SignIn
Kerala Kaumudi Online
Friday, 08 December 2023 3.00 PM IST

ഉമ്മൻചാണ്ടിയുടെ ആത്മകഥ വായിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ,​ കോൺഗ്രസുകാരോട് ജെയ്‌ക് സി തോമസിന്റെ ചോദ്യം

f

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥ വായിക്കാൻ ധൈര്യമുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വത്തോട് പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്‌ സി. തോമസിന്റെ ചോദ്യം. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലംസാക്ഷിയുടെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജെയ്‌ക് സി. തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സോളാർകാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നു വരുത്തി തീർക്കാനുള്ള പൊതുബോധ നിർമ്മാണ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജെയ്‌ക് ചൂണ്ടിക്കാട്ടി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ 8 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. പക്ഷെ മുൻ മുഖ്യമന്ത്രിയെ സംബന്ധിച്ചു വ്യക്തിപരമായ ഒരു വാചകവും അദ്ദേഹം പറഞ്ഞില്ലെന്നും ജെയ്ക് വ്യക്തമാക്കി.

ജെയ്‌ക് സി തോമസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഈ പുസ്തകം വായിക്കാൻ നിങ്ങൾക്ക്

ധൈര്യമുണ്ടോ ..?

ഫ്രാൻസ് ഫാനന്റെ റെച്ചഡ് ഓഫ് ദി ഏർത്തിനു എഴുതിയ ആമുഖത്തിൽ ജീൻ പോൾ സാർത്ര് വായനയുടെ ലോകത്തോടുയർത്തുന്ന പ്രകോപനപരമായ ചോദ്യമാണിത്. പക്ഷെ ഇവിടെ ഈ ചോദ്യം ഒന്നാവർത്തിക്കുന്നത് നമ്മുടെ കോൺഗ്രസ് സുഹൃത്തുക്കളോടാണ്.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീകമായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ ആത്മകഥ വായിക്കുവാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ എന്ന്.

ലോകത്തിന്റെ ചരിത്രത്തിലെ പഠനവിധയേമാവേണ്ട ഇടതുപക്ഷ വിരുദ്ധ പ്രചാരവേലയുടെ കാലത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവുമൊടുവിലത്തെ സൃഷ്ടിക്കപ്പെട്ട മുഖ്യധാരാ നരേട്ടീവുകളിൽ ഒന്നാണ് സോളാർകാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നു വരുത്തി തീർക്കാനുള്ള പൊതുബോധ നിർമ്മാണ ശ്രമങ്ങൾ.

കുടുംബം രക്ഷാകവചം എന്ന തലവാചകത്തോടെ ആരംഭിക്കുന്ന ആത്മകഥയുടെ ഏറ്റവുമൊടുവിലത്തെ ഭാഗത്തു പേജ് 398 -ൽ രണ്ടാം പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു.

“മകളുടെ ഭർത്താവിന്റെ വീടുമായി ബന്ധപെട്ട ചിലർ ലഘുലേഖകൾ അച്ചടിച്ചു പ്രചരിപ്പിച്ചു. അതുമായി അവർ വാർത്താസമ്മേളനം നടത്തി. ആരും അത് കാര്യമാക്കിയില്ല. അവർ പിണറായി വിജയനെ ചെന്ന് കണ്ടു. അന്നദ്ദേഹം സിപിഐ.എം സംസ്ഥാന സെക്രട്ടറി ആണ്. അനൂകൂല പ്രതികരണം പ്രതീക്ഷിച്ചു ചെന്നവർ നിരാശരായി എന്നാണ് ഞാൻ പിന്നീട് മനസിലാക്കിയത്. അന്ന് ഞാൻ പ്രതിപക്ഷ നേതാവാണ്. പിണറായി വിജയൻ പി ജയരാജനെ എന്റെ അടുത്തേക്ക് അയച്ചു. നിയമസഭയിൽ ഞങ്ങൾ കണ്ടു. ഇത്തരം വൃത്തികേടുകൾക്കു കൂട്ടുനിൽക്കില്ലെന്ന സന്ദേശം എന്നെ അറിയിച്ചു.”

ഒരു വൃത്തികേടിനും കൂട്ടുനിൽക്കില്ലെന്നു ഒസ്യത്തിലെന്ന പോലെ എഴുതി വെച്ചിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷത്തിലെ ഏറ്റവും സമുന്നത നേതൃത്വത്തെ കുറിച്ച്, പിണറായി വിജയനെ കുറിച്ച്. അതിൽ ഞങ്ങൾക്കാർക്കും ഒരത്ഭുതവുമില്ല, കാരണം ഞങ്ങളുടെ വഴികൾ എന്തായിരിക്കണം എന്ന് ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങളുടെ പ്രസ്ഥാനമാണ്.

എന്ത് കൊണ്ട് പി ജയരാജൻ പോയി കണ്ടു എന്നൊരു ചോദ്യവും ഇവിടെ പ്രസക്തമാണ്. അതിനുള്ള മറുപടി വെളിവാക്കി തരുന്നത് കേരളത്തിൽ ഇടതുപക്ഷം സ്വീകരിച്ച രാഷ്ട്രീയസമീപനങ്ങളെ തന്നെയുമാണ്.

2006-2011 വരെയുള്ള ഇടതുപക്ഷ ഭരണകാലത്തു സി.പി.ഐ.എമ്മിന്റെ പാർലമെൻററി പാർട്ടി സെക്രട്ടറി പി ജയരാജൻ ആയിരുന്നു. ആ പദവിയും ഉത്തരവാദിത്വവുമാണ് അദ്ദേഹത്തെ നയിച്ചത്. അന്ന് നിയമസഭയിൽ വെച്ച് തന്റെ അഡ്രസ്സിൽ ഇത്തരമൊരു പരിശോധന രേഖയും മറ്റു ലഘുലേഖകളും ലഭിച്ചിട്ടുണ്ട് എന്ന് അറിയിച്ചപ്പോൾ എ.ഐ.സി.സി ആസ്ഥാനത്തും അത്തരമൊന്നു ലഭിച്ചു എന്ന വിവരമാണു തിരികെ പറഞ്ഞത്. ഫാമിലി മാറ്റർ എടുക്കേണ്ടതില്ല എന്നായിരുന്നു ഈ വിവരം അറിയിച്ച പി.ജയരാജനോട് ഇന്നത്തെ മുഖ്യമന്ത്രി എന്ന അന്നത്തെ പാർട്ടി സെക്രെട്ടറിയുടെ മറുപടി.

ഒരു വാചകം കൂടെ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

അത് ആദരണീയനായ മുൻ മുഖ്യമന്ത്രി പറഞ്ഞ കൂട്ടർ ആ സമയത്തു ഇവിടെ ഞങ്ങളുടെ നാട്ടിൽ പൊതുവിലും, പ്രത്യേകിച്ച് പുതുപ്പള്ളി പഞ്ചായത്തിലും അച്ചടിച്ച ‘ലഘുലേഖ’ എന്ന് ആത്മകഥയിൽ സൂചിപ്പിച്ചത്, പത്രരൂപത്തിൽ വിതരണം നടത്തിയിരുന്നു. ഞങ്ങളൊക്കെ സ്‌കൂൾ വിദ്യാർത്ഥികളായിരിക്കുന്നു കാലമാണ്. പക്ഷെ ഇപ്പോഴുമോർക്കുന്നു, ഒരല്പമല്ല നിറയെ അന്തസുള്ള അഭിമാനത്തോടെ. തുറന്നു വായിക്കാനും കോപ്പി എടുത്തു വിതരണത്തിനും നിന്നില്ല എന്ന് മാത്രമല്ല നമ്മുടെ നാട്ടിലെ ടോയ്ലറ്റ് പേപ്പറിന്റെ അറപ്പോടെ തള്ളിക്കളഞ്ഞു ഇവിടുത്തെ ഇടതുപക്ഷം അതിനെ. പക്ഷെ അതിനൊക്കെ ആഗ്രഹിച്ച ആളുകൾ പലരും കോൺഗ്രസ് ചേരിയിൽ ഉണ്ടായിരുന്നു. കോൺഗ്രസിന്റെ നേതാവിന്റെ ആത്മകഥയിൽ, അദ്ദേഹം സൂചിപ്പിച്ച വൃത്തികേടുകൾക്കു കൂട്ടുനിൽക്കാത്ത രാഷ്ട്രീയ അന്തസ്സ് പിണറായി വിജയൻ മുതൽ ഇവിടുത്തെ സർവ സാധാരണക്കാരനായ സിപിഐ.എം ന്റെ പാർട്ടി അംഗം വരെയും സ്വീകരിച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ 8 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി എത്തി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. പക്ഷെ മുൻ മുഖ്യമന്ത്രിയെ സംബന്ധിച്ചു വ്യക്തിപരമായ ഒരു വാചകവും അദ്ദേഹം പറഞ്ഞില്ല. 2016 ൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇപ്പോൾ 2023 ഉപതിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒരു വാക്കോ ഒരു വാചകമോ വ്യകതിപരമായതോ തെറ്റായതോ ആയ പരാമർശം നടത്തിയിട്ടില്ല. അതൊരു വലിയ മേന്മ എന്ന നിലയിലല്ല പക്ഷെ അന്തസ്സോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരടിസ്ഥാന മാനകം കാത്തുസൂക്ഷിച്ചു എന്ന നിലയിൽ മാത്രം സൂചിപ്പിച്ചതാണ്.

410 പേജ് നീളുന്ന ആത്മകഥയിൽ പാർട്ടിയാണ് എല്ലാം എന്നൊരു ഭാഗമുണ്ട്,384 ആം പേജിൽ ആരംഭിച്ച ആ ഭാഗം 391 ആം പേജിൽ അദ്ദേഹം അവസാനിപ്പിക്കുന്നത് രണ്ടു വാചകങ്ങളിലാണ് “നേർക്ക് നേരെ നിന്നാണ് പോരാടിയത്.ആരെയും പിന്നിൽ നിന്ന് കുത്തിയിട്ടില്ല.”വിധിയെഴുതാനോ തീർപ്പു കൽപ്പികാനോയില്ല.

പക്ഷെ ആത്മകഥയിലെ 378 ആം പേജിൽ അദ്ദേഹം തന്നെയെഴുതുന്നു

“മല്ലികാർജുന ഖാർഗെയെ കണ്ടതിനു ശേഷം ഞങ്ങൾ രമേശിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. 21 എം.എൽ.എ മാരിൽ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈ കമാന്റിന്റെ മനോഗതം വേറെയായിരുന്നു എന്ന് വ്യക്തമാക്കി കൊണ്ട് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു.”അടുത്ത വരിയിതാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യം നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിൽ ഒരു വിവാദവുമില്ലാതെ ഈ അദ്ധ്യായം അവസാനിപ്പിക്കാമായിരുന്നു.

കെ.പി.സി.സി പ്രസിഡന്റിനെ നിയമിച്ചതിനെ കുറിച്ചുള്ള വാചകവും,378 ആം പേജിൽ തന്നെയെഴുതുന്നു. "എന്റെ അഭിപ്രയം ആരും ആരാഞ്ഞിരുന്നില്ല”. നേർക്ക് നേരെ നിന്നില്ല എന്നഭിപ്രായം കോൺഗ്രസ് നേതൃപദവി ഉള്ളവർക്ക് ഉണ്ടായിരുന്നോ,ആരേലും പിന്നിൽ നിന്ന് കുത്തിയോ..? ആത്മകഥ കഥ പറയട്ടെ!

പുസ്തകം വായിക്കാനുള്ള വെല്ലുവിളിയൊന്നുമല്ല പക്ഷെ വി.കെ.എന്നിന്റെ അധികാരം കത്തിച്ചവർ, അരുന്ധതി റോയിയുടെ ദി ഗ്രെയ്റ്റർ കോമൺ ഗുഡിനു ചിതയൊരുക്കിയവർ, ഇ എം എസ്സിന്റെ സ്വതന്ത്ര്യ സമര ചരിത്രത്തിനു തീയിട്ടവർ നമ്മുടെ മുൻ മുഖ്യമന്ത്രിയുടെ ആത്മകഥയെ വായിക്കുമോ,അതിലെ സത്യങ്ങൾക്കു ഹൃദയത്തിലും പ്രവർത്തിയിലും ഇടം കൊടുക്കുമോ, കാത്തിരുന്ന് കാണാം ..!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OOMMEN CHANDY, JAIK C THOMAS, CONGRESS, CPM, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.