും ലൈക്കും ചാനൽ ആവശ്യപ്പെടുന്നുണ്ടെന്നും കണ്ടെത്തി. പിയ ശർമ ഹാക്കിംഗ് ഗ്രൂപ്പുമായി ബന്ധമുള്ളയാൾ ആയേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |