മനുഷ്യനെ പലതരം പിശാചുക്കൾ പിടികൂടും. എത്ര ചികിത്സിച്ചാലും മാറാത്ത പിശാചാണ് ജാതിചിന്ത. മനുഷ്യനെ മനുഷ്യനായി കാണാതെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ചു കാണുന്നതിൽ ആത്മസുഖം അനുഭവിക്കുന്ന ആളുകളുടെ എണ്ണം നമ്മുടെ സമൂഹത്തിലും ഒട്ടും കുറവല്ല. താഴ്‌ന്നതെന്നോ ഉയർന്നതെന്നോ ഒരു ജാതിയില്ല. മനുഷ്യജാതി മാത്രമേയുള്ളൂ. ഇത് എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന വസ്തുതയാണ്. എന്നിട്ടും കണ്ണടച്ച് ഇരുട്ടാക്കി ജാതിയുടെ പേരിൽ ഗർവ്വം കൊള്ളുന്നവർ കഴിഞ്ഞ നൂറ്റാണ്ടിൽ അതു പ്രവൃത്തിയിലൂടെയും പുറത്തു കാണിച്ചിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ ബോധനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയും കേരളത്തിൽ ജാതിസ്പർദ്ധയും അകറ്റിനിറുത്തലും പ്രകടമാക്കാൻ പറ്റാത്ത അവസ്ഥ സംജാതമാക്കി. പ്രകടമാക്കാൻ പറ്റാത്ത, ജാതിയെന്ന പൈശാചിക ചിന്ത സൂക്ഷ്മരൂപത്തിൽ ചിലരുടെ മനസ്സിനുള്ളിലെ ഇരുട്ടറയിൽ കുടിയേറിപ്പാർത്തത് അങ്ങനെയാണ്. ഇത് ചില സംഭവങ്ങളിലൂടെ ഇടയ്ക്കിടെ പുറത്തുവരികയും ചെയ്യും. അതിലൊന്നാണ് പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിലെ ചടങ്ങിനിടെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനു നേരിട്ട ജാതിവിവേചനം .
ജനുവരിയിൽ നടന്ന സംഭവം അടുത്തിടെ കോട്ടയത്ത് ഒരു ചടങ്ങിൽ പ്രസംഗിക്കവെ മന്ത്രി തന്നെ വെളിപ്പെടുത്തിയപ്പോഴാണ് പൊതുസമൂഹം അറിഞ്ഞത്. ഇത്രനാളും മന്ത്രി എന്തുകൊണ്ട് പറഞ്ഞില്ല, നടപടിയെടുത്തില്ല എന്നൊക്കെപ്പറഞ്ഞ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. സ്വന്തം ജീവിതത്തിൽ ഇതിനേക്കാൾ വലിയ ജാതിവിവേചനങ്ങൾ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് രാധാകൃഷ്ണൻ. ഓരോ സംഭവമായി എടുത്ത് അതിനെതിരെ പോരാടുന്നതിൽ യാതൊരു അർത്ഥവുമില്ല.
എന്നാൽ രാധാകൃഷ്ണന്റെ രാഷ്ട്രീയം ഈ ചിന്താഗതിക്കെതിരെ നിലകൊള്ളുന്നതാണ്. അത്തരമൊരു പ്രവർത്തനവും പോരാട്ടവുമാണ് തന്റെ സംശുദ്ധമായ പൊതുജീവിതത്തിലൂടെ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലല്ല ചടങ്ങു നടന്നത്,പുറത്തു നടക്കുന്ന ചടങ്ങിൽ പുരോഹിതൻ മറ്റൊരാൾക്ക് വിളക്ക് കൈമാറിക്കൂടാ എന്ന് ഏതു വൈദിക ഗ്രന്ഥത്തിലാണ് പറഞ്ഞിട്ടുള്ളത്? ഇതേ വിഭാഗത്തിൽപ്പെട്ടവർ ശ്രീകോവിലിൽ നിന്ന് ഭഗവാന്റെ മാറിലെ മാല മോഷ്ടിച്ചതിന് അകത്തായിട്ടുള്ള സംഭവങ്ങളും കേരളത്തിൽ നടന്നിട്ടില്ലെന്ന് ആർക്ക് പറയാൻ കഴിയും?
ജാതിവിവേചനം കാണിച്ച വ്യക്തിക്കെതിരെ കേസെടുത്താൽ തീരുന്നതല്ല ഈ വിവേചനം. ഗുരു തന്നെ പറഞ്ഞത്, സോപ്പിന്റെ പത കഴുകിക്കളയാൻ ശ്രമിക്കുന്നതുപോലെയാണ് ജാതിചിന്ത എന്നാണ്. കഴുകുന്തോറും പത കൂടിവരും. മുന്നാക്കക്കാരിൽ മാത്രമല്ല, പിന്നാക്കക്കാരിലും ജാതിചിന്ത ഒട്ടും കുറവല്ല. ഇത് മനുഷ്യന്റെ മനസ്സിനെ ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണ്. അതിന്റെ പാടുകൾ പുറത്തു കാണാത്തതിനാൽ ആരും അറിയുന്നില്ലെന്നു മാത്രം. മനുഷ്യന് അയിത്തം കല്പിക്കുന്നവരെ നിയമപരമായി നേരിടുന്നതിനേക്കാൾ അവരുടെ മനസ്സിലെ അത്തരം കറ മാറ്റാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഉത്തമം എന്നാണ് മന്ത്രി പറഞ്ഞത്. അതാണ് ശരിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |